Wed. Jan 22nd, 2025

പാര്‍ലമെന്റ് അംഗീകരിച്ചതിന് ശേഷം പ്രസിഡന്റ് ഒപ്പിട്ട് വിജ്ഞാപനം ചെയ്ത് കഴിഞ്ഞാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനോ, ഒഴിവാക്കാനോ, മാറ്റം വരുത്താനോ ആര്‍ക്കും അധികാരമില്ല

ട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെ ഒന്നിച്ച് പരിഗണിക്കുന്നത് അവസാനിപ്പിച്ച് ഈ വിഭാഗങ്ങളിലെ അതി പിന്നോക്കര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉപസംവരണം നല്‍കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിലെ ക്രീമിലെയറുകളെ (സമ്പന്ന വിഭാഗം) സംവരണത്തില്‍ നിന്നൊഴിവാക്കണമെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നു.

ഉപവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് ശാസ്ത്രീയവും കൃത്യവുമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നീതീകരിക്കാന്‍ കഴിയണമെന്നും ബെഞ്ച് വ്യക്തമാക്കി. ഉപവര്‍ഗീകരണം സാധ്യമല്ലെന്ന 2004ലെ ഇവി ചിന്നയ്യയും ആന്ധ്രപ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസിലുള്ള സുപ്രീം കോടതി വിധി റദ്ദാക്കിയാണ് ഭൂരിപക്ഷ ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസ് ബേല എം ത്രിവേദി ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിച്ച് ഭിന്നവിധി എഴുതി. ഇതുള്‍പ്പെടെ ആകെ ആറ് വിധിന്യായങ്ങളാണ് ഏഴംഗ ബെഞ്ച് പുറപ്പെടുവിച്ചത്.

2010 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയതുള്‍പ്പെടെയുള്ള 23 ഹര്‍ജികള്‍ ബെഞ്ച് പരിഗണിച്ചു. എസ് സി സംവരണത്തില്‍ 50 ശതമാനം വാല്‍മീകി, മസാബി സിഖ് വിഭാഗക്കാര്‍ക്ക് ഉപസംവരണം ചെയ്തുള്ള പഞ്ചാബ് സര്‍ക്കാരിന്റെ 2006 ലെ പിന്നാക്ക സംവരണ നിയമത്തിലെ ചട്ടം പഞ്ചാബ്-ഹരിയാന ഹൈക്കോടതി 2010ല്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് Screengrab, Copyright: The Week

പട്ടിക ജാതികളില്‍ തന്നെ ഏറ്റവും പിന്നാക്കമായവര്‍ക്കായി നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2020 ഓഗസ്റ്റില്‍ നിരീക്ഷിച്ചിരുന്നു. അത് 2004 ല്‍ അഞ്ചംഗ ബെഞ്ച് തന്നെ നല്‍കിയ വിധിക്ക് വിരുദ്ധമായതിനാലാണ് വിഷയം ഏഴംഗ ബെഞ്ച് പരിഗണിച്ചത്.

എസ് സി വിഭാഗത്തിലെ ഉപസംവരണം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും പാര്‍ലമെന്റിന് മാത്രമേ ഇത്തരത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സാധിക്കുവെന്നുമായിരുന്നു 2004ലെ ചിന്നയ്യ കേസിലെ വിധി. സംവരണാനുകൂല്യമുള്ള ജാതികള്‍ക്കിടയില്‍ ഉപവര്‍ഗീകരണം അനുവദിക്കേണ്ടതുണ്ടോ പട്ടിക ജാതിയെ സമജാതീയ ഗ്രൂപ്പ് എന്ന് വ്യക്തമാക്കിക്കൊണ്ട് അതില്‍ ഉപവര്‍ഗീകരണം സാധ്യമല്ലെന്ന് പറഞ്ഞ ചിന്നയ്യ കേസ് ശരിയാണോ എന്നീ വിഷയങ്ങളാണ് ഏഴംഗ ബെഞ്ച് പരിഗണിച്ചത്.

എസ് സി, എസ്ടിക്കാരിലെ അതി പിന്നാക്കക്കാര്‍ക്കായി ഉപസംവരണം നല്‍കുന്നത് ഭരണഘടനയുടെ 14, 341 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എഴുതിയ വിധി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീഷ് ചന്ദ്ര മിശ്ര എന്നിവരും ഇതിനെ പിന്തുണച്ചു.

എസ് സി, എസ്ടി സംവരണത്തിനായി മാറ്റിവെച്ചിട്ടുള്ള മുഴുവന്‍ സീറ്റുകളും അതി പിന്നാക്കക്കാര്‍ക്കായി നീക്കിവെക്കരുതെന്നും അതി പിന്നാക്കക്കാര്‍ക്കുള്ള ഉപസംവരണം സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

പട്ടികജാതി, പട്ടികവര്‍ഗ സമുദായങ്ങള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള സംവരണത്തില്‍ നിന്ന് മേല്‍ത്തട്ടുകാരെ ഒഴിവാക്കണമെന്ന് ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വിധിച്ചു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, വിക്രം നാഥ്, പങ്കജ് മിത്തല്‍, സതീഷ് ചന്ദ്ര ശര്‍മ എന്നിവരാണ് ഇങ്ങനെ വിധിച്ചത്.

സംവരണ വിഭാഗങ്ങളില്‍ അതിപിന്നാക്കക്കാര്‍ക്കുള്ള ഉപസംവരണം ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്യതയെ ഹനിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അതേസമയം, സര്‍ക്കാറുകള്‍ക്ക് തന്നിഷ്ടപ്രകാരമോ രാഷ്ട്രീയ കാര്യസാധ്യത്തിനോ ഉപസംവരണം നല്‍കാനാവില്ലെന്നും അത് കോടതിയുടെ പരിശോധനക്ക് വിധേയമാകുമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.

സുപ്രീം കോടതിയുടെ വിധി സംവരണത്തെ അട്ടിമറിക്കുന്നതും ഭരണഘടന വിരുദ്ധവുമാണോ എന്ന് ആദിവാസി ഗോത്രമഹാസഭ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ എം ഗീതാനന്ദന്‍ സംസാരിക്കുന്നു

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെ നിര്‍ണയിക്കുന്നത് ഭരണഘടനയുടെ 341, 342 വകുപ്പുകള്‍ അനുസരിച്ചാണ്. 341 അനുസരിച്ച് പട്ടിക ജാതി വിഭാഗങ്ങളെയും 342 അനുസരിച്ച് പട്ടിക വര്‍ഗ വിഭാഗങ്ങളെയും നിര്‍ണയിക്കുന്നു.

ഇങ്ങനെ നിര്‍ണയിക്കാനുള്ള അവകാശം 341 (1) അനുസരിച്ച് പാര്‍ലമെന്റിനാണ്. പാര്‍ലമെന്റ് അംഗീകരിച്ചതിന് ശേഷം പ്രസിഡന്റ് ഒപ്പിട്ട് വിജ്ഞാപനം ചെയ്ത് കഴിഞ്ഞാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനോ, ഒഴിവാക്കാനോ, മാറ്റം വരുത്താനോ ആര്‍ക്കും അധികാരമില്ല.

എം ഗീതാനന്ദന്‍ Screengrab, Copyright: Facebook

സംസ്ഥാന സര്‍ക്കാരുകളാണ് ഇവരുടെ സാമൂഹിക സാഹചര്യത്തെ കുറിച്ച് പഠിച്ച് ശുപാര്‍ശ ചെയ്യുന്നത്. ഇതിന് ശേഷം ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷന് വേണമെങ്കില്‍ പരിശോധിക്കാം. സെന്‍സസിന്റെ ഡേറ്റ കൈകാര്യം ചെയ്യുന്ന രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും കൂടി പരിശോധിച്ചതിന് ശേഷമാണ് പാര്‍ലമെന്റില്‍ വരുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ തന്നെ വളരെ സ്റ്റെപ് ബൈ സ്റ്റെപ്പ് ആയാണ് നടക്കുക.

മറ്റൊന്ന് ഇതിന്റെ അധികാരം പാര്‍ലമെന്റില്‍ നിക്ഷിപ്തമാക്കാനുള്ള കാരണങ്ങള്‍ ഭരണഘടനാ അസംബ്ലി കാലയളവില്‍ തന്നെ ചര്‍ച്ചയായിരുന്നു. പട്ടിക ജാതി എന്ന കാറ്റഗറി വരുന്നതിനു മുമ്പ് ഭരണ ഘടന നിര്‍മാതാക്കളും മറ്റുള്ളവരും ഉപയോഗിച്ചിരുന്നത് അധഃസ്ഥിത വിഭാഗങ്ങള്‍ എന്നായിരുന്നു.

അധഃസ്ഥിത വിഭാഗങ്ങള്‍ എന്ന പ്രയോഗത്തെ ഭരണഘടനാ സ്ഥാപനത്തിനകത്തേയ്ക്ക് കൊണ്ടുവരുന്നത് 1935 ലെ ഇന്ത്യാ ഭരണഘടനാ ആക്റ്റ് ആണ്. ഡോ. ബിആര്‍ അംബേദ്കര്‍ തന്നെ അധഃസ്ഥിത വിഭാഗങ്ങള്‍ എന്ന് നിര്‍വചിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തെയാണ്.

വര്‍ണാശ്രമ ധര്‍മത്തിന്റേയും പിന്നീട് ചതുര്‍വര്‍ണ്യവുമായി മാറിയ ജാതി വ്യവസ്ഥയ്ക്ക് പുറത്തുള്ള ഒരു വിഭാഗമായിട്ടാണ് അയിത്ത (untouchability) മുണ്ട് എന്ന് പറയുന്ന വിഭാഗത്തെ കണക്കാക്കിയിരുന്നത്. നമ്മള്‍ പഞ്ചവര്‍ എന്നൊക്കെ പറയും. ഈ വിഭാഗമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അയിത്തത്തിന്റെ അനാചാരങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടത്.

അതിന് മുകളിലുള്ളവര്‍, അതായത് ജാതി വ്യവസ്ഥയ്ക്ക് ഉള്ളിലുള്ളവര്‍ പല മണ്ഡലങ്ങളിലാണ് അവരുടെ സ്ഥാന നിര്‍ണയം നടത്തുന്നത്. അയിത്തത്തിന് വിധേയമായ വിഭാഗങ്ങളെ ആണ് അധഃസ്ഥിത വിഭാഗങ്ങള്‍ എന്ന നിലയില്‍ വേര്‍തിരിച്ചെടുക്കുന്നത്. 1935 ല്‍ ഒന്നാം ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുമ്പ് തന്നെ 1931 ലെ സെന്‍സെസില്‍ ഇതിനെ കുറിച്ച് പഠിക്കുകയും ഒട്ടേറെ നരവംശ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

വിവിധ സാമൂഹിക വിഭാഗങ്ങളില്‍ പല ജാതികള്‍, പല ഗോത്രങ്ങള്‍, പല വംശങ്ങള്‍ എന്നിവ വരും. സാമൂഹിക വിഭാഗത്തിന്റെ അളവുകോല്‍ വെച്ച് നോക്കുമ്പോള്‍ കുറേ പേര്‍ക്ക് ഗോത്ര സ്വഭാവമുണ്ടാകും. വളര്‍ച്ചയുടെ നിലവാരത്തില്‍ പോലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം.

ഇവരുടെ പൊതുവായുള്ള സവിശേഷത എന്ന് പറയുന്നത് ജാതി വ്യവസ്ഥയുടെ ഉള്ളിലുള്ള, അതായത് ബ്രാഹ്‌മിണ്‍, ക്ഷത്രിയ, വൈശ്യന്‍, ശൂദ്രന്‍ എന്ന് പറയുന്ന അധികാര ശ്രേണിയിലുള്ള ഒരു മേല്‍-കീഴ് ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള കീഴടക്കല്‍ രീതി ഇവര്‍ക്കില്ല. ഇതെല്ലാം സ്വതന്ത്രമായി നില്‍ക്കുന്ന വിഭാഗങ്ങളാണ്. സ്വയംഭരണമുള്ള സ്വതന്ത്രമായ സമൂഹങ്ങളാണ്.

ജാതി വ്യവസ്ഥ എന്ന് പറയുന്ന അധികാര ശ്രേണി ഇവരുടെ ഉള്ളിലില്ല. അതായത് ഒരു കമ്മ്യൂണിറ്റി ജാതി വ്യവസ്ഥയുടെ ടൂളുകള്‍ ഉപയോഗിച്ച് വേറൊരു കമ്മ്യൂണിറ്റിയെ അടിച്ചമര്‍ത്തുന്നില്ല. എന്നാല്‍ ഇവരുടെ ജീവിത രീതിയിലും വിശ്വാസ ആചാരങ്ങളിലും സംസ്‌കാരം, ഭാഷ തുടങ്ങിയില്‍ വ്യതിരിക്തത ഉള്ളവരാണ്.

ചില ഗോത്ര വര്‍ഗ വിഭാഗങ്ങളെ പോലെ ചില കമ്മ്യൂണിറ്റികള്‍ മറ്റുള്ളവരെ അകറ്റി നിര്‍ത്തും. വിവാഹ ബന്ധങ്ങള്‍ ഉണ്ടാവില്ല. പക്ഷേ ഇതൊക്കെ തന്നെ ഒരു ജാതി അധികാര ശ്രേണി അടിച്ചമര്‍ത്തലിന്റെ ഭാഗമല്ല. ആ നിലയില്‍ ഇവരെല്ലാം തന്നെ വൈവിധ്യപൂര്‍ണമായ സംസ്‌കാരവും ജീവിത രീതികളും വിശ്വാസവും ഉള്ളവരാണ്.

ഏകതാനമായ (homogenous) സ്വഭാവമുള്ളവര്‍ എന്ന നിലയില്‍ ഇവരെല്ലാവരും ജാതി വ്യവസ്ഥയ്ക്ക് ഇരയാക്കപ്പെട്ടവരോ അയിത്തത്തിന്റെ ദുരാചാരങ്ങള്‍ക്കും അനീതിയ്ക്കും വിധേയമാക്കപ്പെട്ടവരുമാണ്. അയിത്തത്തിന്റെ ദുരാചാരങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടതുകൊണ്ടുണ്ടായ സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയാണ് പട്ടിക ജാതി എന്ന കാറ്റഗറി ആയത്.

ഡോ. ബിആര്‍ അംബേദ്‌ക്കര്‍ Screengrab, Copyright: wikimedia

ഇതൊരു വര്‍ഗമാണ്. ജാതിയല്ല. പട്ടിക ജാതികള്‍ എന്ന് പറയുന്നത് ഒരു കമ്മ്യൂണിറ്റിയല്ല. മറിച്ച് സാമൂഹിക വര്‍ഗ്ഗമാണ്. ഇങ്ങനെ വര്‍ഗീകരിക്കുകയായിരുന്നു. ഇത് സൂക്ഷ പരിശോധനയ്ക്കും നടപടി ക്രമങ്ങള്‍ക്കും ശേഷം വളരെ ശാസ്ത്രീയമായി ഒരിക്കല്‍ നിര്‍ണയിച്ചു കഴിഞ്ഞാല്‍ അതില്‍ വിഭജനം പാടില്ല.

ഈ കാരണം കൊണ്ടാണ് 341 ന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് പട്ടിക ജാതി വിഭാഗങ്ങളെ നിര്‍ണയിക്കണം എന്നും സമ്പൂര്‍ണ അധികാരം സൂക്ഷ്മ പരിശോധനയോട് കൂടി പാര്‍ലമെന്റില്‍ തന്നെ നിക്ഷിപ്തമാക്കുകയും ചെയ്യുന്നത്.

ഇനി പ്രാദേശികമായി ഇതിന്റെ നിര്‍ണയത്തെ സംബന്ധിച്ചുള്ള അധികാരം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്താല്‍ അത് നടപ്പാക്കുക പ്രാദേശിക ജാതി അധികാര ശ്രേണിയും അവര്‍ക്ക് സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ആയിരിക്കും. ഇവരൊന്നും ഈ വിഭാഗങ്ങളോട് അയിത്തം ഉണ്ടെന്ന് അംഗീകരിക്കാത്തവര്‍ ആണ്.

ജാതിയുടെ പ്രായോഗികമായ മര്‍ദ്ദന രീതിയില്‍ നിയന്ത്രണത്തിലാക്കുന്ന സ്ഥാനങ്ങള്‍ എല്ലാം തന്നെ ഗ്രാമീണ മേഖലയിലോ പ്രാദേശിക തലത്തിലോ എല്ലാം ഉണ്ടാകും. ഒരര്‍ത്ഥത്തില്‍ ഗാന്ധിയന്‍ ഗ്രാമസ്വരാജിനെ പോലും അംബേദ്കര്‍ എതിര്‍ക്കുന്നത് ഈ ദര്‍ശനം വെച്ചാണ്.

ഒരു പൊതുവായ ആശയത്തില്‍ ജനാധിപത്യ രാഷ്ട്രീയത്തിലുള്ള ഒരു യൂണിയന്‍ സര്‍ക്കാരിനുള്ളില്‍ മാത്രമേ ഇവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടൂ എന്നുള്ളത് ഡോ. അംബേദ്ക്കറുടെ ദര്‍ശനം ആയിരുന്നല്ലോ. അതുകൊണ്ട് പ്രാദേശികമായുള്ള രാഷ്ട്രീയ ഘടകങ്ങളുടെ ഇടപെടല്‍ നടത്തി ഈ ലിസ്റ്റില്‍ കൃത്രിമം നടത്തിക്കൂട. അന്ന് ഉപയോഗിച്ച പദം tinker (it Should may tinkered by other political connecters) എന്നാണ്. അതുകൊണ്ടാണ് ഇത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിക്ഷിപ്തമാക്കിയത്.

മറ്റൊരു പ്രശ്‌നം ആര്‍ട്ടിക്കിള്‍ 341 എന്ന് പറയുന്നത് സ്വന്തന്ത്രമായി നില്‍ക്കുന്ന ഒരു വകുപ്പ് ആണെന്ന് പറയാന്‍ പറ്റില്ല. അതിന്റെ അധികാര പരിധിയില്‍ വരുന്നത് ഈ ലിസ്റ്റിന്റെ നിര്‍ണയമാണ്. പട്ടിക ജാതി, പട്ടിക വര്‍ഗം എന്നീ രണ്ട് കാറ്റഗറിയെ നിര്‍ണയിക്കല്‍. യഥാര്‍ത്ഥത്തില്‍ അയിത്തം പോലുള്ള ഒരു പ്രതിഭാസത്തെ തുടച്ചുനീക്കുക എന്ന ഭരണഘടനാപരമായ അവകാശങ്ങളില്‍ നിന്നാണ് ഈ വകുപ്പുകള്‍ ഒക്കെ ഉത്ഭവിക്കുന്നത്. അത് ആര്‍ട്ടിക്കിള്‍ 17 നാണ്.

തൊട്ട്കൂടായ്മ പോലുള്ള ദുരാചാരവും അതിന്റെ എല്ലാ രൂപങ്ങളെയും നിര്‍മാര്‍ജനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് ആര്‍ട്ടിക്കിള്‍ 17 ല്‍ പറയുന്നത്. അതിന്റെ പ്രയോഗവല്‍ക്കരണത്തിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 14, 15, 16 ല്‍ പറയുന്ന മൗലികാവകാശങ്ങളിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശം ഉറപ്പുവരുത്തപ്പെടുന്നത്.

ആ മൗലികാവകാശങ്ങളിലുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ പ്രയോഗ രൂപത്തിന് വേണ്ടിയാണ് 341, 342, 338 (പട്ടിക ജാതി കമ്മീഷനെ നിയോഗിക്കല്‍), 339 (പട്ടിക വര്‍ഗ കമ്മീഷന്‍), രാഷ്ട്രീയ മണ്ഡലത്തിലുള്ള പ്രാതിനിധ്യം ലഭിക്കല്‍ തുടങ്ങിയവ വകുപ്പുകള്‍ ഉള്ളത്. ആര്‍ട്ടിക്കിള്‍ 17 ന്റെ ഉപഗ്രഹങ്ങള്‍ ആണ് മറ്റുള്ള വകുപ്പുകള്‍ എന്ന് വേണമെങ്കില്‍ പറയാം. ആപ്പോള്‍ അത്രയും ആഴത്തിലുള്ളതാണ് പട്ടിക ജാതി ലിസ്റ്റും അതിന്റെ പ്രവര്‍ത്തനങ്ങളും.

പിന്‍കാലത്ത് ഭരണഘടനയുടെ 225-ാം വകുപ്പ് ഭേദഗതി ചെയ്തിട്ടാണ് പ്രത്യേക ഘടക പദ്ധതി ഉണ്ടാക്കുന്നത്. 275-ാം വകുപ്പില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഫണ്ട് വിനിയോഗിക്കാനുള്ള ഒരു ഭരണഘടനാപരമായ സംരക്ഷണം ഉണ്ടാക്കുന്നത്. പ്രത്യേക ഘടക പദ്ധതി, പ്രത്യേക ഗിരിവര്‍ഗ ഉപ പദ്ധതി എന്നിങ്ങനെയൊക്കെ.

അപ്പോള്‍ ഈ വിഭാഗത്തിന്റെ അസ്ഥിത്വത്തേയും ഈ വിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിനും ഏറെ പ്രാധാന്യം കൊടുക്കുകയും ഇവരെല്ലാം തന്നെ വ്യതിരിക്തമായ ഒരു വിഭാഗം എന്നുള്ള നിലയില്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ ഈ വിഭാഗങ്ങളുടെ അവകാശങ്ങളും പിന്നാക്കാവസ്ഥയും ഒരു രീതിയിലും ഇതര വിഭാഗങ്ങളുടെ പിന്നാക്ക അവസ്ഥയുമായി നമ്മുക്ക് താരതമ്യം ചെയ്യാന്‍ കഴിയില്ല.

ഇന്ത്യൻ ഭരണഘടനയുടെ ആദ്യ കൈയെഴുത്തുപ്രതി Screengrab, Copyright: AD

ഒബിസി വിഭാഗങ്ങളുമായി പ്രത്യേകിച്ചും. ഒബിസി എന്ന് പറയുന്നത് പല ജാതികളുടെ കൂട്ടമാണ്. പല അടരുകളില്‍ ജാതീയമായ ഉച്ഛനീചത്വങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടവരാണ്. എന്നാല്‍ പട്ടിക വിഭാഗങ്ങള്‍ നേരിട്ട അയിത്തവുമായും അതിന്റ വികലതവുമായും ഇത് താരതമ്യം ചെയ്യാന്‍ പാടില്ല. ഇത് കുറച്ചുകൂടി ഭരണഘടനാ വിശകലനങ്ങള്‍ക്ക് വിധേയമാക്കേണ്ട വിഷയമാണ്.

1990 ന് ശേഷം വന്ന വലിയൊരു അപകടം ഒബിസിയുടെ പിന്നാക്കാവസ്ഥയുടെ അളവുകോല്‍ വെച്ചാണ് പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ സൈദ്ധാന്തികമായി പല പണ്ഡിതന്‍മാരും ജുഡീഷ്യറിയും കൈകാര്യം ചെയ്തിരിക്കുന്നത്.

ഉദാഹരണത്തിന് പ്രഗല്‍ഭ അഭിഭാഷകന്‍ ആയിട്ടുള്ള ഡോ. മോഹന്‍ ഗോപാലിന്റെ ഒരു പ്രഭാഷണം ഞാന്‍ കഴിഞ്ഞ ദിവസം കേട്ടു. അദ്ദേഹം പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഭാഗമായാണ് ഇതിനെ വിശദീകരിക്കുന്നത്. എല്ലാവര്‍ക്കും തുല്യമായുള്ള പ്രാതിനിധ്യം, എല്ലാവര്‍ക്കും തുല്യമായുള്ള അവകാശം എന്ന് പറയുന്ന ഒരു പൊതു രാഷ്ട്രീയ മൂല്യ വ്യവസ്ഥയെ കുറിച്ചാണ് പ്രാതിനിധ്യ ജനാധിപത്യം പറയുന്നത്.

യഥാര്‍ത്ഥത്തില്‍ ദളിതരുടെ പ്രശ്‌നം പ്രാതിനിധ്യ ജനാധിപത്യമല്ല. അയിത്തം എന്നത് സവിശേഷമായി പ്രതിനിധാനം ചെയ്യണം. പ്രത്യേക ഇലക്ട്രേറ്റ് പോലും ഡോ. അംബേദ്ക്കര്‍ ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. പ്രാതിനിധ്യ ജനാധിപത്യത്തില്‍ പങ്കാളിത്തം ഉള്ളപ്പോള്‍ തന്നെ ഇവരുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനും ഇവരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പ്ലാറ്റ്‌ഫോമുകളും ഇലക്ട്രേറ്റ് ഉള്‍പ്പെടെ വേണമെന്നും ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. അതൊരു പുതിയ ഐഡന്റിറ്റിയാണ്. ഈ ഐഡന്റിറ്റി എന്ന് പറയുന്നതിന് ആഗോള ആശയത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ അര്‍ത്ഥങ്ങളും പുതിയ പരികല്‍പനകളും വന്നു കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ട് പട്ടിക ജാതി എന്ന് പറയുന്ന ലിസ്റ്റ് വിഭജിക്കാന്‍ കഴിയില്ല. അവിഭാജ്യമാണ്. ഈ ഒരു ആശയത്തെയാണ്, 341 നുള്ള അധികാര പരിധി നിയമസഭകള്‍ക്ക് വിട്ടുകൊടുത്ത് കൊണ്ട്, പട്ടിക ജാതി വിഭാഗം ഏകതാന സ്വഭാവമുള്ളവര്‍ അല്ലെന്നും ഹെട്രോജീനിയസ് ആണെന്നും മുഖ്യ വിധി പറഞ്ഞിരിക്കുന്ന ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞിരിക്കുന്നത്.

പ്രത്യേകിച്ച് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല ഈ വിധി പറഞ്ഞിരിക്കുന്നത്. പട്ടിക ജാതിക്കാര്‍ക്കിടയില്‍ തന്നെ അന്തരങ്ങളുണ്ട്, അവര്‍ക്കിടയില്‍ തീണ്ടലുകള്‍ ഉണ്ട് എന്നൊക്കെയുള്ള ഗുജറാത്തിനെ സംബന്ധിച്ച ഏതോ ഒരു വ്യക്തിയുടെ അക്കാദമിക് പഠനത്തെയാണ് അദ്ദേഹം ആശ്രയിച്ചിരിക്കുന്നത്. ഹെട്രോജീനിയസ് ആയതു കൊണ്ട് വിഭജിതമാക്കാം എന്നാണ് അദ്ധേഹത്തിന്റെ ഒരു നിഗമനം. രണ്ടാമത്തേത് അധികാരം സംസ്ഥാങ്ങള്‍ക്ക് വിടാം എന്നുള്ളതാണ്.

പട്ടികജാതി-പട്ടികവര്‍ഗ ലിസ്റ്റില്‍ ഉപസംവരണവും ക്രീമിലെയറും നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്നതോടെ പാര്‍ലമെന്റിന്റെ അധികാരവും പ്രസിഡന്റിന്റെ അധികാരവും റദ്ദാക്കുകയും ആത്യന്തികമായി ഇത് ചിതറപ്പെട്ട ഒരു സംഭവമായി മാറും. അതുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നതും.

ജാതി സെന്‍സസ് നടപ്പാക്കണം

കാര്യമായ ഡാറ്റ വെച്ചല്ല കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തിപരമായ വിശകലനം മാത്രമാണ്. നിയമത്തെ വ്യാഖ്യാനിക്കുന്നു. നിയമത്തെ വ്യാഖ്യാനിച്ചത് കൊണ്ട് മാത്രം പറയേണ്ട കാര്യമല്ല. കാരണം നിയമത്തെ വ്യാഖ്യാനിക്കലൊക്കെ ഭരണഘടനാ അസ്സംബ്ലിയില്‍ കഴിഞ്ഞിട്ടാണ് വകുപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

അതില്‍ മാറ്റം വരുത്തണം എങ്കില്‍ കോടതി കൃത്യമായ ഡാറ്റ ഉപയോഗിച്ച് തെളിയിക്കേണ്ടിയിരുന്നു. ഏകതാന സ്വഭാവമുള്ളവരല്ല സാമ്പത്തികമായും സാമൂഹികമായും വ്യത്യസ്ഥ തലങ്ങളില്‍ ആണുള്ളത്, അല്ലെങ്കില്‍ അയിത്തം എല്ലാം ഒരേ പോലെ അല്ല തുടങ്ങി വളരെ ഗൗരവമുള്ള ഒരു ഡാറ്റബേസ് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ആ നിലക്ക് എസ് സി, എസ്ടി വിഭാഗങ്ങളെ സംബന്ധിച്ചുള്ള സെന്‍സെസ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സൂക്ഷ്മ തലത്തില്‍ മറ്റ് വിഭാഗങ്ങളുമായുള്ള താരതമ്യവും പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് ഉള്ളിലുള്ള അവാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള താരത്യമവും തന്നെ നിലവിലുള്ള ഡാറ്റയിലില്ല. ആ നിലക്കാണ് വളരെ സമഗ്രമായുള്ള ഒരു ജാതി സെന്‍സസ് നടത്തേണ്ടത് അത്യാവശ്യമായി മാറുന്നത്.

ഉപസംവരണം ക്രീമിലെയറിന്റെ മറ്റൊരു രൂപം

മറ്റൊരു പ്രധാനപ്പെട്ട കാര്യം, ക്രീമിലെയര്‍ വേണ്ട എന്ന് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പക്ഷേ ഉപസംവരണവും ക്രീമിലെയറിന്റെ വേറൊരു രൂപം തന്നെയാണ്. പട്ടിജ ജാതിയില്‍ ഒരു മേലാള വര്‍ഗവും ഒരു കീഴാള വര്‍ഗവും ഉണ്ടോ എന്ന് ആദ്യം സൈദ്ധാന്തികമായി അംഗീകരിക്കണമല്ലോ. അങ്ങനെ അംഗീകരിച്ച് കഴിഞ്ഞാല്‍ അതിനകത്ത് സാമൂഹ്യമായും സാമ്പത്തികമായും വികസിച്ച ഒരു വിഭാഗം ഉണ്ടെന്നും സാമൂഹ്യമായും സാമ്പത്തികമായും പിന്തള്ളപ്പെട്ട ഒരു വിഭാഗം ഉണ്ടെന്നും പറയേണ്ടി വരും.

ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾ ഇന്ത്യൻ ഭരണഘടനയില്‍ ഒപ്പുവെക്കുന്നു Screengrab, Copyright: The Hindu

അങ്ങനെ പിന്തള്ളപ്പെടുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കാന്‍ പോകുന്നത് ഇതിനകത്തുള്ള മുന്നാക്കക്കാര്‍ അവസരം തട്ടിയെടുത്തു എന്നുള്ളതാണ്. യഥാര്‍ത്ഥത്തില്‍ ഏത് കമ്മ്യൂണിറ്റി ലിസ്റ്റ് ആണെങ്കിലും ഇവരെല്ലാം മത്സരിച്ചേ മതിയാകൂ.

ഉദാഹരണത്തിന് ഈ ലിസ്റ്റ് വിഭജിച്ചു എന്നിരിക്കട്ടെ. ഒന്നോ രണ്ടോ ശതമാനമുള്ള കേരളത്തില്‍ അതിപിന്നാക്കം നില്‍ക്കുന്ന വേടന്‍, നായാടി, ചക്ലിയ വിഭാഗങ്ങള്‍ക്ക് വേണ്ടി ഉപസംവരണം മാറ്റിവെച്ചു എന്ന് സങ്കല്‍പ്പിക്കുക, സംഭവിക്കാന്‍ പോകുന്നത് ഏറ്റവും മത്സരബുദ്ധിയുള്ള ആളുകള്‍ക്ക് ഈ ചെറിയ സര്‍ക്കിളില്‍ മത്സരിക്കേണ്ടി വരും. ആ സര്‍ക്കിളില്‍ തന്നെയുള്ള അല്‍പം മേലാളര്‍ക്ക് മാത്രമേ എന്തെങ്കിലും കിട്ടുകയുള്ളൂ. അവശേഷിക്കുന്ന 8 ശതമാനത്തിലും ഇതുതന്നെയാണ് സംഭവിക്കുക.

കേരളത്തിലെ വലിയൊരു കമ്മ്യൂണിറ്റിയാണ് പുലയരും സാംബവരും. അതില്‍ സംവരണം പ്രയോജനപ്പെടുത്തുന്നത് ന്യൂനപക്ഷം മാത്രമായിരിക്കും എപ്പോഴും. സംവരണം പ്രയോജനപ്പെടുത്തുന്നതിന്റെ മുന്നുപാധി എന്ന് പറയുന്നത് അവര്‍ക്ക് സാമൂഹ്യപരമായും സാമ്പത്തികപരമായും ഇതിനോട് മത്സരിക്കാന്‍ പറ്റുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യം ഭരണകൂടം സൃഷ്ടിക്കണം. എന്നാല്‍ മാത്രമേ ഇവര്‍ക്ക് മത്സരിക്കാന്‍ പറ്റൂ.

നിതാന്തമായ അടിമത്തത്തിന് വിധേയമാകുന്ന ആളുകള്‍ക്കും അവരുടെ മക്കള്‍ക്കും ഒന്നും സംവരണത്തിലേയ്ക്ക് പോകാന്‍ പറ്റില്ല. സര്‍ക്കാരിന്റെ ഹോസ്റ്റല്‍ സൗകര്യം ഉപയോഗപ്പെടുത്തി കുറച്ചു പേര്‍ക്കൊക്കെ പഠിച്ചുവരാന്‍ പറ്റുമെങ്കിലും മത്സര പരീക്ഷകള്‍ക്ക് ഒന്നും ഇവര്‍ക്ക് പ്രത്യേകിച്ച് ഔദാര്യങ്ങള്‍ ഒന്നും തന്നെ ആരും കൊടുക്കുന്നില്ലല്ലോ. സംവരണം ഉള്ളതുകൊണ്ട് ചെറിയ നീക്കുപോക്കുകള്‍ ഉണ്ടെങ്കിലും അവര്‍ക്ക് മത്സരിച്ചെ മതിയാകൂ. അങ്ങനെയുള്ള മത്സര ലോകത്തില്‍ ഇവര്‍ക്ക് മത്സരിക്കാനുള്ള സാമ്പത്തിക സാഹചര്യം ഒരുക്കുക, പാക്കേജുകള്‍ ഉണ്ടാക്കുക, വിദ്യാഭ്യാസത്തില്‍ സംവരണം നല്‍കല്‍ തുടങ്ങിയവ ഒരുക്കണം.

15 വര്‍ഷമായി ഉന്നയിക്കുന്ന വിഷയമാണ് വേടന്‍, ചക്ലിയ, നായാടിമാര്‍ക്ക് എന്‍ട്രന്‍സ് കോച്ചിങ്ങില്‍ പ്രത്യേക ബാച്ച് അനുവദിക്കണം എന്നുള്ളത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ എംബിബിഎസ് പഠിക്കാന്‍ തുടങ്ങുന്നത് 2012ന് ശേഷമാണ്. അതുവരെ സീറ്റ് മുഴുവന്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. 2009 ല്‍ മലഅരയ കമ്മ്യൂണിറ്റിയിലെ കുട്ടിയാണ് ആദ്യമായി എംബിബിഎസിന് ചേരുന്നത്. പിന്നീട് ആദി ശക്തി സമ്മര്‍ സ്‌കൂളില്‍ നിന്നുള്ള ഒരു കുട്ടി പാലാ ബ്രില്യന്‍സ് അക്കാദമിയില്‍ പഠിച്ച് നല്ല മാര്‍ക്ക് നേടി.

പാല ബ്രില്യന്‍സ് അക്കാദമിയില്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് 100 പേരുടെ സ്‌പെഷ്യല്‍ ബാച്ച് ഒരുക്കി കൊടുക്കുന്നത് കൊണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്. വേടന്‍, ചക്ലിയ, നായാടി വിഭാഗത്തിലെ 20 കുട്ടികള്‍ക്ക് എങ്കിലും കീമിനും നീറ്റിനും വേണ്ടി സ്‌പെഷ്യല്‍ ബാച്ച് അനുവദിക്കുകയാണെങ്കില്‍ അവരും കയറിവരും. അവര്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകളും ചെയ്യാം.

കൂടാതെ അന്തസായി ജീവിക്കാനുള്ള ഭവനം, സാമൂഹിക സാഹചര്യം, ഭൂമി തുടങ്ങിയ കാര്യങ്ങളില്‍ ഭരണകൂടത്തിന്റെ യാതൊരുതരത്തിലുള്ള നിര്‍ണയവും നടക്കുന്നില്ല. മാത്രമല്ല, നിര്‍ദ്ദേശ തത്വങ്ങളുടെ ഭാഗമായി ദാരിദ്ര നിര്‍മാര്‍ജനം, തുല്യത, ലിംഗസമത്വം ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ധാരാളമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പല വ്യവസ്ഥകളും സര്‍ക്കാര്‍ നടപ്പാക്കുന്നത്.

കേരളത്തില്‍ ഭൂ പരിഷ്‌ക്കരണം ഉണ്ടായിട്ടുണ്ട്. 1955 ലെ പൗരാവകാശ നിയമത്തിലാണ് അടിമത്തം നിര്‍മാര്‍ജനം നിയമപരമായി ഉറപ്പുവരുത്തുന്നത്. ഇതിന്റെ വിപുലീകരണം എന്ന നിലയിലാണ് 1989ല്‍ അട്രോസിറ്റി ആക്റ്റ് വരുന്നത്. സമാനമായ കാലഘട്ടത്തിലാണ് തോട്ടിപ്പണി നിരോധിച്ച് കൊണ്ടുള്ള നിയമം വരുന്നത്. അടിയന്തരാവസ്ഥ കാലഘത്തിലാണ് ബോണ്ടഡ് ലേബര്‍ സിസ്റ്റം നിര്‍ത്തലാക്കുന്നത്.

പക്ഷേ, ഇത്തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ റദ്ദാക്കുക എന്നുള്ളതാണ് സുപ്രീംകോടതി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നത്. ഉദാഹരണത്തിന് ഖൈര്‍ലാഞ്ചി പോലെയുള്ള വലിയ കൂട്ടക്കൊല നടന്നതിന്റെ വിവാദം നിലനില്‍ക്കുകയും ഓരോ മണിക്കൂറിലും ദളിതര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതിന്റെ രാഷ്ട്രീയ പശ്ചാത്തലം ഇന്ത്യയിലെ നിലനില്‍ക്കവേ ആണ് അട്രോസിറ്റി ആക്റ്റിലെ പ്രധാനപ്പെട്ട ഒരു വകുപ്പ് സുപ്രീംകോടതി റദ്ദാക്കുന്നത്.

അന്തസുള്ള ജീവിതത്തിന് ഇവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാം, ഉദാഹരണത്തിന് ആമഴിയഞ്ചാന്‍ തോട്ടില്‍ ജോയി മരിക്കുന്നു, ഇപ്പോഴും തോട്ടിപ്പണി ചെയ്യുന്നവര്‍ ഒരു പ്രത്യേക വിഭാഗക്കാരായി നിലനില്‍ക്കുകയാണ്. അവര്‍ക്ക് എന്ത് സുരക്ഷയാണ് ഭരണകൂടം നല്‍കുന്നത്. കുടുംബശ്രീയില്‍ തന്നെ കറുത്ത വര്‍ഗക്കാര്‍ക്ക് പ്രത്യേകിച്ചുള്ള ഹരിത സേന ഉണ്ടാക്കുക, അവര്‍ക്ക് അന്തസായി തൊഴില്‍ എടുക്കാനുള്ള ശാസ്ത്രീയമായ ഉപകരങ്ങള്‍ കൊടുക്കാതിരിക്കുക എന്ന് പറയുന്ന തരത്തിലാണ് കാര്യങ്ങള്‍.

പത്തു കൊല്ലം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഏതാണ്ട് 15 കോടി രൂപ വര്‍ഷാ വര്‍ഷം തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിന് വേണ്ടി മാറ്റിവെക്കുമായിരുന്നു. ഒരു പൈസ പോലും അതില്‍ നിന്നും ചിലവഴിച്ചിട്ടില്ല. ഇത്തരത്തിലുള്ള വിഭാഗങ്ങള്‍ക്ക് സവിശേഷമായ പാക്കേജുകള്‍ ഉണ്ടാക്കണം. അത് സാമ്പത്തികമാകം സാമൂഹ്യമാകാം. ഇത് ചെയ്തുകൊണ്ടേ മറ്റുള്ളവരുമായി മത്സരിക്കാന്‍ മത്സരിബുദ്ധിയുള്ള ലോകത്ത് ഇവര്‍ക്ക് കടന്നുവരാന്‍ സാധിക്കൂ.

അപ്പോള്‍ ലിസ്റ്റ് വിഭജിച്ചത് കൊണ്ട് ഇതില്‍ ഒരു ക്രീമിലെയര്‍ ഉണ്ടെന്ന് സ്ഥപിച്ചെടുക്കുകയും അത് പ്രായോഗികവല്‍ക്കരിക്കുകയുമാണ് ചെയ്യുക. അത് അയിത്തം എന്നുള്ളതിന്റെ മാനദണ്ഡത്തില്‍ ഏകതാന സ്വഭാവമുള്ള ക്ലാസ് എന്നുള്ള ആശയത്തെയാണ് തകര്‍ക്കുന്നത്. ഇത് ജാതി വ്യവസ്ഥയിലേയ്ക്ക് തിരിച്ചുകൊണ്ട് പോകുന്നു എന്നുള്ളതാണ്.

FAQs

എന്താണ് സംവരണം?

സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. സംവരണം സാമൂഹിക പദവിയും സാമ്പത്തിക സുരക്ഷിതത്വമുള്ള, വിദ്യാഭ്യാസ പുരോഗതിയും അവസര സമത്വവുമുള്ള, അധികാരത്തിൽ പങ്കാളിത്തവും കെട്ടുറപ്പുമുള്ള ഒരു ജനവിഭാഗത്തെയും സാമൂഹത്തെയും തലമുറയേയും സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്.

എന്താണ് സുപ്രീംകോടതി?

ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്റ്റർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള സുപ്രീംകോടതി ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണിത്. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിനു സുപ്രീം കോടതിയിൽ പരാതി ബോധിപ്പിക്കാവുന്നതാണ്. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്. ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ.

ആരാണ് ഡി വൈ ചന്ദ്രചൂഡ്?

2022 നവംബര്‍ മുതല്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യയുടെ 50-ാമത്തെയും നിലവിലെ ചീഫ് ജസ്റ്റിസുമാണ് . 2016 മെയ് മാസത്തില്‍ അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. 2013 മുതല്‍ 2016 വരെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2000 മുതല്‍ 2013 വരെ ബോംബെ ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ്.

Quotes

“നിങ്ങൾ സാമൂഹിക സ്വാതന്ത്ര്യം നേടാത്തിടത്തോളം കാലം, നിയമം നൽകുന്ന സ്വാതന്ത്ര്യം നിങ്ങൾക്ക് പ്രയോജനപ്പെടില്ല- ബിആര്‍ അംബേദ്കർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.