Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ പാര്‍ട്ടി എംപി സ്വാതി മലിവാളിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് എഎപി. അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സ്വാതി രംഗത്തെത്തിയിരുന്നു.

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നായിരുന്നു സ്വാതിയുടെ വിമര്‍ശനം.

‘ഡല്‍ഹിക്ക് അത്രമേല്‍ ദൗര്‍ഭാഗ്യകരമായ ദിനമാണ് ഇന്ന്. അതിഷിയെ പോലൊരു സ്ത്രീ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകാന്‍ പോകുന്നു. ഭീകരവാദിയായ അഫ്സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ സുദീര്‍ഘപോരാട്ടം നടത്തിയവരാണ് അവരുടെ കുടുംബം.

അയാള്‍ നിരപരാധിയാണെന്നും തൂക്കിലേറ്റരുതെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും പറഞ്ഞ് അവരുടെ മാതാപിതാക്കള്‍ പലവട്ടം രാഷ്ട്രപതിക്ക് ദയാഹര്‍ജികള്‍ സമര്‍പ്പിച്ചു. എത്രമാത്രം തെറ്റാണിത്. ഇന്ന് അതിഷി മുഖ്യമന്ത്രിയാകും. പക്ഷേ നമുക്കെല്ലാം അറിയാം, അവര്‍ ഒരു ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്ന്. എന്നിരുന്നാലും ഇത് ഒരു പ്രധാനപ്പെട്ട വിഷയമാണ്. കാരണം അവര്‍ മുഖ്യമന്ത്രിയാകും.

ഇത് രാജ്യത്തിന്റെയും ഒപ്പം ഡല്‍ഹിയുടെയും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു മുഖ്യമന്ത്രിയില്‍നിന്ന് ഡല്‍ഹിയിലെ ജനങ്ങളെ ദൈവം രക്ഷിക്കട്ടേ’ എന്നായിരുന്നു സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ സ്വാതി പറഞ്ഞത്.

സ്വാതിയുടെ വിമര്‍ശനത്തിന് പിന്നാലെ എഎപിയുടെ മുതിര്‍ന്ന നേതാവ് ദിലീപ് പാണ്ഡേ രംഗത്തെത്തി. എഎപിയുടെ എംപിയായി പാര്‍ലമെന്റില്‍ എത്തിയ സ്വാതി, ബിജെപിയുടെ തിരക്കഥ വായിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘സ്വാതിക്ക് രാജ്യസഭയിലേക്കുള്ള ടിക്കറ്റ് ലഭിച്ചത് എഎപിയില്‍ നിന്നാണ്. എന്നാല്‍ പ്രതികരിക്കാനുള്ള തിരക്കഥ ബിജെപിയില്‍നിന്ന് കൈപ്പറ്റി. അവര്‍ക്ക് അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ രാജ്യസഭ എംപി സ്ഥാനം രാജിവെക്കണം. ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്കുള്ള വഴി കണ്ടെത്തണം. അവര്‍ രാജ്യസഭയിലിരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ ബിജെപിയില്‍നിന്ന് ടിക്കറ്റ് സ്വീകരിക്കണം’, പാണ്ഡേ പറഞ്ഞു.