Tue. Oct 8th, 2024

 

ഹുലുന്‍ബുയര്‍: എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ കീഴടക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണിത്. ആദ്യമായി ഫൈനല്‍ കളിക്കാനിറങ്ങിയ ചൈന നിരാശയോടെ മടങ്ങി.

കൗണ്ടര്‍ അറ്റാക്കുകളുമായി ചൈന ആദ്യ ക്വാര്‍ട്ടറില്‍ കളം നിറഞ്ഞു. മറുവശത്ത് ഇന്ത്യയ്ക്ക് ലഭിച്ച രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ മുതലാക്കാനായില്ല. ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഉണര്‍ന്നുകളിച്ച ഇന്ത്യ, ചൈനീസ് ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ ചൈനീസ് പ്രതിരോധം ശക്തമായി നിന്നതോടെ ഗോള്‍ശ്രമം വിഫലമായി.

പൊസഷനില്‍ മുന്നിട്ടുനിന്നെങ്കിലും ഇന്ത്യയ്ക്ക് ഗോള്‍ നേടാനായില്ല. രണ്ടാം ക്വാര്‍ട്ടറും ഗോള്‍രഹിതമായാണ് അവസാനിച്ചത്. ആദ്യ പകുതിയില്‍ നാല് പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ചൈനയ്ക്ക് ഒന്നും. എന്നാല്‍ ടീമുകള്‍ക്ക് ഇത് ലക്ഷ്യത്തിലെത്തിക്കാനായില്ല. മൂന്നാം ക്വാര്‍ട്ടറിലും സമാനമായിരുന്നു. നിരവധി അവസരങ്ങള്‍ ഇരുടീമുകളും സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

നാലാം ക്വാര്‍ട്ടറില്‍ ജയത്തിനായി ആക്രമിച്ചുകളിച്ച ഇന്ത്യ 51-ാം മിനിറ്റില്‍ മുന്നിലെത്തി. ജുഗ്രാജ് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. പിന്നാലെ തിരിച്ചടിക്കാനുള്ള ചൈനീസ് ശ്രമങ്ങളെ വിദഗ്ധമായി പ്രതിരോധിച്ചതോടെ ഇന്ത്യ കിരീടത്തോടെ മടങ്ങി.