Sun. Sep 22nd, 2024

 

വാഷിംങ്ടണ്‍: യുഎസിലെ തെക്കു കിഴക്കന്‍ സംസ്ഥാനമായ അലബാമയിലെ ബിര്‍മിംഗ്ഹാമില്‍ നടന്ന കൂട്ട വെടിവെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റെന്നും പൊലീസ്.

നഗരത്തിലെ ഫൈവ് പോയിന്റ്‌സ് സൗത്ത് ഏരിയയില്‍ ശനിയാഴ്ച രാത്രി ഒന്നിലധികം ഷൂട്ടര്‍മാര്‍ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ നിരവധി തവണ വെടിയുതിര്‍ത്തതായി ബര്‍മിംഗ്ഹാം പൊലീസ് ഓഫിസര്‍ ട്രൂമാന്‍ ഫിറ്റ്സ് ജെറാള്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. നാലാമത്തെയള്‍ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. വെടിയേറ്റവരില്‍ നാല് പേര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റതായി ജെറാള്‍ഡ് പറഞ്ഞു.

തോക്കുധാരികള്‍ ഇരകളുടെ അടുത്തേക്ക് വന്നത് നടന്നാണോ അതോ വാഹനമോടിച്ചാണോ എന്നത് അന്വേഷിക്കുകയാണെന്നും പ്രതികളെ പിടികൂടാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാത്രി ജീവിതത്തിന് പേരുകേട്ടതാണ് ഫൈവ് പോയിന്റ്‌സ് സൗത്. ധാരാളം ആളുകള്‍ വിനോദത്തിനായി എത്തുന്ന ഇടം കൂടിയാണിത്. ഇവിടുത്തെ മഗ്‌നോളിയ അവന്യൂവിലാണ് വെടിവെപ്പ് നടന്നത്. വെടിയൊച്ചകള്‍ കേട്ടപ്പോള്‍ ഓട്ടോമേറ്റിക് തോക്കില്‍ നിന്നാണെന്ന് തോന്നിയതായി ആ സമയത്ത് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

രാജ്യത്തെ ഗണ്‍ വയലന്‍സ് ആര്‍കൈവില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഇതുവരെ യുഎസിലുടനീളം 400ലധികം കൂട്ട വെടിവെപ്പുകള്‍ നടന്നിട്ടുണ്ട്.