Tue. Nov 5th, 2024

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ലോഗോ ഉറപ്പായും  പതിപ്പിക്കണമെന്ന് കേന്ദ്രം.

കേന്ദ്ര ഭവന നിർമാണ നഗരകാര്യ സഹമന്ത്രി തോഖൻ സാഹു ആണ് നിർദേശം രാജ്യസഭയിൽ അറിയിച്ചത്. ജെബി മേത്തർ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് തോഖൻ ഇക്കാര്യം വ്യക്തമാക്കിയത്. 

നിര്‍ധനര്‍ക്കും സാധാരണക്കാര്‍ക്കും വീട് നിര്‍മ്മിക്കുന്നതിനു സഹായം നല്‍കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ  സംരംഭമാണ് പ്രധാനമന്ത്രി ആവാസ് യോജന. നാല് വിഭാഗങ്ങളിലായാണ് സഹായം നൽകുക. ചേരി നിർമാർജ്ജനത്തിനായി ഒരു ലക്ഷം രൂപയും ഗുണഭോക്താക്കള്‍ നേരിട്ട് നിർമിക്കുന്ന വീടുകള്‍ക്ക് ഒന്നര ലക്ഷം രൂപ വീതവും വായ്പയെടുത്ത് വീട് നിർമിക്കുന്നവര്‍ക്ക് 2.67 ലക്ഷം രൂപ പലിശ സബ്‌സിഡിയുമാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നൽകുക.

കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ബ്രാൻ്റിങ് നല്‍കുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. എല്ലാ ഭവന നിർമാണ പദ്ധതികളും ഒരൊറ്റ കുടക്കീഴിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ എന്ന ഒറ്റ പദ്ധതി ആവിഷ്‌കരിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന വഴി നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വീട് വയ്ക്കാന്‍ നല്‍കുന്ന പിഎംഎവൈ അർബൻ, റൂറൽ പദ്ധതിയും ഇതിൽ ഉൾപ്പെടും.