Mon. Nov 25th, 2024

 

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരായ അധിക്ഷേപം തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപ്. കമല ഹാരിസിനേക്കാളും സൗന്ദര്യം തനിക്കുണ്ടെന്ന് ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ട്രംപ് പറഞ്ഞു.

‘ടൈം മാസികയുടെ കൈവശം കമല ഹാരിസിന്റെ നല്ല ചിത്രമുണ്ടായിരുന്നില്ല. അവര്‍ കമലയുടെ ചിത്രം ഒരു ആര്‍ട്ടിസ്റ്റിനെ കൊണ്ട് വരപ്പിക്കുകയാണുണ്ടായത്. ബൈഡന് എന്താണ് സംഭവിച്ചത്. ഞാന്‍ ആദ്യം ബൈഡനെതിരെയാണ് മത്സരിച്ചത്. ഇപ്പോള്‍ ആര്‍ക്കെതിരെയോ മത്സരിക്കുന്നു. ആരാണ് ഈ ഹാരിസ്’, ഡോണാള്‍ഡ് ട്രംപ് ചോദിച്ചു.

കമല ഹാരിസിനെ താന്‍ ബഹുമാനിക്കുന്നില്ലെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ‘അവരുടെ ബുദ്ധിയേയും ഞാന്‍ ബഹുമാനിക്കുന്നില്ല. കമല ഹാരിസ് ഏറ്റവും മോശം പ്രസിഡന്റായിരിക്കും. നമ്മള്‍ ജയിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. വ്യക്തിപരമായ ആക്രമണം നല്ലതാണെങ്കിലും മോശമാണെങ്കിലും കമല തന്നെ വ്യക്തിപരമായ ആക്രമിക്കുകയാണെന്നും’ ട്രംപ് ആരോപിച്ചു

കമല ഹാരിസിനോട് തനിക്ക് കടുത്ത ദേഷ്യമാണ് ഉള്ളത്. ഈ രാജ്യത്തിനെതിരായ അവര്‍ ചെയ്ത കാര്യങ്ങളെ കുറിച്ചാണ് തനിക്ക് ദേഷ്യം. യുഎസ് ജുഡീഷ്യറി സംവിധാനത്തെ അവര്‍ തനിക്കെതിരെ ഉപയോഗിച്ചുവെന്നും ട്രംപ് ആരോപിച്ചു.