Wed. Jan 22nd, 2025

അപേക്ഷാ ഫോമിനായി ചെല്ലുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വളരെ വ്യത്യസ്തവും ബാലിശവും മോശപ്പെട്ടതുമായ അനുഭവങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ചത്

ദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി വയനാട് ജില്ലയിലെ പ്രൈമറി സ്‌കൂളുകളില്‍ 2017-18 അധ്യായന വര്‍ഷം നടപ്പാക്കിയ പദ്ധതിയാണ് ഗോത്രബന്ധു. ജില്ലയിലെ പ്രൈമറി ക്ലാസുകളുള്ള 241 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പിന്നാക്ക ഗോത്ര വിഭാഗങ്ങളായ അടിയ, പണിയ, ഊരാളി, കാട്ടുനായ്ക്ക എന്നീ സമുദായങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ആദിവാസികളെ തന്നെ അധ്യാപകരായി നിയമിച്ചാണ് പദ്ധതി നടപ്പാക്കിയത്.

വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നാക്ക ഗോത്രം ഏതാണോ ആ വിഭാഗത്തില്‍ നിന്നും നിശ്ചിത യോഗ്യതയുള്ളവരെയാണ് മെന്റര്‍ ടീച്ചര്‍മാരായി നിയമിക്കേണ്ടത്. ഗോത്ര ഭാഷ, സംസ്‌ക്കാരം, ഗോത്ര കല തുടങ്ങിയവയിലെ പ്രവീണ്യം അധിക യോഗ്യതയായി പരിഗണിക്കും.

ആദിവാസി കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കുക, കൊഴിഞ്ഞുപോക്ക് തടയുക, ഊരും സ്‌കൂളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയാണ് മെന്റര്‍ ടീച്ചര്‍ എന്ന തസ്തികയില്‍ നിയമിതരാവുന്ന ടീച്ചര്‍മാരുടെ പ്രധാന ചുമതലകള്‍. ഗോത്ര ഭാഷയില്‍ നിന്നും മലയാള ഭാഷയിലേയ്ക്ക് മാറേണ്ടി വരുന്ന കുട്ടികളുടെ ഭാഷാ പ്രശ്‌നം പരിഹരിക്കുകയും അതുവഴി കൊഴിഞ്ഞുപോക്ക് തടയുകയുമാണ് ടീച്ചര്‍മാര്‍ ചെയ്യുന്നത്.

പട്ടിക വര്‍ഗ വികസന വകുപ്പ് മുഖേനയാണ് ഗോത്രബന്ധു അദ്ധ്യാപകരെ നിയമിക്കുക. 2017 ലെ ഗോത്രബന്ധു നിയമനത്തിന് ശേഷം കാര്യമായ നിയമങ്ങള്‍ പിന്നീട് നടന്നിട്ടില്ല. പദ്ധതി നടപ്പാക്കുമ്പോള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ പഠിച്ച അടിയ, പണിയ, കാടുനായ്ക്ക, ഊരാളി ഉദ്യോഗാര്‍ഥികള്‍ കുറവായതിനാല്‍ കുറുമര്‍, കുറിച്യര്‍ പോലെയുള്ള സമുദായങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ വെച്ചാണ് ഒഴിവുകള്‍ നികത്തിയത്.

2017ലെ ഗോത്രബന്ധു നിയമനത്തിന് ശേഷം 2019-20 വര്‍ഷത്തില്‍ വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ ഗോത്രബന്ധു നിയമനമായി വിജ്ഞാപനം പുറപെടുവിച്ചിരുന്നു.

ഈ മാസം ഏഴാം തീയതി കല്‍പ്പറ്റ ഐറ്റിഡിപി പ്രോജക്ട് ഓഫീസറുടെ ഒപ്പോടുകൂടി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രൈമറി വിഭാഗത്തില്‍ പട്ടിക വര്‍ഗ വികസന വകുപ്പ് മുഖേന ഗോത്രബന്ധു തസ്തികയിലേക്ക് അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ ടിടിസി, ഡിഎഡ്, ഡിഎല്‍എഡ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ വിജ്ഞാപനം വകുപ്പ് പിന്‍വലിച്ചു.

വിജ്ഞാപനം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചത് മൂലം നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ ട്രൈബല്‍ വകുപ്പിന്റെ വിവിധ താലൂക്ക് ഓഫീസുകളില്‍ ഇതിന്റെ അപേക്ഷ ഫോമിനായി ബന്ധപ്പെട്ടിരുന്നു. അപേക്ഷാ ഫോമിനായി ചെല്ലുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വളരെ വ്യത്യസ്തവും ബാലിശവും മോശപ്പെട്ടതുമായ അനുഭവങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ചത്.

‘വയനാട് ജില്ലയില്‍ ഗോത്രബന്ധു പദ്ധതി എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നത് ഇപ്പോഴും ചോദ്യ ചിഹ്നമായി നിലനില്‍ക്കുന്ന കാര്യമാണ്. അതിന്റെ പ്രധാന കാരണം കഴിവുള്ള ഒരുപറ്റം ഉദ്യോഗാര്‍ഥികളെ പുറത്തുനിര്‍ത്തി നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ രാഷ്ട്രീയ പിന്‍ബലത്തോടെയാണ് ജോലി ചെയ്യുന്നത്.

പ്രൈമറി ക്ലാസ്സുകളില്‍ മാത്രമാണ് അധ്യാപകരെ നിയമിച്ചിട്ടുള്ളത്. എന്നാല്‍ പ്രൈമറി തലങ്ങളിലെ കൊഴിഞ്ഞു പോക്ക് തടയാന്‍ തസ്തിക കൊണ്ട് സാധിച്ചിട്ടില്ല. കൂടാതെ ഏറ്റവും കൂടുതല്‍ കൊഴിഞ്ഞു പോക്ക് നടക്കുന്നത് ഹൈസ്‌കൂള്‍ തലത്തിലാണ്.

ഇവിടെയൊന്നും ഗോത്രബന്ധു അധ്യാപകരെ പ്രയോജനപ്പെടുത്തി നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വകുപ്പ് വഴി വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല. അധ്യാപകര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടുകളാക്കി വകുപ്പിലേക്ക് സമര്‍പ്പിച്ചിട്ടും ഇല്ല. ഓരോ ഗോത്ര ബന്ധു അധ്യാപകരും കോളനികളിലും വിദ്യാലയങ്ങളിലും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുന്നത് എന്ന് വകുപ്പിനുപോലും അറിയില്ല.

വയനാടിന്റെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനായി കലക്ടര്‍ നേരിട്ട് ഇടപെട്ട് നിലവില്‍ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിലെ യോഗ്യതയുള്ള അധ്യാപകരെ നിലനിര്‍ത്തി ബാക്കി വരുന്ന ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണം. ഈ ഒഴിവുകളിലേയ്ക്ക് യോഗ്യരായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, വെട്ടുകുറുമ വിഭാഗക്കാരെ പരിഗണിച്ച് അവരുടെ അഭാവത്തില്‍ മറ്റുള്ള സമുദായക്കാരെയും പരിഗണിക്കണിക്കാം.’, ഉദ്യോഗാര്‍ഥികള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഗോത്രബന്ധു തസ്തിക പ്രൈമറി വിഭാഗത്തില്‍ മാത്രമല്ലാതെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തിലേയ്ക്ക് നീട്ടാനും നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗാര്‍ഥികള്‍ കളക്ടര്‍, ഐറ്റഡിപി പ്രൊജക്റ്റ് ഓഫീസര്‍, മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മണികുട്ടന്‍ പണിയന്‍ Screengrab, Copyright: Facebook

‘2017ല്‍ അടിയ, പണിയ, കാട്ടുനായ്ക്ക സമുദായത്തിലെ അധ്യാപകര്‍ കുറവായതുകൊണ്ടും, ഏകദേശം 240 ഒഴിവുകള്‍ ഉള്ളതുകൊണ്ടും ടിടിസി, ടിഎഡ് പോലെയുള്ള കോഴ്‌സുകള്‍ കഴിഞ്ഞ ഉദ്യോഗാര്‍ഥികളെ പരിഗണിച്ചതിന് ശേഷം കുറിച്ച്യ, കുറുമ പോലെയുള്ള കമ്മ്യൂണിറ്റികളിലെ ടിടിസി, ഡിഎല്‍എഡ് കഴിഞ്ഞ ഉദ്യോഗാര്‍ഥികളെ കൂടി നിയമിച്ചിരുന്നു. എന്നിട്ടും വേക്കന്‍സി ഉണ്ടായതുകൊണ്ട് ടിടിസിയ്ക്ക് തോറ്റുപോയവരെ നിയമിച്ചിരുന്നു. അതിന് ശേഷം തോറ്റുപോയ വിഷയങ്ങള്‍ എഴുതി എടുക്കാനുള്ള കാലാവധിയും അനുവദിച്ചിരുന്നു.

2017 ന് ശേഷം വേറൊരു നോട്ടിഫിക്കേഷന്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ 2017 ന് ശേഷം ടിഡിസി, ടിഎഡ്, ഡിഎല്‍എഡ് പോലെയുള്ള കോഴ്‌സ് പഠിച്ചിറങ്ങിയ അടിയ, പണിയ, കാട്ടുനായ്ക്ക ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ പറ്റാതാവുകയും അവര്‍ ഈ സിസ്റ്റത്തിന് പുറത്തുനില്‍ക്കുകയുമാണ്.

ഓഗസ്റ്റ് ഏഴാം തീയതി ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ അടിയ, പണിയ, കാട്ടുനായ്ക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി കിട്ടാവുന്ന വിജ്ഞാപനം ആയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കൊണ്ട് ആ വിജ്ഞാപനം പിന്‍വലിച്ചു. ഇതിനകത്ത് കൃത്യമായും രാഷ്ട്രീയമുണ്ട്.

വയനാട് ജില്ലയിലെ രാഷ്ട്രീയ നേതാക്കളോട് സംസരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത്, നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകരെ നിലനിര്‍ത്തി കൊണ്ട് ബാക്കിയുള്ള ഒഴിവുകളിലേയ്ക്ക് മാത്രമേ ഇനി അപേക്ഷ വിളിക്കൂ എന്നുള്ളതാണ്. അങ്ങനെ വന്നാല്‍ ഈ പദ്ധതിയുടെ സ്ഥാപിത ലക്ഷ്യം തന്നെ താറുമാറാവും.

240 സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും അടിയ, പണിയ കാട്ടുനായ്ക്ക സമുദായത്തില്‍ നിന്നുള്ളവരല്ല. മറ്റു വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഈ ജോലിക്ക് അപേക്ഷിക്കാന്‍ പറ്റാതെ നില്‍ക്കുന്ന യോഗ്യതയുള്ള, ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്ന അടിയ, പണിയ, കാട്ടുനായ്ക്ക ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്.

നിലവില്‍ ജോലി ചെയ്യുന്ന അടിയ, പണിയ, കാട്ടുനായ്ക്ക പോലെയുള്ള സമുദായത്തിലെ അധ്യാപകരെ നിലനിര്‍ത്തുകയും പുതിയതായി അടിയ, പണിയ, കാട്ടുനായ്ക്ക അധ്യാപകരുടെ അപേക്ഷ വിളിക്കുകയും ചെയ്യുക. എന്നിട്ട് വേക്കന്‍സി ഉണ്ടെങ്കില്‍ മറ്റു ഇതര ആദിവാസി സമുദായങ്ങളിലെ ഉദ്യോഗാര്‍ഥികളെ കൂടി പരിഗണിക്കുക. അങ്ങനെ എങ്കില്‍ മാത്രമേ ഈ പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തിയാകൂ.’, ആദിശക്തി സമ്മര്‍ സ്‌കൂള്‍ കോഡിനേറ്റര്‍ മണിക്കുട്ടന്‍ പണിയന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

‘നിലവില്‍ ഈ പോസ്റ്റില്‍ കൂടുതലായും ജോലി ചെയ്യുന്നത് കുറുമ, കുറിച്ച്യ വിഭാഗക്കാരാണ്. എന്നെ പോലെയുള്ള ആളുകള്‍ ഇത്രയും പഠിച്ചിട്ടും ആ നിയമനത്തിലെയ്ക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ല. കുറുമ, കുറിച്ച്യ വിഭാഗക്കാരെ മാറ്റി, ജോലി ഇല്ലാതെ ഇരിക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരെ ഗോത്ര ബന്ധു നിയമനത്തെിലേയ്ക്ക് പരിഗണിക്കണം. ബാക്കിയുള്ള ഒഴിവുകളിലേയ്ക്ക് പദ്ധതിയുടെ ആദ്യ കാലങ്ങളില്‍ നിയമനം നേടിയ കുറുമ, കുറിച്ച്യ വിഭാഗക്കാരെ പരിഗണിക്കാതെ ഇതേ കമ്മ്യൂണിറ്റികളില്‍ നിന്നുള്ള ജോലിയില്ലാത്ത ഉദ്യോഗാര്‍ഥികളെ നിയമിക്കണം. എല്ലാവര്‍ക്കും അവസരം കിട്ടണമല്ലോ.

ഗോത്രബന്ധു പദ്ധതി നടപ്പാക്കിയിരിക്കുന്നത് സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്കും ഭാഷാ പ്രശ്‌നങ്ങളും മനസ്സിലാക്കി ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ്. 2017ല്‍ നിയമനം നേടിയവരാണ് ഇന്നും ഈ ജോലിയില്‍ തുടരുന്നത്. താല്‍ക്കാലിക നിയമനം ആയതിനാല്‍ അഞ്ചു വര്‍ഷമാണ് കാലാവധി.

അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുതിയ നിയമനം നടന്നില്ല. എന്നാല്‍ ഈ മാസം ഏഴാം തീയതി പുതിയ ഗോത്രബന്ധു മെന്റര്‍ അധ്യാപകരെ നിയമിക്കുന്നു എന്ന നോട്ടിഫിക്കേഷന്‍ വന്നു. ഈ ജോലി കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.

എട്ടാം തീയതി അതാതു താലൂക്കുകളിലെ ട്രൈബല്‍ ഓഫീസുകളില്‍ പോയി അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് നിയമനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നാണ്. ഐറ്റിഡിപി ഓഫീസില്‍ ചെന്നപ്പോള്‍ പറഞ്ഞത് പത്രത്തില്‍ വന്നാല്‍ മാത്രമാണ് ഔദ്യോഗിക വിജ്ഞാപനമായി പരിഗണിക്കുകയുള്ളൂ എന്നാണ്.

പ്രകൃതി എന്‍വി Screengrab, Copyright: Facebook

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാഹചര്യം ആയതിനാല്‍ എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണെന്നാണ് പറയുന്നത്. അതായത് ഞങ്ങള്‍ക്ക് ഉത്തരം തരേണ്ട ബ്ലോക്ക് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും ക്യാമ്പുകളില്‍ ആണെന്നാണ് പറയുന്നത്. ഞങ്ങള്‍ക്ക് ഉത്തരം തരാതെ ഇവരൊക്കെ ഓടി ഒളിക്കുകയാണ് എന്നല്ലേ മനസ്സിലാക്കേണ്ടത്.

ഇതിനുമുമ്പ് ഒരുപാട് തവണ ട്രൈബല്‍ ഓഫീസുകളില്‍ പോയി അന്വേഷിച്ചിരുന്നു. അപ്പോഴൊക്കെ പറഞ്ഞത് അടുത്ത മാര്‍ച്ചില്‍ വിളിക്കാം എന്നായിരുന്നു. ഒരുപാട് മാര്‍ച്ച് മാസം ഇപ്പോള്‍ കടന്നുപോയി. 2018, 2019 വര്‍ഷങ്ങളില്‍ ട്രെയിനിംഗ് കൊടുക്കാതെയാണ് മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചിട്ടുള്ളത്. യാതൊരു ട്രെയിനിംഗും നിര്‍ദേശങ്ങളും കൊടുക്കാതെ ഒരു പ്രഹസനം പോലെ ഇങ്ങനെ നിയമിച്ചിട്ടും കാര്യമില്ലല്ലോ.

നിലവില്‍ ഒരു സ്‌കൂളില്‍ ഒരു മെന്റര്‍ ടീച്ചര്‍ എന്നാണ് കണക്ക്. യഥാര്‍ത്ഥത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഓരോ ടീച്ചര്‍മാരെ വീതം നിയമിക്കണം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് എല്‍പി വിഭാഗത്തില്‍ നിന്നാണ് എന്ന് പറയുമ്പോഴും ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലും കൊഴിഞ്ഞുപോക്ക് കൂടുതലാണ്.

സ്‌കൂളുകള്‍ നൂറു ശതമാനം വിജയം ലക്ഷ്യമിട്ട് സ്‌കൈബിനെ വെച്ച് പരീക്ഷ എഴുതിക്കുന്ന സാഹചര്യമുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്ക് പത്താം ക്ലാസ് പാസായാലും എഴുതാനും വായിക്കാനും അറിയാത്ത അവസ്ഥയാണ്. ഈ കുട്ടികള്‍ ഉയര്‍ന്ന ക്ലാസുകളിലെയ്ക്ക് പഠിക്കാന്‍ പോകുമ്പോള്‍ പഠിപ്പിക്കുന്നത് ഒന്നും ഇവര്‍ക്ക് മനസിലാവില്ല. തല്‍ഫലമായി കൊഴിഞ്ഞുപോക്ക് ഉണ്ടാവുന്നു. എഴുതാനും വായിക്കാനും അറിഞ്ഞാലല്ലേ പഠിക്കാന്‍ പറ്റൂ.

അടിയ, പണിയ, കാട്ടുനായ്ക്ക കമ്മ്യൂണിറ്റികളിലെ നൂറോളം ഉദ്യോഗാര്‍ഥികള്‍ നിലവില്‍ ഈ ജോലിക്കായി അപേക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ബാക്കി വരുന്ന ഒഴിവുകളില്‍ ഇവര്‍ക്ക് കുറുമ, കുറിച്ച്യ വിഭാഗക്കാരെ നിയമിക്കാമല്ലോ?

ഓരോ ആദിവാസി കമ്മ്യൂണിറ്റികള്‍ക്കും ഓരോ ഭാഷയാണ്. കുറിച്ച്യ, കുറുമ മെന്റര്‍ അധ്യാപകരാണ് കൂടുതല്‍ വരുന്നതെങ്കില്‍ അടിയ, പണിയ, കാട്ടുനായ്ക്ക കമ്മ്യൂണിറ്റികളിലെ കുട്ടികളുമായി സംവദിക്കാന്‍ കഴിയില്ല. കാരണം പല ടീച്ചര്‍മാര്‍ക്കും എല്ലാവരുടെയും ഭാഷ അറിയണം എന്നില്ല.

ആദിവാസികളുടെ കലകളും ആദിവാസി ഡേയും ഒന്നും ആഘോഷിച്ചാല്‍ മാത്രം പോരാ. പ്രഭാത ഭക്ഷണം കൊടുത്തത് കൊണ്ടൊന്നും ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയില്ല. ക്ലാസില്‍ ടീച്ചര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ വിദ്യാര്‍ഥിയ്ക്ക് കഴിയണമെങ്കില്‍ അവരുടെ ഭാഷയില്‍ കൂടി പടിപ്പിച്ചേ മതിയാകൂ. അതിന് വേണ്ടി മെന്റര്‍ ടീച്ചര്‍മാരുടെ നിയമനം കൃത്യമായി നടത്തണം.’, ഗോത്രബന്ധു പദ്ധതിയില്‍ അവസരം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥി  പ്രകൃതി എന്‍വി വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

എന്താണ് ഗോത്രബന്ധു പദ്ധതി?

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി വയനാട് ജില്ലയിലെ പ്രൈമറി സ്‌കൂളുകളില്‍ 2017-18 അധ്യായന വര്‍ഷം നടപ്പാക്കിയ പദ്ധതിയാണ് ഗോത്രബന്ധു.

ആരാണ് പണിയര്‍?

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി ഗോത്ര വിഭാഗമാണ്‌ പണിയർ. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി മലകളിലും കർണ്ണാടകത്തിലും കുടകിലും പണിയർ അധിവസിക്കുന്നുണ്ട്.

ആരാണ് അടിയര്‍?

വയനാട് ജില്ലയിൽ കാണപ്പെടുന്ന ആദിവാസി ഗോത്ര വിഭാഗമാണ്‌ അടിയർ. അടിമ എന്നാണ് അടിയൻ എന്ന വാക്കിന്റെ അർത്ഥം. ഇവരുടെ പ്രധാന തൊഴിൽ കൃഷിയാണ്.

Quotes

“ജീവിതത്തിൽ പല തോൽവികളും നേരിടേണ്ടിവരും, പക്ഷേ ഒരിക്കലും നിങ്ങളെ തോൽക്കാൻ അനുവദിക്കരുത്- മായ ആഞ്ചലോ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.