Sat. Jan 18th, 2025

മണ്ണഞ്ചേരി: നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ലെന്നാരോപിച്ച് ജയിൽവകുപ്പു ജീവനക്കാരനെ മർദിച്ച് ക്രിമിനൽ കേസ് പ്രതികൾ. 

വിയ്യൂർ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ടിപി ശ്യാംകുമാറിനെയാണ് പ്രതികൾ മർദിച്ചത്. പാതിരപ്പള്ളി പാട്ടുകളം റെയിൽവേഗേറ്റിനു സമീപം കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. 

രണ്ടുവർഷം മുൻപ് ആലപ്പുഴ ജില്ലാ ജയിലിൽ ശ്യാംകുമാർ ജോലിചെയ്തിരുന്ന സമയം പാതിരപ്പള്ളി സ്വദേശികളായ അനന്തകൃഷ്ണനും വിനുവും കേസിൽപ്പെട്ട് ജയിലിലായി. ഇരുവരും ശ്യാംകുമാറിൻ്റെ അയൽവാസികളുമാണ്. അയൽവാസികളെന്ന പരിഗണന അന്നു നൽകിയില്ലെന്നാരോപിച്ചാണ് മർദിച്ചതെന്ന് ശ്യാംകുമാർ പോലീസിൽ മൊഴി നൽകി. ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങുമ്പോൾ പാതിരപ്പള്ളി പാട്ടുകളം ഭാഗത്ത് പ്രതികൾ ബൈക്ക് തടഞ്ഞ്‌ മർദിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പ്രിൻസിപ്പൽ എസ്ഐ കെ ആർ ബിജു പറഞ്ഞു.