Sun. Nov 24th, 2024

 

ന്യൂഡല്‍ഹി: ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെ പൂജയില്‍ പങ്കെടുത്തതില്‍ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ ഗണപതി പൂജയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണെന്നും ഗണേശ പൂജയില്‍ എല്ലാവരും പങ്കെടുക്കാറുണ്ടെന്നും മോദി പറഞ്ഞു. ഭുവനേശ്വറിലെ ഒരു പരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന.

സമൂഹത്തെ വിഭജിക്കുന്നവരാണ് ഗണേശ പൂജയെ എതിര്‍ക്കുന്നതെന്നും അധികാരത്തോട് ആര്‍ത്തിയുള്ളവര്‍ക്കാണ് ഗണേശ പൂജ പ്രശ്‌നമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ബ്രിട്ടീഷുകാരുടെ കാലത്ത് ഗണേശോത്സവവുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. അതുതന്നെയാണ് ഇപ്പോള്‍ കാണുന്നത്. ഇന്നും സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗണേശോത്സവത്തില്‍ പ്രശ്നങ്ങളുണ്ട്. ഞാന്‍ ഗണേശ പൂജയില്‍ പങ്കെടുത്തതിനാല്‍ കോണ്‍ഗ്രസ് നിരാശയിലാണ്’, മോദി പറഞ്ഞു.

‘ഗണേഷ് ഉത്സവം ഞങ്ങള്‍ക്ക് വിശ്വാസത്തിന്റെ മാത്രം കാര്യമല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍, ലോക് മാന്യ തിലക് ഗണേശ പൂജയിലൂടെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചു. ഇന്നും ഗണേശപൂജ ഉണ്ടാകുമ്പോള്‍ എല്ലാ സമുദായത്തില്‍പ്പെട്ടവരും അതില്‍ പങ്കുചേരുന്നു.’, മോദി കൂട്ടിച്ചേര്‍ത്തു.

ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ നടന്ന ഗണേശ പൂജയില്‍ മോദി പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുകയായിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ പ്രതികരണമാണ് നടത്തിയിരുന്നത്. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.