Fri. Nov 22nd, 2024

 

ന്യൂഡല്‍ഹി: സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചെന്ന് റഷ്യന്‍ എംബസി. ഏപ്രിലോടെയാണ് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചത്. യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതില്‍ ഇന്ത്യ പ്രതിഷേധിക്കുകയും ഇന്ത്യന്‍ പൗരന്മാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ മുതല്‍ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെച്ച വിവരം റഷ്യന്‍ എംബസി ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.

റഷ്യയുടെ സൈന്യത്തിന്റെ ഭാഗമാകാന്‍ സ്വമേധയാ കരാര്‍ ഒപ്പിട്ടവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഉടന്‍ ഇന്ത്യക്ക് കൈമാറും. റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത 91 ഇന്ത്യന്‍ പൗരന്മാരില്‍ എട്ട് പേര്‍ മരിച്ചു. 14 പേരെ പലകാരണങ്ങളാല്‍ തിരിച്ചയച്ചു. 69 പേരാണ് നിലവില്‍ റഷ്യയിലുള്ളത്. അവരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വെള്ളിയാഴ്ച ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രിയോട് വ്യക്തിപരമായി തന്നെ വിഷയം ഉന്നയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കഴിഞ്ഞ മാസം ഇത് ചര്‍ച്ച ചെയ്തിരുന്നു. ജോലിയുടെ സ്വഭാവം തെറ്റിദ്ധരിപ്പിച്ചാകും പലരുമായി കരാറിലേര്‍പ്പെട്ടതെന്നും ജയശങ്കര്‍ സംശയം പ്രകടിപ്പിച്ചു.