Thu. Sep 19th, 2024

 

മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂളിലെ പോഷകാഹാര പരിപാടിയുടെ ഭാഗമായി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 257ലേറെ വിദ്യാര്‍ഥികളില്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 80 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഒരു ജില്ലാ കൗണ്‍സില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കെകെത് ജല്‍ഗാവ് ഗ്രാമത്തിലെ സ്‌കൂളില്‍ ശനിയാഴ്ച രാവിലെ 8.30യോടെ ബിസ്‌കറ്റ് കഴിച്ച കുട്ടികള്‍ക്ക് ഓക്കാനം, ഛര്‍ദി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ‘ബിസ്‌ക്കറ്റ് കഴിച്ച 257 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 153 പേരെ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. ചിലരെ വീട്ടിലേക്കയച്ചു’, ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബാബാസാഹേബ് ഘുഗെ പറഞ്ഞു.

ഗുരുതര രോഗലക്ഷണങ്ങള്‍ കണ്ട ഏഴ് വിദ്യാര്‍ഥികളെ കൂടുതല്‍ ചികിത്സയ്ക്കായി ഛത്രപതി സംഭാജിനഗര്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ഘുഗെ പറഞ്ഞു. 296 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഭക്ഷ്യവിഷബാധയുടെ കാരണമറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.