Tue. Oct 8th, 2024

 

കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്. ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു.

‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ”അമ്മ” യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ. വിശ്വസ്തതയോടെ, സിദ്ദിഖ്’, എന്നാണ് രാജികത്തിലുള്ളത്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് സിദ്ദിഖ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി യുവനടി രംഗത്തെത്തിയിരുന്നു. സിനിമയില്‍ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്. മുന്‍പ് ഇതു പറഞ്ഞപ്പോള്‍ ആരും ഒപ്പം നിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.

‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്.

സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം.

ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

2019-ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍നിന്നുതന്നെ മാറ്റിനിര്‍ത്തി. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നത്’, നടി മാധ്യമങ്ങളോട് പറഞ്ഞു.