Sat. Sep 14th, 2024

സ്ത്രീ പങ്കാളിത്തം തൊഴില്‍ മേഖലയില്‍ കുറയുന്നതിന്റെ കാരണങ്ങള്‍ തേടുമ്പോഴാണ് ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തിലെ കടുത്ത സ്ത്രീ വിരുദ്ധത വ്യക്തമാവുന്നത്

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളീയ സമൂഹത്തില്‍ ഞാട്ടലുണ്ടാക്കിയോ?. എന്തായാലും സ്ത്രീകള്‍ ഞെട്ടാന്‍ സാധ്യത കുറവാണ്. കാരണം കുടുംബം, വീട്, തൊഴിലിടങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി ഇടപെടുന്ന എല്ലാ മേഖലകളില്‍ നിന്നും ഒരു സ്ത്രീ നേരിടേണ്ടി വരുന്ന പാട്രിയാര്‍ക്കിയുടെ അതേ വേര്‍ഷന്‍സ് ആണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പറയുന്നത്.

പണം കൊണ്ടും പ്രശസ്തി കൊണ്ടും ഗ്ലാമര്‍ കൊണ്ടും മായികവലയം തീര്‍ക്കുന്ന സിനിമ എന്ന വ്യാവസായിക മേഖലയില്‍ സ്ത്രീകള്‍ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയര്‍ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങള്‍ പുറത്തുപറയാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വരെ സിനിമയുടെ പേരില്‍ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മിറ്റി പറയുന്നത്. അറുപതോളം പേജുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.

കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും അവര്‍ക്ക് സിനിമയില്‍ എന്തും ചെയ്യാന്‍ സാധിക്കുമെന്നും അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിര്‍മ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയില്‍ നിന്നും വിലക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാള സിനിമാ മേഖലയെ അടിമുടി അടക്കി ഭരിക്കുന്നത് ആണധികാരമേല്‍ക്കോയ്മയുടെ സ്റ്റാര്‍ഡം ആണെന്ന വ്യക്തമായ സൂചനയാണ് 233 പേജുള്ള റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളില്‍ ഉടനീളമുള്ളത്.

‘സിനിമയിലെ സ്ത്രീകള്‍ക്ക് തനിച്ച് തൊഴിലിടങ്ങളിലേക്കു പോകാന്‍ പേടിയാണ്. കാരണം, സിനിമയിലുള്ളവരുടെ നോട്ടം സെക്സിലേക്കു മാത്രമാണ്. ‘അവസരം വേണമെങ്കില്‍ വഴങ്ങണം’ എന്നു പറയും. അല്ലാത്തവര്‍ക്ക് അവസരം നിഷേധിക്കും. ലൈംഗികമായി സമ്മതം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കുമാത്രം നല്ല ഭക്ഷണം പോലും നല്‍കുന്ന സ്ഥിതിയുണ്ട്. അതിക്രമം കാട്ടിയവരില്‍ പലരും ഉന്നതരാണ്.

ജസ്റ്റിസ് ഹേമ

ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് കോടതിയിലോ പോലീസിനോ മുമ്പാകെ പരാതി ഉന്നയിച്ചാല്‍ ജീവന് ഭീഷണിയുള്‍പ്പെടെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ജീവന് ഭീഷണിയുണ്ടാകുന്നത് ഇരകള്‍ക്കെതിരെ മാത്രമല്ല, അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ പോലും അപകടത്തിലാകും.

പരാതി പറയാന്‍ വായ തുറന്നാല്‍ എന്ത് നേരിടേണ്ടിവരുമെന്ന് പ്രവചിക്കാന്‍ പോലും സാധിക്കില്ല. പരാതിയുടെ അടുത്ത ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണം തുടങ്ങും.

സ്ത്രീകളെ ലൈംഗികവസ്തുവായി മാത്രമാണ് കാണുന്നത്. കരാറിന് വിരുദ്ധമായി നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. പരാതി പറഞ്ഞാല്‍ അവര്‍ തുടച്ചുനീക്കപ്പെടും. നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. ഐസിസിയെപ്പോലും വിലക്കെടുക്കുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് രക്ഷയില്ല. രാത്രി വൈകിയാല്‍ ഇവരെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആരുമില്ല. കിടന്നുറങ്ങാന്‍ സ്ഥലം നല്‍കുന്നില്ല. മിക്ക സെറ്റുകളിലും ജൂനിയര്‍ ടോയ്ലറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. ടോയ്ലറ്റില്‍ പോകാന്‍ പോലും അനുവദിച്ചിരുന്നില്ല. ടോയ്ലറ്റ് ഉള്ള സ്ഥലത്ത് ഒറ്റയ്ക്ക് നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സിനിമാ സെറ്റുകളില്‍ ഇടനിലക്കാരാണ് ഭരണം.

ഒരേ പോലെയുള്ള ജോലിയാണെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ പ്രതിഫലം കുറവാണ്. ഒരു സിനിമയില്‍ തുല്യ പ്രാധാന്യമുള്ള വേഷങ്ങളില്‍ അഭിനയിക്കുന്ന നായികക്ക് നായകന്റെ പ്രതിഫലത്തേക്കാള്‍ പത്തിലൊരു ഭാഗം പ്രതിഫലമാണ് ലഭിക്കുക. അപൂര്‍വം സിനിമകളില്‍ നായികക്ക് നായകന് കൊടുക്കുന്നതിന്റെ മൂന്നിലൊന്ന് നല്‍കും.

കമ്മിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, വസ്ത്രം മാറുന്നതിനുള്ള മുറികള്‍ എന്നിവ ലൊക്കേഷനുകളില്‍ ഉണ്ടാകാറില്ല.

കമ്മിറ്റിയുടെ മുന്നിലെത്തിയ മിക്ക സ്ത്രീകളും ഈ പ്രശ്നം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഓട്ട്ഡോര്‍ ഷൂട്ട് നടത്തുമ്പോഴാണ് ഇത്തരം സൗകര്യങ്ങളുടെ അഭാവം. പല സ്ത്രീകളും കാടുകളിലും കുറ്റിച്ചെടികളുടെ ഇയിലും വലിയ മരങ്ങളുടെ മറവിലുമാണ് ഔട്ട് ഡോര്‍ ഷൂട്ട് നടക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളില്‍ മറ്റ് വ്യക്തികളെ കൊണ്ട് തുണി മറച്ചുപിടിച്ച് വസ്ത്രം മാറേണ്ട അവസ്ഥയുണ്ട്. സെറ്റുകളില്‍ വെള്ളം ലഭ്യമാകാറില്ല.

ആര്‍ത്തവ സമയത്ത് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. ആവശ്യത്തിന് വെള്ളമോ പാഡ് മാറാനോ സംസ്‌കരിക്കാനോ ഉള്ള സൗകര്യമോ ലൊക്കേഷനുകളില്‍ ഉണ്ടാകാറില്ല. സിനിമയിലെ പല സ്ത്രീകള്‍ക്കും കാലങ്ങളായി യൂറിനറി ഇന്‍ഫെക്ഷനടക്കമുള്ള രോഗങ്ങളുണ്ട്. വെള്ളമില്ലാത്തതുകൊണ്ടുതന്നെ മൂത്രമൊഴിക്കാതെ മണിക്കൂറുകള്‍ പിടിച്ചുവെക്കുന്നതാണ് ഇത്തരം ഇന്‍ഫെക്ഷനും ശാരീരികമായ ബുദ്ധിമുട്ടുകളുടെയും കാരണം. പ്രൊഡക്ഷന്‍ യൂണിറ്റിന്റെ ശുചിമുറിയില്‍ പോകാന്‍ തന്നെ അനുവദിക്കില്ല.’

സിനിമ എന്ന തൊഴിലിടത്തില്‍ സ്ത്രീ തൊഴിലാളികള്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ചൂഷണങ്ങളെ കുറിച്ചും പീഡനങ്ങളെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞതില്‍ ചിലതുമാത്രമാണിത്. സിനിമാ മേഖലയില്‍ മാത്രമല്ല, സംഘടിത, അസംഘടിത മേഖലയിലെ എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരകളാവുന്നുണ്ട്.

ഇവിടെയൊക്കെ പ്രതിസ്ഥാനത്തുള്ളത് പാട്രിയാര്‍ക്കിയുടെ അധികാര പ്രയോഗങ്ങളാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ആണധികാര ‘പവര്‍ ഗ്രൂപ്പ്’ മലയാള സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലുമുണ്ട്. മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കുന്നത് കോംപറ്റീഷന്‍ കമ്മീഷനാണ്.

പല പ്രമുഖരെയും സിനിമയില്‍നിന്ന് വെട്ടിയത് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും അടക്കമുള്ള ലോബിയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. സംവിധായകന്‍ വിനയന്റെ കേസിലാണ് കമ്മീഷന്‍ മലയാള സിനിമയിലെ അപ്രഖ്യാപിത വിലക്കിന്റെ ആസൂത്രിത നീക്കങ്ങള്‍ തുറന്നുകാട്ടിയത്.

സംവിധായകന്‍ വിനയനുമേല്‍ സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിധി വന്നത് 2017ലാണ്. ഈ വിധിപ്പകര്‍പ്പിലാണ് മലയാള സിനിമയെ നിയന്ത്രിക്കുന്ന ലോബിയെക്കുറിച്ച് പേരെടുത്ത് പരാമര്‍ശമുള്ളത്.

സംവിധായകന്‍ വിനയന്‍ Screengrab, Copyright: The Hindu

തനിക്കെതിരെ വിനയന്‍ സംസാരിച്ചതോടെ മാക്ട എന്ന സംഘടന ദിലീപ് തകര്‍ത്തെന്നും ഇതിന് അമ്മ കൂട്ടുനിന്നെന്നും കമ്മീഷന്‍ കണ്ടെത്തി. മാക്ടയുടെ തകര്‍ച്ചയ്ക്കും ഫെഫ്കയുടെ ഉദയത്തിനും പിന്നില്‍ പവര്‍ ഗ്രൂപ്പിലെ ഒരു നടനാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ടായിരുന്നു. ഒരു പ്രമുഖ നടന്‍ നയിക്കുന്ന മാഫിയ സംഘവും 15 അംഗ പവര്‍ ഗ്രൂപ്പുകളും മലയാള സിനിമയെ അടക്കി ഭരിക്കുന്നതായാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.

തൊഴിലിടങ്ങളും പുരുഷാധിപത്യവും

സിനിമാ-നാടക രംഗങ്ങളില്‍ തിളങ്ങിയ കെപിഎസി ലളിതയുടെ ആത്മകഥയായ ‘കഥ തുടരും’ എന്ന പുസ്തകത്തില്‍ ‘അറിയപ്പെടാത്ത അടൂര്‍ ഭാസി’ എന്ന ഭാഗത്ത് മലയാളത്തിലെ മുതിര്‍ന്ന നടനായിരുന്ന അടൂര്‍ ഭാസിയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്.

എക്കാലത്തും സിനിമകള്‍ തേടി എത്തിയിരുന്ന കെപിഎസി ലളിതയെ പല സിനിമകളില്‍നിന്നും പുറത്താക്കാനും വേഷങ്ങള്‍ ചെറുതാക്കാനും അടൂര്‍ ഭാസി ശ്രമിച്ചുകൊണ്ടിരുന്നു. അടൂര്‍ ഭാസിയില്‍ നിന്നും വര്‍ഷങ്ങളോളം നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് കെപിഎസി ലളിത ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്.

വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്‌പെയ്ന്‍ കിരീടമുയര്‍ത്തിയതിന് പിന്നാലെ സമ്മാനദാന ചടങ്ങില്‍ നിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് ചുംബിച്ചത് സ്പെയിനില്‍ വലിയം കോളിളക്കമാണ് സൃഷ്ടിച്ചത്.

സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ നിരവധി സ്ത്രീകളാണ് തൊഴിലിടത്തെ ലിഗംവിവേചനം വെളിപ്പെടുത്തി രംഗത്തുവന്നത്. 200ലധികം സ്ത്രീകളാണ് ജോലി സ്ഥലത്തെ ലിംഗവിവേചനവും അധികാര ദുര്‍വിനിയോഗവും വെളിപ്പെടുത്തിയത്.

85 രാജ്യങ്ങളിലെ സ്ത്രീകള്‍ തങ്ങള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വന്ന തൊഴില്‍-ലൈംഗിക പീഡങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നു പറയാന്‍ തയ്യാറായത് മീ ടു മൂവ്‌മെന്റിലൂടെയാണ്.

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ പൗരാവകാശ പ്രവര്‍ത്തക തരാന ബുര്‍ക്കയാണ് മീ ടൂ മൂവ്‌മെന്റിനു പിറകില്‍. ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്ന അവര്‍, തന്റെ അതേ അവസ്ഥയിലൂടെ കടന്നു പോയ കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക് കരുത്തേകാനും അവരെ പിന്‍താങ്ങാനുമായി 2006-ല്‍ രൂപം നല്‍കിയ ഓണ്‍ലൈന്‍ ക്യാംപയിനായിരുന്നു #MeToo.

സമ്മതം, ലിംഗസ്വത്വം, വംശീയത, കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, തൊഴിലിടങ്ങളിലെ പീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ പുറത്തു പറയുമ്പോള്‍ നേരിടേണ്ടി വരുന്ന തിരിച്ചടികളും പ്രത്യാഘാതങ്ങളും നിലവിലെ നിയമവ്യവസ്ഥയും നടപടിക്രമങ്ങളും എന്നിങ്ങനെ അനവധി വിഷയങ്ങള്‍ ലോകം മിടൂവിലൂടെ ചര്‍ച്ച ചെയ്തു.

2017 അവസാനമാണ് മിടൂ മൂവ്‌മെന്റ് രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേയ്ക്ക് പടര്‍ന്നുപിടിക്കുന്നത്. 2017 ഒക്ടോബര്‍ 15ന് അമേരിക്കന്‍ നടി അലീസ്സ മിലാനോ തന്റെ ട്വിറ്റര്‍ പേജില്‍ ഒരു പോസ്റ്റിട്ടട്ടു. ‘ലൈംഗികപീഡനങ്ങള്‍ക്കോ അതിക്രമത്തിനോ ഇരയായിട്ടുള്ള സ്ത്രീകള്‍ #MeToo എന്ന സ്റ്റാറ്റസ് ഇടുക. ഇതിലൂടെ ഒരുപക്ഷേ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി എത്രയുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ സാധിക്കും.’ ഉച്ചയോടെ മിലാനോ ഇട്ട പോസ്റ്റ് വൈകുന്നേരം ആയപ്പോഴേക്കും ട്വീറ്റുകളും റീട്വീറ്റുകളുമായി ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ ഏറ്റെടുത്തു.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെയുള്ള ലൈംഗികാരോപണ കൊടുങ്കാറ്റായാണ് #MeToo തുടങ്ങിയതെങ്കിലും ഒറ്റ ദിവസം കൊണ്ട് തന്നെ അത് മറ്റിടങ്ങളിലും മേഖലകളിലും വലിയ തരംഗമായി.
തുര്‍ന്നുള്ള ദിവസങ്ങളില്‍ ഹോളിവുഡിലെ മുന്‍നിര നടിമാരടക്കം അനവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളുടെ കഥകള്‍ തുറന്നു പറഞ്ഞു.

വെയിന്‍സ്റ്റീനെതിരെ ബലാല്‍സംഗവും മറ്റ് ലൈംഗികാതിക്രമങ്ങളും ആരോപിച്ച ഇവര്‍, കഴിഞ്ഞ മുപ്പത് വര്‍ഷമായി വെയിന്‍സ്റ്റീന്‍ ഇതു തുടരുകയാണെന്ന് തങ്ങളുടെ അനുഭവങ്ങളിലൂടെ വ്യക്തമാക്കി. ആഷ്‌ലി ജൂഡ്, ടെയ്‌ലര്‍ സ്വിഫ്റ്റ്, ആന്‍ജലീന ജോളി, ലുപിത ന്യോന്‍ഗോ, സല്‍മാ ഹയെക്ക് എന്നീ മുന്‍നിര നടിമാര്‍ ദ ന്യൂയോര്‍ക്ക് ടൈംസിലൂടെയും ന്യൂയോര്‍ക്കറിലൂടെയും തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു. ഇവരുള്‍പ്പടെ 80 സ്ത്രീകള്‍ വെയിന്‍സ്റ്റീനെതിരെ ആരോപണവുമായി രംഗത്തുവന്നു. ഇത് വെയിന്‍സ്റ്റീന്റെ അറസ്റ്റില്‍ കലാശിച്ചു.

ടെയ്‌ലര്‍ സ്വിഫ്റ്റ് Screengrab, Copyright: GTRES

ഊബര്‍ എഞ്ചിനിയര്‍ സൂസന്‍ ഫ്‌ളവര്‍ ഊബര്‍ സിഇഒ ട്രാവിസ് കലാനിക്കിനെതിരെ പീഡനാരോപണവുമായി മുന്നോട്ടുവന്നതും അമേരിക്കയിലെ ഹോട്ടല്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങള്‍ ദിവസവും നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറഞ്ഞതും തൊഴിലിടങ്ങളിലെ പീഡനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായി.

ഇന്ത്യയിലും #MeToo ചലനങ്ങള്‍ സൃഷ്ടിച്ചു. അക്കാദമിക മേഖലയിലെ ലൈംഗികാതിക്രമക്കാരായ അധ്യാപകരുടെ പേരുകള്‍ അടങ്ങുന്ന ലിസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് അമേരിക്കയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരി റയ ശങ്കര്‍ രംഗത്തുവന്നു. ഇന്ത്യയിലെ പ്രമുഖ കോളേജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമായി 75ല്‍ പരം പേരുകള്‍ അടങ്ങുന്ന പട്ടികയാണ് ഇവര്‍ പ്രസിദ്ധീകരിച്ചത്.

മൂത്രപ്പുരയ്ക്കുവേണ്ടിയും ഇരിക്കാനുള്ള അവകാശത്തിനുവേണ്ടിയുമൊക്കെ കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍ രാഷ്ട്രീയ കേരളം കണ്ടതാണ്. അവയൊന്നും ഇതുവരെ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല.

അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍, മെച്ചപ്പെട്ട കൂലി, അര്‍ഹമായ വിശ്രമം, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം, അവധി, ആര്‍ത്തവ- പ്രസവ സമയങ്ങളില്‍ ശമ്പളം ഉറപ്പുവരുത്തിക്കൊണ്ടുള്ള അവധി, പിഎഫ് തുടങ്ങിയ സംവിധാനങ്ങള്‍ ഒന്നും ഇല്ലതെയാണ് ഇന്നും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.

പ്രസവ ആനുകൂല്യങ്ങള്‍ സംബന്ധിച്ച ഏറ്റവും പുരോഗമനപരമായ നിയമങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ 93.5% സ്ത്രീകള്‍ക്കും ഇത് ലഭിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴില്‍ മേഖലയില്‍ ഇല്ലാത്ത, മുമ്പ് ജോലി ചെയ്തിരുന്ന സ്ത്രീകളുടെ എണ്ണമെടുത്താല്‍ 10 സ്ത്രീകളില്‍ ഒരാള്‍ ജോലി ഉപേക്ഷിക്കാനുള്ള കാരണമായി പറയുന്നത് ശിശു സംരക്ഷണമാണ്.

ഒരു വയസില്‍ താഴെയുള്ള കുട്ടികളെ നോക്കേണ്ടതിനാല്‍ തൊഴില്‍ എടുക്കാനാകാത്ത സ്ത്രീകളുടെ ശതമാനം 65.5% ആയി വര്‍ദ്ധിക്കുകയും പിന്നീട് കുട്ടിയുടെ പ്രായത്തിനനുസരിച്ച് ക്രമേണ കുറയുകയും ചെയ്യുന്നു. കുഞ്ഞുങ്ങളെ പരിചരിക്കാനോ അല്ലെങ്കില്‍ പ്രസവാനുകൂല്യങ്ങളുടെ ലഭ്യതക്കുറവ് മൂലമോ അമ്മമാര്‍ ജോലി ഉപേക്ഷിക്കാന്‍ തയ്യാറാകുകയാണ്. 48% സ്ത്രീകളും പ്രസവാവധി കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ജോലി ഉപേക്ഷിക്കുന്നു.

ഓക്സ്ഫാം ഇന്ത്യ ഡിസ്‌ക്രിമിനേഷന്‍ 2022ലെ റിപ്പോര്‍ട്ട് ഇന്ത്യയിലെ ലിംഗ വേതന വിടവ് എടുത്തുകാട്ടുന്നു. രാജ്യത്തുടനീളമുള്ള റിക്രൂട്ട്മെന്റിലും ശമ്പളത്തിലും സ്ത്രീകള്‍ പക്ഷപാതം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടെക്നോളജി റോളുകളിലും ലിംഗ വേതന വ്യത്യാസം പ്രകടമാണ്.

സീനിയര്‍ മാനേജ്മെന്റ് തസ്തികകളില്‍ പോലും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ വേതനം കുറവാണ്. തുല്യ വേതന നിയമം, മിനിമം വേതന നിയമം തുടങ്ങിയ നിയമ നിര്‍മ്മാണങ്ങള്‍ നിലവിലുണ്ടെങ്കിലും ഗ്രാമീണ മേഖലകളിലും അസംഘടിത മേഖലയിലും സ്വകാര്യ മേഖലയിലും സ്ത്രീകളുടെ അധ്വാനത്തിന് വിലകുറവാണ്. ഇന്ത്യയില്‍ ഹൈക്കോടതി ജഡ്ജിമാരുടെ സ്ത്രീ പ്രാതിനിധ്യം 10 ശതമാനത്തില്‍ താഴെയാണ്.

മൂഡീസ് അനലറ്റിക്‌സ് നടത്തിയ പഠനത്തില്‍ 2019 അവസാനംവരെ തൊഴിലിടങ്ങളിലെ സ്ത്രീ-പുരുഷ വ്യത്യാസം ഇന്ത്യയില്‍ 48 ശതമാനമായിരുന്നെങ്കില്‍ അതിനുശേഷമിങ്ങോട്ട് 42.5 ശതമാനമായി കുറഞ്ഞു. അപ്പോഴും ലിംഗവിവേചനക്കാര്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന രാജ്യം ഇന്ത്യതന്നെയാണ്.

സാധാരണ ബാങ്കിങ് രംഗമാണ് ലോകത്തെ ഏതു രാജ്യമെടുത്താലും സ്ത്രീകളുടെ ഒരു വലിയ തൊഴില്‍ ദാതാവ്. എന്നാല്‍ ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് വെറും 30% മാത്രമാണ് സ്ത്രീകള്‍ ഉള്ളത്. അതുമല്ല, ഈ രംഗത്തെ ഉയര്‍ന്ന ജോലികളില്‍ സ്ത്രീകള്‍ വളരെ കുറവുമാണ്.

സ്ത്രീ പങ്കാളിത്തം തൊഴില്‍ മേഖലയില്‍ കുറയുന്നതിന്റെ കാരണങ്ങള്‍ തേടുമ്പോഴാണ് ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തിലെ കടുത്ത സ്ത്രീ വിരുദ്ധത വ്യക്തമാവുന്നത്. അണ്‍ പെയ്ഡ് കെയര്‍ വര്‍ക്ക് അഥവാ കൂലിയില്ലാത്ത സേവനങ്ങള്‍ എന്ന നിലയ്ക്കുള്ള പല ജോലികളും ഏതു സമൂഹത്തിലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ചെയ്യേണ്ടി വരാറുണ്ട്. കുട്ടികളെ നോക്കുക, പ്രായമായവരെ പരിചരിക്കുക, അടുക്കളപ്പണി, തുടങ്ങിയ പലതരം സേവനങ്ങള്‍.

ആഗോള ഗവേഷണങ്ങള്‍ ക്രോഡീകരിക്കുകയും, അവയെ ദൃശ്യ താരതമ്യങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്ന വേള്‍ഡ് ഇന്‍ ഡേറ്റയുടെ പഠനം വ്യക്തമാക്കുന്നത് ആകെ പത്തു മണിക്കൂര്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്നു എന്ന് സങ്കല്‍പിച്ചാല്‍ അതില്‍ 9.83 മണിക്കൂറും ഈ സേവനങ്ങള്‍ നല്‍കുന്നത് ഇന്ത്യയില്‍ സ്ത്രീകളാണ് എന്നാണ്. ഇത് ലോകത്തെ തന്നെ ഏറ്റവും മോശം കണക്കാണ്. അതായതു സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാതിരിക്കുന്നതിലും, അവരെക്കൊണ്ടു കൂലിയില്ലാപ്പണി ചെയ്യിക്കുന്നതിലുമാണ് ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്നില്‍ നില്‍ക്കുന്നത്

നിലവിലെ പുരോഗതിയുടെ നിരക്കില്‍, ലോകത്തിലെ തൊഴില്‍ ശക്തി പൂര്‍ണ ലിംഗ സമത്വത്തിലെത്താന്‍ 132 വര്‍ഷമെടുക്കുമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറം പറയുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട 2023-ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ടില്‍ 146 രാജ്യങ്ങളില്‍ 127-ാം സ്ഥാനത്താണ് ഇന്ത്യ.

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വേതന വ്യത്യാസം ആണ്. ഈ വിടവ് ലോകമെമ്പാടും വ്യാപകമായ ഒരു പ്രശ്നമാണ്. തുല്യ ജോലിക്ക് സ്ത്രീകള്‍ക്ക് ഇപ്പോഴും പുരുഷന്മാരേക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നത്. തൊഴില്‍പരമായ വേര്‍തിരിവ്, അസമമായ അവസരങ്ങള്‍, ലിംഗാധിഷ്ഠിത വേതന വിവേചനം എന്നിവയുള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളുടെ പരസ്പരബന്ധം മൂലമാണ് ഈ വിടവ് സൃഷ്ടിക്കപ്പെടുന്നത്.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) ഡേറ്റ പ്രകാരം ഇന്ത്യയിലെ തൊഴില്‍ മേഖലയിലെ ലിംഗപരമായ വ്യത്യാസം 50.9 ശതമാനമാണ്. പുരുഷന്‍മാരുടെ പങ്കാളിത്തം 70.1 ശതമാനമാണെങ്കില്‍ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19.2 ശതമാനം മാത്രമേയുള്ളൂ. അതായത് ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ അഞ്ചില്‍ ഒരാള്‍ മാത്രമാണ് തൊഴില്‍സേനയില്‍ സജീവമായുള്ളത്. അതേസമയം, പുരുഷന്മാരില്‍ മൂന്നില്‍ രണ്ടുഭാഗവും തൊഴില്‍ വിപണിയിലുണ്ട്.

ഏറ്റവും പുരോഗാനം എന്ന് പറയുന്ന കേരളത്തിലെ കാര്യം തന്നെ പരിശോധിച്ചാല്‍ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം എത്രത്തോളം ആണെന്ന് മനസ്സിലാകും. കേരളത്തിലെ 21 മന്ത്രിമാരില്‍ 3 പേര്‍ മാത്രമാണ് സ്ത്രീകള്‍. 140 എംഎല്‍എ മാറില്‍ 12 പേരാണ് സ്ത്രീകള്‍. കേവലം രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല എല്ലാ തൊഴില്‍ മേഖലയിലും ഇതുതന്നെയാണ് അവസ്ഥ.

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

1992ല്‍ രാജസ്ഥാനിലെ ഭന്‍വാരി ദേവി എന്ന സാമുഹ്യപ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന ലൈംഗിക ആക്രമണവും തുടര്‍ന്നുണ്ടായ കേസും, വിശാഖ ഗൈഡ് ലൈന്‍സ് എന്ന, ലിംഗനീതിക്കായി ഉണ്ടായ നിര്‍ദേശങ്ങളുമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം 2013ല്‍ തൊഴിലിടങ്ങളിലെ സെക്ഷ്വല്‍ ഹരാസ്‌മെന്റിനെതിരെയുള്ള നിയമം നിലവില്‍ വരാന്‍ കാരണമായത്.

ഭന്‍വാരി ദേവി Screengrab, Copyright: BBC

ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) നിയമം, 2013 (PoSH) നിലവില്‍ വന്ന് ഒരു ദശകത്തിനു ശേഷവും PoSH ആക്ട് നല്ലരീതിയില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല എന്ന് 2023 നവംബറില്‍ സുപ്രീം കോടതി വിലയിരുത്തുകയുണ്ടായി.

ഗുസ്തി ഫെഡറേഷന്‍ തലവനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഉന്നയിക്കപ്പെട്ട പരാതികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളില്‍ പലതിലും ഐസിസി നിലവില്‍വന്നിട്ടില്ല എന്ന പരിതാപകരമായ സത്യം വെളിപ്പെടുത്തിക്കൊണ്ടാണ് കോടതി PoSH Act എല്ലാ മേഖലകളിലുമുള്ള തൊഴിലിടങ്ങളില്‍ നിര്‍ബന്ധമായും പ്രാവര്‍ത്തികമാക്കേണ്ടതാണ് എന്ന് നിരീക്ഷിച്ചത്.

1997ലാണ് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയ്ക്ക് സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ്, 2000 ത്തില്‍ ആഭ്യന്തര പരാതി പരിഹാര അതോറിറ്റികള്‍ എല്ലാ തൊഴിലിടങ്ങളിലും രൂപീകരിക്കാന്‍ സുപ്രീംകോടതി വിധിച്ചു. ഇതു രണ്ടിന്റേയും അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് 2013-ല്‍ പാര്‍ലമെന്റ് നിയമം നിര്‍മ്മിച്ചത്.

ഇതൊക്കെ ഔപചാരിക, സംഘടിത മേഖലയിലെ മാത്രം കാര്യങ്ങളായിരുന്നതുകൊണ്ട് അസംഘടിത മേഖലയ്ക്കായി കാലക്രമേണ പ്രാദേശിക പരാതിപരിഹാര സമിതികള്‍ കൂടി (എല്‍സിസി) രൂപീകരിച്ച നിയമത്തില്‍ ഭേദഗതി വന്നു. ഐസിസി ഐസി ആയി ഭേദഗതി ചെയ്തു. എല്‍സിസി എല്‍സി ആയും ചുരുക്കി.

പരാതി എന്ന പരാമര്‍ശം പോലും ആവശ്യമില്ലാത്തവിധം വ്യക്തമാണ് ഉദ്ദേശലക്ഷ്യം എന്നും അതുകൊണ്ട് ആഭ്യന്തര (പ്രാദേശിക) സമിതി എന്നു മതി എന്നുമാണ് മാറ്റത്തിനു പിന്നിലെ സങ്കല്‍പവും യാഥാര്‍ത്ഥ്യവും. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാന്‍ രാജ്യത്ത് ഇപ്പോള്‍ ഐസിയും എല്‍സിയുമുണ്ട്.

തൊഴിലിടത്തെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ വരുന്നത് നളിനി നെറ്റോ ഐഎഎസ്സിനുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ടാണ്. പിഇ ഉഷയെ ബസ് യാത്രക്കിടയില്‍ അപമാനിച്ച സംഭവമാണ് ആദ്യം കോടതിയില്‍ എത്തിയത്. 2000-ല്‍ ആയിരുന്നു സംഭവം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആദ്യം ഒരു സിന്‍ഡിക്കേറ്റ് ഉപസമിതി രൂപീകരിച്ചു. പിന്നീട് പ്രതി ഉള്‍പ്പെട്ട വകുപ്പില്‍ ഒരു സമിതി, വീണ്ടും സിന്‍ഡിക്കേറ്റ് ഉപസമിതി. ഇതിനെയെല്ലാം പിഇ ഉഷ നിയമപരമായി ചോദ്യം ചെയ്തു. വിശാഖ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അന്നു നിലവിലുണ്ടായിരുന്നു. അതു പ്രകാരമുള്ള സമിതി വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

നളിനി നെറ്റോയുടേയും പിഇ ഉഷയുടേയും കേസുകളില്‍ കോടതി വളരെ ശക്തമായ നിലപാടെടുത്തു. അതുകൊണ്ട് തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഇടയ്ക്കിടെ വിലയിരുത്തിയിരുന്നു.

എത്രകണ്ട് നിയമങ്ങളുടെ പിന്‍ബലം ഉണ്ടെങ്കിലും തൊഴിലിടങ്ങളില്‍ തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നുപറയാനും പരാതിയുമായി മുന്നോട്ടു പോകാനും സ്ത്രീകള്‍ ഭയപ്പെടുകയും മടിക്കുകയും ചെയ്യുന്നുണ്ട്. പരാതി കൊടുക്കുന്ന സ്ത്രീ പിന്നീട് വേട്ടയാടപ്പെടുന്നു എന്നതാണ് പ്രധാന കാരണം.

പരാതി പരിഹാരത്തേക്കാള്‍ അവരെ വ്യക്തിപരമായും തൊഴില്‍പരമായും സാമൂഹിക ജീവിതത്തിലും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് കൂടുതല്‍. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസിനു കൈമാറേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യാതെ നിസ്സാരമാക്കുക, പരാതിക്കാരിക്കെതിരെ കള്ളക്കേസുണ്ടാക്കുക, ജോലിയില്‍ കാര്യക്ഷമത ഇല്ലെന്നു വരുത്താന്‍ ശ്രമിക്കുക, ഒറ്റപ്പെടുത്തുക തുടങ്ങി നിരവധി പീഡാനുഭവങ്ങളുടെ തുടക്കമാണ് ഓരോ പരാതിയും.

FAQs

എന്താണ് ഹേമ കമ്മിറ്റി?

മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അന്വേഷിച്ച് അവയ്ക്ക് പരിഹാര നടപടികൾ സമർപ്പിക്കുന്നതിനായി, 2017 ജൂലൈ മാസത്തിൽ കേരള സർക്കാർ രൂപീരിച്ച ഒരു അനേഷണ കമ്മിറ്റിയാണ് ഹേമ കമ്മറ്റി. മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണിത്. ചലച്ചിത്ര നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.

ആരാണ് ഭൻവാരി ദേവി?

രാജസ്ഥാനിലെ ഭട്ടേരി എന്ന ഗ്രാമത്തിൽ ജനിച്ച് സർക്കാറിന്റെ വനിത വികസന പരിപാടിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തക. 1992-ൽ, ശൈശവ വിവാഹത്തിനെതിരെ ശബ്ദമുയർത്തിയതിനു അവർ ബലാൽസംഗം ചെയ്യപ്പെട്ടു. ഈ കേസിന് ശേഷമാണ് സുപ്രീം കോടതി വിശാഖ മാർഗ്ഗനിർദ്ദേശങ്ങൾ എന്നറിയപ്പെടുന്ന മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.

എന്താണ് പുരുഷാധിപത്യം ?

പുരുഷാധിപത്യം എന്നത് ഒരു സാമൂഹിക വ്യവസ്ഥയാണ് , അതിൽ അധികാര സ്ഥാനങ്ങൾ പ്രാഥമികമായി പുരുഷന്മാർ വഹിക്കുന്നു.

Quotes

“ജീവിതത്തിൽ പല തോൽവികളും നേരിടേണ്ടിവരും, പക്ഷേ ഒരിക്കലും നിങ്ങളെ തോൽക്കാൻ അനുവദിക്കരുത്- മായ ആഞ്ചലോ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.