Sat. Dec 14th, 2024

 

ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്. റിപ്പോര്‍ട്ട് അവാസ്തവമാണെന്നും വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. പൊതുവായി ലഭിക്കുന്ന വിവരങ്ങളില്‍ കൃത്രിമത്വം ഉണ്ടാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.

നേരത്തെ ആരോപിച്ച കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഹിന്‍ഡെന്‍ബര്‍ഗ് പുറത്തുവിട്ടതെന്നും ഇത് അടിസ്ഥാനരഹിതമെന്ന് സുപ്രീം കോടതി തന്നെ കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്തവാനയില്‍ അറിയിച്ചു.

ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ നിയമങ്ങളെ പൂര്‍ണ്ണമായും അവഹേളിക്കുന്നതും വസ്തുതകളെ അവഗണിച്ച് വ്യക്തിഗതലാഭത്തിനായി നേരത്തെ നിശ്ചയിച്ച നിഗമനങ്ങളോടെ തയ്യാറാക്കിയതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിദേശത്തുനിന്ന് വന്‍തോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശ നിക്ഷേപകസ്ഥാപനങ്ങളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നായിരുന്നു ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട്. ഇവര്‍ക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി വിസില്‍ബ്ലോവര്‍ രേഖകളും പുറത്തുവിട്ടിട്ടുണ്ട്.

2023 ജനുവരി 24-ന് ഗ്രൂപ്പിനുനേരേ ഉന്നയിച്ച ആരോപണങ്ങള്‍ അദാനി നിഷേധിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനുപകരം ഹിന്‍ഡെന്‍ബെര്‍ഗിനുനേരേ സെബി നോട്ടീസ് അയക്കുകയായിരുന്നു. ബെര്‍മുഡയിലും മൗറീഷ്യസിലും പ്രവര്‍ത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭര്‍ത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.