തിരുവനന്തപുരം: തൃശൂരില്‍ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂരം കലക്കിയെന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കുക എന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യമായിരുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു.
‘വിശ്വാസം, ആചാരം എന്നൊക്കെ പറഞ്ഞ് ഹിന്ദുക്കളെ കബളിപ്പിച്ചാണ് ബിജെപി തൃശൂരില്‍ ഉത്സവം കലക്കി നേട്ടമുണ്ടാക്കിയത്. ഇവരുടെയൊക്കെ തനിനിറം വെളിവായിരിക്കുന്നു. വിശ്വസ്തരായ ഉദ്യോഗസ്ഥരെ അയച്ചാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ ശരിയാക്കിയത്. മുഖ്യമന്ത്രി ഇതിനു മുമ്പും പൊലീസിനെ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.’, വിഡി സതീശന്‍ ആരോപിച്ചു.
തൃശൂരില്‍ കുഴപ്പമുണ്ടാക്കിയ കമ്മീഷണറെ നീക്കി എന്ന് പറഞ്ഞാണ് സര്‍ക്കാര്‍ കൈകഴുകുന്നത്. ആ സമയത്ത് എഡിജിപി തൃശൂരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കമ്മീഷണറോട് വിശദീകരണം തേടാന്‍ എഡിജിപി തയ്യാറായില്ല. രാഷ്ട്രീയ ദൗത്യവുമായാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതെന്നും സതീശന്‍ ആരോപിച്ചു.
എഡിജിപി ഔദ്യോഗിക ജോലിയുടെ ഭാഗമായി ആര്‍എസ്എസിനെ കാണുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.