Tue. Sep 17th, 2024

 

ഒട്ടാവ: സാമൂഹിക മാധ്യമങ്ങളായ യൂട്യൂബിനും മെറ്റക്കും ടിക് ടോക്കിനും എതിരെ പരാതി നല്‍കി കനേഡിയന്‍ യുവാവ്. താന്‍ ഇവക്ക് അടിമപ്പെട്ടുപോയെന്നും അമിതമായുള്ള ഉപയോഗം മൂലം ഉറക്കം നഷ്ടപ്പെട്ടുവെന്നും മാനസികാരോഗ്യം മോശമായെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

2015 മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി യുവാവ് പറയുന്നു. ഇവയുടെ അമിത ഉപയോഗം മൂലം ഉല്‍പ്പാദന ക്ഷമത കുറഞ്ഞു. ശരീര പ്രതിഛായയിലും പ്രശ്‌നങ്ങളുണ്ടായി. ദിവസം നാലു മണിക്കൂര്‍ വരെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും യുവാവ് പരാതിയില്‍ പറയുന്നു.

സാമൂഹിക മാധ്യമങ്ങള്‍ അമിതമായി ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കൂടിയാണ് തന്റെ പരാതിയെന്നും യുവാവ് പറയുന്നുണ്ട്. ഗുരുതരമായ പ്രശ്‌നമാണിതെന്ന് കണ്ടാണ് കേസ് ഏറ്റെടുത്തതെന്ന് കനേഡിയന്‍ പൗരന്റെ അഭിഭാഷകന്‍ ഫിലിപ്പ് ബ്രോള്‍ട് പ്രതികരിച്ചു.

ഏഴിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള 52 ശതമാനം കനേഡിയന്‍ കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സാമൂഹിക മാധ്യമ ഉടമകള്‍ ശ്രദ്ധിക്കണമെന്നും ബ്രോള്‍ട് പറഞ്ഞു.

മനുഷ്യരുടെ മാനസിക ബലഹീനതകളെയാണ് ഇത്തരം സമൂഹമാധ്യമങ്ങള്‍ ചൂഷണം ചെയ്യുന്നത്. ഇവയുടെ നിരന്തര ഉപയോഗം നിത്യജീവിതത്തിലും ജീവിത ശൈലിയിലും തന്നെ മാറ്റം വരുത്തുകയാണ്. ഇവയുടെ ഉപയോഗത്തിലൂടെ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.