Sun. Nov 3rd, 2024

 

ടെഹ്‌റാന്‍: ഇറാനിലെ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി തൊഴിലാളികള്‍ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മദഞ്ജൂ എന്ന കമ്പനി നടത്തുന്ന ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. ഖനിയിലെ ബി, സി എന്നീ രണ്ട് ബ്ലോക്കുകളില്‍ മീഥെയ്ന്‍ വാതകം ചോര്‍ന്ന് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി, സി എന്നീ രണ്ട് ബ്ലോക്കുകളിലായി 69 പേര്‍ ജോലി ചെയ്തിരുന്നു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പത് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. രാജ്യത്തെ കല്‍ക്കരിയുടെ 76 ശതമാനവും ഈ മേഖലയില്‍ നിന്നാണ് ഖനനം ചെയ്യുന്നത്. എട്ട് മുതല്‍ 10 വരെ വന്‍കിട കമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

‘ബി ബ്ലോക്കിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ബ്ലോക്കിലുണ്ടായിരുന്ന 47 തൊഴിലാളികളില്‍ 30 പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സി ബ്ലോക്കില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും’ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യാ ഗവര്‍ണര്‍ അലി അക്ബര്‍ റഹിമി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

”പരിക്കേറ്റ പതിനേഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, 24 പേരെ ഇപ്പോഴും കാണാനില്ല,” ഇറാന്റെ റെഡ് ക്രസന്റ് മേധാവിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനുമുള്ള എല്ലാ ശ്രമങ്ങളും തുടരാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ ഖനികളില്‍ സംഭവിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2017ല്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ല്‍ രണ്ട് വ്യത്യസ്ത ഖനന സംഭവങ്ങളിലായി 11 തൊഴിലാളികള്‍ കൊല്ലപ്പെട്ടു.