Tue. Sep 17th, 2024

പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് അവര്‍ ധരിക്കട്ടെ. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇത്തരത്തില്‍ ഒരു നിരോധനത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്

പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമോ?’, മുംബൈ എന്‍ജി ആചാര്യ അന്‍ഡ് ഡികെ മറാഠെ കോളജില്‍ ഹിജാബ് നിരോധിച്ച കേസില്‍ സുപ്രീം കോടതിയുടേതാണ് ഈ ചോദ്യം. ക്യാമ്പസിനകത്ത് വിദ്യാര്‍ഥിനികള്‍ ഹിജാബ്, ബുര്‍ഖ, തൊപ്പി, ഷാള്‍, ബാഡ്ജ് തുടങ്ങിയവ ധരിക്കരുതെന്ന് കോളേജിന്റെ നിര്‍ദേശമുണ്ടായിരുന്നു.

മെയ് മാസമാണ് കോളജില്‍ ശിരോവസ്ത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ഒമ്പത് പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹിജാബ് നിരോധനം ശരിവെക്കുകയാണ് മുംബൈ ഹൈക്കോടതി ചെയ്തത്. കോളജില്‍ ഹിജാബടക്കമുള്ള ശിരോ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഡ്രസ് കോഡിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് മുസ്ലിംകള്‍ക്കെതിരല്ലെന്നുമാണ് ഹൈക്കോടതിയില്‍ കോളേജ് അധികൃതര്‍ പറഞ്ഞത്.

കോളജ് ഉത്തരവ് മതം ആചരിക്കാനുള്ള തങ്ങളുടെ മൗലികാവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, ഇഷ്ടപ്പെട്ട മതവും വസ്ത്രധാരണവുമുള്‍പ്പെടെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയെ ലംഘിക്കുന്നതാണെന്ന് വിദ്യാര്‍ഥികള്‍ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നാണ് കോളജ് കോടതിയില്‍ വാദിച്ചത്.

ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണെന്ന് ഏത് മത അതോറിറ്റിയാണ് പറയുന്നതെന്ന് ജസ്റ്റിസുമാരായ എഎസ് ചന്ദൂര്‍ക്കറും രാജേഷ് പാട്ടീലും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജിക്കാരുടെ അഭിഭാഷകനോട് ചോദിച്ചു. ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ കോളജ് മാനേജ്മെന്റിന് അധികാരമുണ്ടോയെന്ന് അധികൃതരോടും കോടതി ചോദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം ജൂണ്‍ 26ന് കോളേജിന്റെ വാദത്തിനൊപ്പം നില്‍ക്കുകയാണ് ബോംബൈ ഹൈക്കോടതി ചെയ്തത്.

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ ന്യൂ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം Screengrab, Copyright: Shutterstock

ക്ലാസ് മുറികളിലേക്ക് പോവുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് മാറ്റാന്‍ ഒരു മുറി മാനേജ്മെന്റ് കോളേജില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. സമാനമായി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബുര്‍ഖയും നിഖാബും ധരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

ഇത്തരം വിലക്കുകള്‍ മുസ്ലിം പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതില്‍ നിന്ന് തടയുമെന്ന് അന്നേ വിമര്‍ശനം ഉണ്ടായിരുന്നു. തുടര്‍ന്നും അടുത്ത അധ്യയന വര്‍ഷത്തിലും കോളേജ് അതേനടപടിയുമായി മുന്നോട്ടുപോയി. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടത്.

വാദം കേട്ട സുപ്രീംകോടതി ക്യാമ്പസിനകത്ത് ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍ ധരിക്കാം എന്ന് ഉത്തരവിട്ടു. എന്നാല്‍ വിധി ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് വിശ്വസിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. കോളേജിന് വേണ്ടി മുതിര്‍ന്ന അഭിഭാഷക മാധവി ദിവാന്‍ ഹാജരായി.

ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതുപോലെ ഹിജാബ്, ബുര്‍ഖ തുടങ്ങിയവ ധരിക്കാന്‍ കോളേജില്‍ അനുമതി നല്‍കിയാല്‍ മറ്റു വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ച് ക്യാമ്പസില്‍ എത്തുമെന്നും ഇത് രാഷ്ട്രീയപരമായി മാറുമെന്നും അത്തരത്തില്‍ ഒന്ന് സംഭവിക്കാന്‍ പാടില്ലെന്നും മാധവി ദിവാന്‍ പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ഥികള്‍ പൊട്ടോ കുറിയോ തൊടുന്നത് നിങ്ങള്‍ തടയുമോ എന്ന് സുപ്രീം കോടതി തിരിച്ചു ചോദിച്ചു.

പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് അവര്‍ ധരിക്കട്ടെ. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇത്തരത്തില്‍ ഒരു നിരോധനത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ് ജസ്റ്റിസ് സഞ്ജയ് കുമാര്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ മതം അറിയാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നീക്കം കോളേജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് അഭിഭാഷക വാദിച്ചു. എന്നാല്‍ പേരുകളില്‍ കൂടി മതം മനസ്സിലാകില്ലേ എന്ന് ചോദിച്ച സുപ്രീം കോടതി ഇത്തരത്തിലുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും പറഞ്ഞു.

മുംബൈ ഹൈക്കോടതി മാതമല്ല, കര്‍ണാടക ഹൈക്കോടതിയും കേരള ഹൈക്കൊടതിയും ഹിജാബിന്റെയും പര്‍ദ്ദയുടെയും പേരില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കുന്ന വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കേരള ഹൈക്കോടതി Screengrab, Copyright: Wikimedia

ഇന്ത്യന്‍ ഭരണഘടനയുടെ 14, 25 അനുഛേദങ്ങള്‍ യഥാക്രമം വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളായ തുല്യതക്കും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ നിഷേധിക്കുന്ന നീക്കമാണ് ഹിജാബ് നിരോധനം.

പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിലും മത ജീവിതം നയിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിലും ഇടപെടാന്‍ ഭരണകൂടത്തിന് അവകാശമുള്ളത് പൊതുസമാധാന ക്രമം, സാമൂഹിക ധാര്‍മികത, സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പ് എന്നിവയെ അത് പ്രതികൂലമായി ബാധിക്കുമ്പോള്‍ മാത്രമാണ്.

മുസ്ലിം വിദ്യാര്‍ഥികളുടെ ശിരോവസ്ത്രം ഒരു നിലയിലും സാമൂഹിക സുരക്ഷിതത്വത്തെയോ ധാര്‍മികതയെയോ സമൂഹത്തിന്റെ ആരോഗ്യകരമായ സഹവര്‍ത്തിത്വത്തെയോ അപകടപ്പെടുത്തുന്നതല്ല. മാത്രമല്ല ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം മതശാസന അനുസരിച്ചുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള മുസ്ലിം സ്ത്രീയുടെ അവകാശമാണത്.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള വസ്ത്രധാരണം നിഷേധിക്കാനുള്ള തീരുമാനം ഭരണഘടന ഉറപ്പുനല്‍കുന്ന എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. കോടതികള്‍ തന്നെ പലപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2017ലെ പുട്ടസ്വാമി vs യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി ”സ്വകാര്യതക്കുള്ള അവകാശം വിശ്വാസം, വസ്ത്രധാരണ പോലുള്ള പൊതുയിടങ്ങളില്‍ പ്രകടിപ്പിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കും ബാധകമാണെ’ന്ന് വ്യക്തമാക്കിയിരുന്നു.

അവര്‍ എന്ത് കഴിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, അവരുടെ വ്യക്തിപരമോ സാമൂഹികമോ രാഷ്ട്രീയമോ ആയ ജിവിതത്തില്‍ ആരുമായി ബന്ധപ്പെടണം എന്ന് ഭരണകൂടം ആരോടും പറയാന്‍ ആഗ്രഹിക്കുമെന്ന് കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഈ വിധി കൂടി പിന്‍പറ്റിയാണ് ഐപിസി 377 റദ്ദ് ചെയ്തുകൊണ്ടുള്ള നവ് തേജ് സിംഗ് ജോഹര്‍ കേസിലും (Navtej Singh Johar and Ors. vs. Union of India) അഭിപ്രായ സ്വാതന്ത്ര്യത്തിന് വിവിധ വശങ്ങളെക്കുറിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നത്.

സുപ്രീംകോടതിയും വസ്ത്രധാരണം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. 2014ലെ എന്‍എല്‍എസ്എ കേസില്‍ (National Legal Services Authority of India vs Union of India) ”ഒരാളുടെ വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഹനിക്കാനാകില്ല’ എന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ അംഗീകരിച്ചു കൊണ്ട് ജസ്റ്റിസ് രാധാകൃഷ്ണന്‍ അന്ന് പ്രസ്താവിച്ചത്.

വസ്ത്രധാരണത്തിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 25(1) അനുസരിച്ച് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശം മാത്രമല്ല, മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം കൂടിയായാണ് വിലയിരുത്തുന്നത്. ആര്‍ട്ടിക്കിള്‍ 25(1) ആരംഭിക്കുന്നത് തന്നെ ”മനസ്സാക്ഷിക്കുള്ള അവകാശം’ എന്ന വാക്കോടെയാണ്. അതിനു ശേഷമാണ് മതവും വിശ്വാസവുമെല്ലാം കടന്നുവരുന്നത്.

ന്യൂനപക്ഷത്തിന്റെ അവകാശത്തെക്കുറിച്ച് പറയുന്നതാണ് ആര്‍ട്ടിക്കിള്‍ 29. ജനിച്ചു വളര്‍ന്ന സാഹചര്യത്തില്‍ ശീലിച്ച വസ്ത്രധാരണ രീതി ഉള്‍പ്പെടെ ഏതൊരു വിഭാഗത്തിനും സാംസ്‌കാരികത്തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ ഭാഗമാണ്. പൊതുസമാധാനത്തിനോ സുരക്ഷക്കോ എതിരാകാത്ത കാലത്തോളം ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 25ഉം അനുവദിക്കുന്നു.

2018ല്‍ തിരുവനന്തപരും ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പര്‍ദ വിലക്കിയ സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ രണ്ട് മുസ്ലിം വിദ്യാര്‍ഥിനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ പര്‍ദ വിലക്കിനെ ശരിവെക്കുന്ന വിധിപ്രസ്താവമാണ് കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്.

ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ മൗലികാവകാശമെന്നതു പോലെ, ഒരു സ്ഥാപനത്തിന് അതെങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് ഭരണഘടന നല്‍കുന്ന അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വ്യക്തികളുടെ അവകാശവും സ്ഥാപനങ്ങളുടെ അവകാശവും ഏറ്റുമുട്ടുന്നിടത്ത് പൊതുതാത്പര്യം മുന്‍നിര്‍ത്തി സ്ഥാപനങ്ങളുടെ അവകാശത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നുമായിരുന്നു പര്‍ദ വിലക്കിന് കോടതി പറഞ്ഞ ന്യായീകരണം.

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ മുംബൈയില്‍ നടന്ന പ്രതിഷേധം Screengrab, Copyright: AP

കര്‍ണാടകയിലുണ്ടായ ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയും സമാനമായ വീക്ഷണമാണ് പ്രകടിപ്പിച്ചത്.

2022 ജനുവരിയുടെ തുടക്കത്തില്‍, ഉടുപ്പി ജില്ലയിലെ സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളില്‍ പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് കര്‍ണാടകയി ഹിജാബ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ക്യാംപസില്‍ ഹിജാബ് ധരിക്കുന്നതിനു പുറമേ ഉര്‍ദു സംസാരിക്കുന്നതിനും മുസ്ലിംകള്‍ പരസ്പരം അഭിവാദ്യം ചെയ്യാനുപയോഗിക്കുന്ന സലാം പറയുന്നതിനും കോളജ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി.

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളില്‍ പ്രവേശനം അനുവദിക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ ദിവസങ്ങളോളം ക്ലാസിന് പുറത്തിരുന്ന് പ്രതിഷേധിച്ചു. കോളജിലെ എബിവിപിക്കാരായ വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ചു കോളജില്‍ വരികയും ഇനി മുതല്‍ മുസ്ലിം വിദ്യാര്‍നികള്‍ ഹിജാബ് ധരിച്ചു വന്നാല്‍ തങ്ങളും കാവി ഷാള്‍ ധരിച്ചു വരുമെന്ന് പ്രിന്‍സിപ്പളിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് ഹിജാബ് ധരിച്ചു കോളജില്‍ എത്തിയ മുസ്ലിം വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ തന്നെ നേരിട്ടെത്തി ഗെയിറ്റടച്ചു പുറത്താക്കി.

തുടര്‍ന്നുള്ള ആഴ്ചകളില്‍ സംസ്ഥാനത്തുടനീളം മറ്റ് നിരവധി സ്‌കൂളുകളിലും കോളേജുകളിലും പ്രതിഷേധം വ്യാപിച്ചു. 2022 ഫെബ്രുവരി 5 ന്, യുണിഫോം നയങ്ങള്‍ നിലനില്‍ക്കുന്നിടത്ത് യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്നും ഹിജാബ് ധരിക്കുന്നതിന് ഒരു ഇളവും നല്‍കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഒരു ഉത്തരവ് പുറത്തിറക്കി.

നിരവധി സ്‌കൂളുകള്‍ ഈ ഉത്തരവ് എടുത്തുകാണിച്ച് ഹിജാബ് ധരിച്ച മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട ഹരജികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടു. എല്ലാ വിദ്യാര്‍ഥികളും ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രധാരണം ധരിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും തര്‍ക്കങ്ങളും ശക്തമായതിനെത്തുടര്‍ന്ന് 2022 ഫെബ്രുവരി 8-ന് കര്‍ണാടക സര്‍ക്കാര്‍ ഹൈസ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടതായി പ്രഖ്യാപിച്ചു.

2022 ഫെബ്രുവരി 14 ന് സ്‌കൂളുകള്‍ വീണ്ടും തുറന്നപ്പോള്‍, സ്‌കൂള്‍ കവാടത്തില്‍ ഹിജാബ് നീക്കം ചെയ്യാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ് കര്‍ണാടകയിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും നടപ്പാക്കി.

ഭണ്ഡാര്‍ക്കര്‍ കോളേജ് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ്, ഉഡുപ്പി എംജിഎം കോളജ്, മാണ്‍ഢ്യ പിഇഎസ് കോളജ്, ശിവമോഗ, ബിജാപുര, ഹാസന്‍, ചിക്മംഗളൂര്‍ തുടങ്ങിയ ജില്ലകളിലെ കോളജുകളിലും മധ്യപ്രദേശിലും സമാനമായി ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തുന്നതിനെ തടയുകയുണ്ടായി.

മതപരമായ ചിഹ്നങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ മറവില്‍ നിരവധി കോളജുകള്‍ ഹിജാബ് നിരോധിക്കുകയും പരീക്ഷ എഴുതുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ തടയുകയും ചെയ്തു. മുസ്ലിം വിദ്യാര്‍ഥികളെയും അധ്യാപകരെയും കാമ്പസിന് പുറത്ത് വെച്ച് നിര്‍ബന്ധിതമായി ഹിജാബ് അഴിപ്പിക്കുകയും അതേ തുടര്‍ന്ന് തുമാഗുരു ജില്ലയിലെ അധ്യാപിക ജോലി ഉപേക്ഷിക്കുകയും ചെയ്തു.

പിന്നീട് ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമല്ല എന്ന വിധിയായിരുന്നു ഹൈക്കോടതി പുറപ്പെടുവിച്ചത്. വിധിക്കെതിരെ വിദ്യാര്‍ത്ഥഥികള്‍ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്വകാര്യത), ആര്‍ട്ടിക്കിള്‍ 19(1) (അഭിപ്രായ സ്വാതന്ത്ര്യം), ആര്‍ട്ടിക്കിള്‍ 25 (മനസാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം), ആര്‍ട്ടിക്കിള്‍ 29 (തനത് സംസ്‌കൃതി സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം), ആര്‍ട്ടിക്കിള്‍ 14 (യഥാതഥ സമത്വം- പരോക്ഷ വിവേചനം) എന്നിങ്ങനെ ഭാഗം മൂന്ന് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കര്‍ണാടകയില്‍ നടന്നത്.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വംശീയതയുടെ മറ്റൊരു തലമായി പല ഭാഗത്തുനിന്നും ഉണ്ടാകുന്ന ഹിജാബ് നിരോധനത്തെ കാണാം. ഹിജാബിനെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളുടെ കാതല്‍ മുസ്ലിം വിരുദ്ധതയാണ്.

ഇന്ത്യയെപ്പോലെ ബഹുസ്വരവും മതനിരപേക്ഷവുമായ സമൂഹത്തിലെ ഭരണഘടനാ ധാര്‍മികത ഭരണഘടന തന്നെ അനുവദിക്കുന്ന തരത്തില്‍ വിവിധ മത, ജാതി വിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കുക എന്നതാണ്. അതിനെ ലംഘിക്കല്‍, നിഷേധിക്കല്‍ ഭരണഘടനയുടെ തന്നെ ലംഘനമാണ്.

FAQs

എന്താണ് ഹിജാബ്?

മറയ്ക്കുക എന്ന അർത്ഥമുള്ള ഒരു അറബി വാക്കാണ്‌ ഹിജാബ്. മറയ്ക്കുക, മറ, മൂടുപടം, അഭയസ്ഥാനം എന്നൊക്കെ അർത്ഥമുള്ള വാക്കിൽ നിന്ന് ഉത്ഭവിച്ച വാക്കാണിത്.

കർണാടക ഹിജാബ് വിവാദം?

2022 ജനുവരിയുടെ തുടക്കത്തിൽ ഹിജാബ് ധരിച്ച മുസ്ലിം വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് കർണ്ണാടകയിൽ ഒരു തർക്കം ഉടലെടുക്കുകയും അത് കോടതി വ്യവഹാരങ്ങളിലേക്ക് പോകുകയും ചെയ്ത ഒരു വിവാദം.

എന്താണ് സുപ്രീം കോടതി?

ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്റ്റര്‍ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണ്.

Quotes

“വിദ്യാഭ്യാസത്തിൽ സമത്വം ലഭിക്കുന്നതുവരെ നമുക്ക് തുല്യതയുള്ള സമൂഹം ഉണ്ടാകില്ല- സോണിയ സോട്ടോമേയർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.