Thu. Dec 26th, 2024

 

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും.

കഴിഞ്ഞ ദിവസം, സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.

വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്.

ഓഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പിജി ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്.