Thu. Sep 19th, 2024

തിരുവനന്തപുരം: ആരോപണത്തിൻ്റെ പേരിൽ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയെടുക്കാനാകില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 

നടി രേഖാ മൂലം പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി ആലോചിക്കുമെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നു രഞ്ജിത്തിനെ മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. 

‘ഒരു റിപ്പോർട്ടിൽ ആരോപണമോ ആക്ഷേപമോ വന്നാൽ കേസെടുക്കാൻ സാധിക്കില്ല. സുപ്രീം കോടതിയടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരാതി തന്നാൽ ഇക്കാര്യത്തിൽ സർക്കാരിൻ്റെ ഭാ​ഗത്തു നിന്നു ഒരു വിട്ടുവീഴ്ചയമുണ്ടാകില്ല. പരാതിയുമായി ആരെങ്കിലും വന്നാൽ അതിലെ വസ്തുത പരിശോധിക്കേണ്ടത് പോലീസും ബന്ധപ്പെട്ട നിയമ വകുപ്പുകളുമാണ്.’ 

‘ഏതെങ്കിലും ഒരാൾ ആരെയെങ്കിലും പറ്റി ആക്ഷേപം ഉന്നയിച്ചാൽ കേസെടുക്കാൻ സാധിക്കുമോ. അങ്ങനെ ഏതെങ്കിലുമൊരു കേസ് കേരളത്തിൽ നിലനിന്നിട്ടുണ്ടോ. അത്തരത്തിൽ കേസെടുക്കാൻ നിലനിൽക്കില്ലെന്നു സുപ്രീം കോടതി പല ഘട്ടങ്ങളിൽ പറഞ്ഞിട്ടുണ്ട്.’

‘ആർക്ക് ആരെക്കുറിച്ചാണോ പരാതിയുള്ള അവർക്ക് രേഖാമൂലം അതു നൽകട്ടെ. അവർ പരാതി ഉന്നയിച്ച സ്ഥിതിക്കു ഇനി പരാതി നൽകുന്നതിനു ബുദ്ധിമുട്ടില്ല. പരാതി തന്നാൽ നിയമാനുസൃതം നടപടിയെടുക്കും. ആക്ഷേപം രഞ്ജിത്ത് നിഷേധിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ അതു പരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്.’ 

‘ഏതെങ്കിലും കാരണത്താൽ അദ്ദേഹം നിരപരാധിയാണെന്നു വന്നാൽ എന്തു ചെയ്യും. അ​ദ്ദേഹം ആരോപണം നിഷേധിച്ചു. അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മികച്ച കലാകാരനാണ്. അദ്ദേഹത്തിന്റെ സൈറ്റിലാണ് ഈ വിഷയം നടന്നതെന്നു പറയുന്നു. അപ്പോൾ അദ്ദേഹത്തിനൊപ്പം സഹ പ്രവർത്തരുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.’ ‘ഒരാൾ ആകാശത്തു നിന്ന് ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ സാധിക്കുമോ. സർക്കാർ ഇരകൾക്കൊപ്പമാണ്. അതിൽ വിട്ടുവീഴ്ചയില്ല. നടപടി എടുക്കണമെങ്കിൽ രേഖാമൂലം പരാതി വേണം’,  മന്ത്രി വ്യക്തമാക്കി.