Thu. Sep 19th, 2024

 

കൊല്‍ക്കത്ത: വനിതാ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ തുടരവെ, കൊലപാതകം നടന്ന കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ഗവ. മെഡിക്കല്‍ കോളജ് പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ആശുപത്രി പരിസരത്ത് സമരമോ ധര്‍ണയോ പാടില്ലെന്ന് പൊലീസ് നിര്‍ദേശം നല്‍കി. ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

ആശുപത്രി പരിസരത്ത് റാലികള്‍, യോഗങ്ങള്‍, ഘോഷയാത്രകള്‍, ധര്‍ണകള്‍, പ്രകടനങ്ങള്‍, അഞ്ചോ അതിലധികമോ ആളുകളുടെ നിയമവിരുദ്ധമായി ഒത്തുകൂടല്‍ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ വിനീത് കുമാര്‍ ഗോയല്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. നിരോധനാജ്ഞ ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു.

ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആശുപത്രി പരിസരത്ത് ഒത്തുചേരലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഇന്നലെ പാതിരാത്രിയിലും കൊല്‍ക്കത്തയില്‍ നൂറുകണക്കിന് ആളുകള്‍ നഗരത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതോടെ, ഗതാഗതക്കുരുക്കില്‍ നഗരം നിശ്ചലമായി. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മെഡിക്കല്‍ അസോസിയേഷനടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പൊലീസ് വിലക്ക് ലംഘിച്ച് ഡല്‍ഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ ജന്തര്‍മന്തറില്‍ തെരുവിലിറങ്ങി. സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്.

വിമാനത്താവളങ്ങളിലേതിന് സമാനമായ സുരക്ഷ സംവിധാനം, നിശ്ചിതമായ ജോലി സമയം, സുരക്ഷ ഉറപ്പ് നല്‍കുന്ന വിശ്രമമുറികള്‍, സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും നിയമപരിരക്ഷ തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സമയബന്ധിത നീതി ഉറപ്പാക്കുന്ന അന്വേഷണവും ആവശ്യപ്പെട്ടതായി ഐഎംഎ പ്രസിഡന്റ് ഡോ. ആര്‍വി അശോകന്‍ പറഞ്ഞു.

ആഗസ്റ്റ് 9 നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ പത്തിലധികം പേര്‍ അറസ്റ്റിലായിട്ടുണ്ട്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.