Thu. Sep 19th, 2024

ലഖ്നൗ: ഉത്തരാഖണ്ഡില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സമാനമായ കൊലപാതകം.

ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 33കാരിയായ നഴ്സാണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ഉദ്ധം സിങ് നഗർ ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് 14ന് പ്രതിയെന്ന് സംശയിക്കുന്ന ധർമേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ബിലാസ്പുർ കോളനിയിൽ പതിനൊന്ന് വയസുള്ള മകളുമായി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ജൂലായ് 30നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. യുവതി ജോലി കഴിഞ്ഞ് മടങ്ങിയെത്താതിരുന്നതിനാൽ ജൂലൈ 31ന് സഹോദരി രുദ്രാപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം ഓഗസ്റ്റ് 8നാണ് യുവതിയുടെ മൃതദേഹം ഉത്തർപ്രദേശിലെ ദിബ്ദിബ പ്രദേശത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

യുവതിയുടെ കാണാതായ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്തുടർന്ന പ്രതി വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇവരെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുകയും ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ പക്കൽ ഉണ്ടായിരുന്ന 3000 രൂപയും ഫോണും സ്വർണവും മോഷ്ടിച്ചതായും പോലീസ് വ്യക്തമാക്കുന്നു.