Fri. Jan 3rd, 2025

 

മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു പരാമര്‍ശവുമായി ഷിന്‍ഡെ വിഭാഗം ശിവസേനാ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്. കോണ്‍ഗ്രസിനെ നായ്ക്കള്‍ എന്ന് വിളിച്ച ഗെയ്ക്വാദ്, തന്റെ പരിപാടിയിലേക്ക് കയറി വരുന്ന കോണ്‍ഗ്രസുകാരെ കൊന്നുകുഴിച്ചുമൂടുമെമെന്നും പറഞ്ഞു.

‘എന്റെ പരിപാടിയില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നായ്ക്കള്‍ കടന്നുവരാന്‍ ശ്രമിച്ചാല്‍ അവരെ ഞാന്‍ അവിടെതന്നെ സംസ്‌കരിക്കും’ ഗെയ്ക്വാദ് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെക്കൊപ്പം ഗെയ്ക്വാദ് പങ്കെടുക്കുന്ന പരിപാടിയെ സംബന്ധിച്ചായിരുന്നു പരാമര്‍ശം.

രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ സഞ്ജയ് ഗെയ്ക്വാദാനിനെതിരെ ബുല്‍ദാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. വാര്‍ത്താ സമ്മേളനം വിളിച്ചായിരുന്നു ഭീഷണി.

രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയായിരുന്നു എംഎല്‍എയുടെ ഈ പരാമര്‍ശം. അതേസമയം, രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണിയടക്കം മുഴക്കിയവര്‍ക്കെതിരെ മുതിര്‍ന്ന നേതാവ് അജയ് മാക്കനും അഖിലേന്ത്യ മഹിള കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക ലംബയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.