ചണ്ഡീഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു. കഴിഞ്ഞ 27ന് ചര്‍ഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ സാബിര്‍ മാലിക്കാണ് കൊല്ലപ്പെട്ടത്.
ആക്രിത്തൊഴിലാളിയായ സാബിറിനെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കാനുണ്ടെന്ന വ്യാജേന ഒരു കടയിലേക്ക് വിളിച്ചുവരുത്തിയശേഷം പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. സമീപവാസികള്‍ ഇടപെട്ടതോടെ സാബിറിനെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊല്ലപ്പെടുത്തുകയായിരുന്നു. സാബിറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും മര്‍ദ്ദനമേറ്റു.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരടക്കം ഏഴു ഗോരക്ഷാ ഗുണ്ടകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, ഹരിയാനയില്‍ ഗോരക്ഷാ ഗുണ്ടകളുടെ നേതൃത്വത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്.
2023 ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് മുസ്ലിം യുവാക്കളെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി ഗോരക്ഷാ ഗുണ്ടകള്‍ കാറിനുള്ളിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയിരുന്നു. നാസിര്‍ (25), ജുനൈദ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലോഹരു പട്ടണത്തിന് സമീപം കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊലപാതകത്തില്‍ ബജ്റങ്ദള്‍ നേതാവും ഗോരക്ഷാ സേനാ തലവനുമായ മോഹിത് യാദവ് എന്ന മോനു മനേസര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ഗോമാംസം കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ ട്രെയിന്‍ യാത്രക്കാരനായ വയോധികനെ മര്‍ദ്ദിച്ചു. അഷ്റഫ് അലി സയ്യിദ് ഹുസൈന്‍ എന്ന 72കാരനെയാണ് സഹയാത്രികരായ ഒരുകൂട്ടം യുവാക്കള്‍ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
ദൂലെ-സിഎംഎസ്ടി എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ജല്‍ഗാവ് സ്വദേശിയായ അഷ്റഫ് അലി സയ്യിദ് ഹുസൈന്‍ കല്യാണിലുള്ള മകളെ കാണാന്‍ പുറപ്പെട്ടതായിരുന്നു. ട്രെയിന്‍ നാസിക് റോഡ് സ്റ്റേഷനിലെത്തിയതിന് പിന്നാലെ ഏതാനും യുവാക്കള്‍ സീറ്റിന്റെ പേരില്‍ ഇദ്ദേഹവുമായി തര്‍ക്കത്തിലായി. അഷ്റഫ് അലി രണ്ട് ഭരണികളില്‍ മാംസം കരുതിയിരുന്നു. ഇത് ഗോമാംസമാണെന്ന് ആരോപിച്ച് യുവാക്കള്‍ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
അഷ്റഫ് അലി സയ്യിദ് ഹുസൈന്റെ കയ്യിലുണ്ടായിരുന്നത് ഗോമാംസമല്ലെന്നും പോത്തിറച്ചിയാണെന്നും പൊലീസ് അറിയിച്ചു. പോത്തിറച്ചിക്ക് നിരോധനമില്ല. വിഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.