Thu. Dec 26th, 2024

 

ധാക്ക: പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് പലായനം ചെയ്യും മുമ്പ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ ശൈഖ് ഹസീന ആഗ്രഹിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. എന്നാല്‍ പ്രക്ഷോഭകര്‍ തന്റെ വീട്ടുപടിക്കല്‍ എത്തിയതോടെ എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനാല്‍ ആ പ്രസംഗം നടന്നില്ല.

ബംഗ്ലാദേശില്‍ ഭരണമാറ്റത്തിന് യുഎസ് ഗൂഢാലോചന നടത്തുകയാണെന്നും അവസരം ലഭിച്ചാല്‍ ഇക്കാര്യം തന്റെ പ്രസംഗത്തില്‍ പറയുമായിരുന്നുവെന്നും ഷെയ്ഖ് ഹസീന കത്തില്‍ പറയുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് ഞാന്‍ രാജിവെച്ചത്. വിദ്യാര്‍ഥികളുടെ മൃതദേഹത്തിന് മുകളില്‍ ഞാന്‍ അധികാരത്തിലിരിക്കാനാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ അനുവദിച്ചില്ല. പ്രധാനമന്ത്രിപദം രാജിവെച്ചു.

എനിക്ക് വേണമെങ്കില്‍ അധികാരത്തില്‍ തുടരാമായിരുന്നു. സെന്റ് മാര്‍ട്ടിന്‍ ദ്വീപ് അവര്‍ കീഴടക്കി. ബംഗാള്‍ ഉള്‍ക്കടലിന്റെ അധികാരം പിടിച്ചെടുക്കാന്‍ യുഎസിനെ അനുവദിച്ചു. ഞാന്‍ നാട്ടില്‍ തന്നെ താമസിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ ജീവന്‍ നഷ്ടമാകുമായിരുന്നു.”, എന്നാണ് ഹസീന പറയുന്നത്.

കനത്ത തിരിച്ചടികള്‍ക്കിടയിലും അവാമി ലീഗ് തിരിച്ചുവന്ന കാര്യവും ഹസീന ഓര്‍മപ്പെടുത്തി. ‘പ്രതീക്ഷ കൈവിടരുത്. ഇപ്പോള്‍ ഞാന്‍ തോറ്റിരിക്കാം. എന്റെ പിതാവും കുടുംബവും മരിക്കാന്‍ കാരണമായ ആളുകള്‍ വിജയിച്ചു. ഉറപ്പായും ഞാന്‍ മടങ്ങിവരും’, എന്നും ഹസീന പറയുന്നുണ്ട്.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ താന്‍ ഒരിക്കലും റസാക്കര്‍ എന്ന് വിളിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ നടന്ന പ്രക്ഷോഭത്തില്‍ 300ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് ഹസീന രാജിവെക്കുന്നത്.

ഹസീനയുടെ കാലത്ത് ബംഗ്ലാദേശും യുഎസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ജനുവരിയില്‍ ഹസീന അധികാരത്തില്‍ തിരിച്ചെത്തിയത് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചിട്ടാണെന്ന് യുഎസ് ആരോപിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനെയും യുഎസ് വിമര്‍ശിച്ചിരുന്നു.

തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഎസ് ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബംഗ്ലാദേശില്‍ വ്യോമതാവളം നിര്‍മിക്കാന്‍ ഒരു പ്രത്യേക രാജ്യത്തെ അനുവദിച്ചാല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നുവെന്നും ഹസീന മുമ്പ് ആരോപിച്ചിരുന്നു.

ശൈഖ് ഹസീന രാജിവെച്ചതോടെ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചത്.