Sat. Sep 14th, 2024
Adivasi kerala laptop protest

450 കോടി ഇ-ഗ്രാന്‍ഡ് ആയി കൊടുത്തു എന്ന് സര്‍ക്കാര്‍ പറയുന്നു. അത് ഏതു വഴിക്കാണ് പോയത് എന്ന് ആര്‍ക്കും അറിയില്ല. എന്നിട്ടാണ് 45000 ലാപ്‌ടോപ് കൊടുത്തു എന്ന് പറയുന്നത്

കേരളത്തിലെ വിദ്യാഭ്യാസ സമൂഹം ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമുഖീകരിക്കുന്ന വംശീയതയും അനീതിയും സങ്കീര്‍ണമാക്കിയ കാലമായിരുന്നു കോവിഡ്. പാന്‍ഡെമിക് സമയത്ത് കേരളത്തിലെ സ്‌കൂളുകളും കോളേജുകളും ഡിജിറ്റല്‍ ക്ലാസുകളിലേയ്ക്ക് മാറിയപ്പോള്‍, ആ പഠന രീതി ആദിവാസി, ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ മലപ്പുറം ജില്ലയിലെ ദേവിക ബാലകൃഷ്ണന്‍ എന്ന 14 വയസ്സുള്ള ദളിത് വിദ്യാര്‍ഥി 2020 ജൂണ്‍ ഒന്നിന് ആത്മഹത്യ ചെയ്തതോടെയാണ് ഡിജിറ്റല്‍ വിദ്യാഭ്യാസം ദളിത്, ആദിവാസി വിദ്യാര്‍ഥികളില്‍ ഏല്‍പ്പിച്ച സമ്മര്‍ദ്ദം, പുറംന്തള്ളല്‍ തുടങ്ങിയവ ചര്‍ച്ചയാവുന്നത്.

അതേ വര്‍ഷം സെപ്റ്റംബര്‍ 28 മുതല്‍ വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം കാര്യക്ഷമമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ സമരം നടത്തി.

ആദിവാസി കുട്ടികള്‍ക്ക് കോവിഡ് കാലത്ത് വിദ്യാഭ്യാസം ലഭിക്കാന്‍ സൗജന്യ ലാപ്‌ടോപ്പ്, സൗജന്യ ഡാറ്റ കണക്ഷന്‍, വൈദ്യുതി ബന്ധമില്ലാത്ത സ്ഥലങ്ങളില്‍ ജനറേറ്ററുകളും സൗരോര്‍ജ്ജവുമുള്‍പ്പെടെ ലഭ്യമാക്കുമെന്നും ഊര് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സംവിധാനമൊരുക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ യാതാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. പകുതിയില്‍ അധികം ആദിവാസി കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉപയോഗിക്കാന്‍ സാധിച്ചില്ല. അതിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭിച്ചില്ല എന്നുതന്നെ പറയാം.

കൊവിഡ് 19 പകർച്ചവ്യാധിയുടെ കാലത്ത് ഡിജിറ്റൽ ക്ലാസുകൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് സുൽത്താൻ ബത്തേരിയില്‍ നടന്ന ആദിവാസി വിദ്യാർഥികളുടെ സമരം Screengrab, Copyright: ADISHAKTHI SUMMER SCHOOL

എല്ലാവര്‍ക്കും പഠിക്കാന്‍ സര്‍ക്കാര്‍ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. കേരളത്തിലെ ആദിവാസി ജനതയില്‍ ബഹുപൂരിപക്ഷം കുടുംബങ്ങളും ടിവിയും മൊബൈല്‍ഫോണും വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ ആയതിനാല്‍ വിക്ടേഴ്സ് ചാനലിലൂടെയുള്ള പഠനവും അവര്‍ക്ക് പ്രയോജനപ്പെട്ടില്ല.

വിദ്യാ കിരണം പദ്ധതി പ്രകാരം 2021ല്‍ ആദിവാസി, ദളിത് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിനായി ലാപ്‌ടോപ്പുകള്‍ നല്‍കിയിരുന്നു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (KSFE) വഴിയാണ് പദ്ധതി നടപ്പാക്കിയത്.

പദ്ധതി പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 81.43 കോടി രൂപ ചെലവഴിച്ച് കോവിഡ് കാലത്ത് പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം എത്തിക്കുന്നതിനായി 45313 ലാപ്‌ടോപ്പുകള്‍ വാങ്ങി സര്‍ക്കാരിന് കൈമാറിയിട്ടുണ്ട് എന്നാണ് കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞത്. ഇത് കഴിഞ്ഞ ദിവസം മലയാള മനോരമ വാര്‍ത്തയാക്കിയിരുന്നു.

45313 ലാപ്‌ടോപ്പുകള്‍ക്ക് പകരമായാണ് കെഎസ്എഫ്ഇയ്ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നു 81.43 കോടി രൂപ കൈമാറിയത്. കെഎസ്എഫ്ഇ സ്വകാര്യ കമ്പനികളില്‍ നിന്നു പാക്കേജ് ഇനത്തില്‍ വാങ്ങിയതാണ് ഈ ലാപ്‌ടോപ്പുകള്‍.

സംസ്ഥാനത്തെ സ്‌കൂളുകളുടെ ഉടമസ്ഥതയിലാണ് ഈ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത് എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വഴി വിതരണം ചെയ്ത ലാപ്‌ടോപ്പുകള്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആദിശക്തി സമ്മര്‍ സ്‌കൂള്‍ ആക്റ്റിംഗ് ചെയര്‍മാന്‍ മണികുട്ടന്‍ പണിയന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍പെട്ട ആദിവാസി കുട്ടികള്‍ക്ക് കൊവിഡ് കാലത്ത് ലാപ്‌ടോപ് ലഭിച്ചിട്ടില്ലെന്ന് മണികുട്ടന്‍ പറയുന്നു. പകരം 2021ല്‍ ആദിവാസി കുട്ടികള്‍ക്ക് പഠിക്കാന്‍ ഉപകാരപ്പെടാത്ത ടാബുകള്‍ ആണ് വിതരണം ചെയ്തത്.

സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത ലാപ്‌ടോപ്പുകള്‍ മാസങ്ങള്‍ക്കകം സ്‌കൂളുകള്‍ തിരച്ചുവാങ്ങിയെന്ന് രക്ഷിതാവായ സീത പറയുന്നു. സമാനമായ അനുഭവമാണ് നിലമ്പൂര്‍ മേഖലയിലുള്ളതെന്ന് സാമൂഹിക പ്രവര്‍ത്തക ചിത്ര നിലമ്പൂര്‍ പറഞ്ഞു. രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഊരുകള്‍ കയറിയിറങ്ങി അധ്യാപകര്‍ ലാപ്‌ടോപ്പുകള്‍ തിരിച്ചുവാങ്ങി.

വഴിക്കടവിലെ ഒരു സ്‌കൂളില്‍ വിദ്യാകിരണം പദ്ധതി വഴി 2021 ഒക്ടോബറില്‍ വിതരണം ചെയ്ത 11 ലാപ്‌ടോപ്പുകള്‍ അടുത്ത വര്‍ഷം കുട്ടികളില്‍ നിന്നും തിരിച്ചുവാങ്ങി. അട്ടപ്പാടി മേഖലയില്‍ ആവട്ടെ വിതരണം ചെയ്ത ലാപ്‌ടോപ്പുകള്‍ നിലവാരം ഇല്ലാത്തത് ആയതിനാല്‍ പെട്ടെന്ന് കേടു വരികയും ചെയ്തു.

മണികുട്ടന്‍ പണിയന്‍ Screengrab, Copyright: Facebook

‘മാനന്തവാടി മേഖലയില്‍ ആദിവാസി ഊരുകളില്‍ കോവിഡ് കാലത്ത് ലാപ്‌ടോപ് എന്നല്ല ഒരു പേന പോലും കിട്ടിയിട്ടില്ല. ലോക്ഡൗണിനു ശേഷം ക്ലാസ് തുടങ്ങിയ സമയത്ത് കുട്ടികള്‍ക്ക് ടാബ് കിട്ടിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഇതുകൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ല.

കോവിഡ് സമയത്ത് സര്‍ക്കാരില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കിട്ടിയ നിര്‍ദേശം വിക്ടറി ചാനല്‍ നോക്കി പഠിക്കണം എന്നാണ്. വിരലില്‍ എണ്ണാവുന്ന വീടുകളില്‍ മാത്രമാണ് ടിവിയുള്ളത്. അതില്‍ തന്നെ വിക്ടറി ചാനല്‍ ലഭിക്കാത്ത ഒരുപാട് വീടുകള്‍ ഉണ്ടായിരുന്നു.

കോവിഡ് കാലത്ത് ഞങ്ങളുടെ കുട്ടികള്‍ പുഴയിലും തോട്ടിലും കാപ്പി തോട്ടത്തിലുമൊക്കെ ആയിരുന്നു. കുട്ടികള്‍ക്കൊന്നും ക്ലാസ് കിട്ടിയിട്ടില്ല. അതിനുള്ള സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപങ്ങളോ സര്‍ക്കാരോ ഒരുക്കിയിട്ടില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും. ഡിഗ്രി, പിജി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വരെ ഇവിടെ ലാപ്‌ടോപ്പ് നല്‍കിയിട്ടില്ല.

കുട്ടികള്‍ക്ക് കൊടുത്ത ടാബ് തന്നെ നിലവാരം കുറഞ്ഞതായിരുന്നു. മൊബൈല്‍ ഫോണിനെക്കാളും കുറച്ച് വലിപ്പമുണ്ടാകും. ടാബിന്റെ പ്രാഥമികമായ ഉപയോഗം പോലും പറഞ്ഞുകൊടുക്കാതെയാണ് ഉച്ചകഞ്ഞി കൊടുക്കുന്നത് പോലെ ഈ ടാബ് കൊടുത്തുവിട്ടിട്ടുള്ളത്. ഇതിന്റെ ഉപയോഗം കുട്ടികള്‍ക്കില്ല. കാരണം ക്ലാസ് നടക്കുന്നുണ്ടല്ലോ.

കഴിഞ്ഞ മാസം ഡിഗ്രി, പിജി ക്ലാസുകളില്‍ പഠിക്കുന്ന 25 കുട്ടികള്‍ക്ക് ചിലരുടെ സഹായത്തോടെ യൂസ്ഡ് ലാപ്‌ടോപ് വാങ്ങി ഞങ്ങള്‍ നല്‍കിയിരുന്നു. അല്ലാതെ സര്‍ക്കാര്‍ ഒന്നും കൊടുത്തിട്ടില്ല. പഴയ ടിവി പോലും കുട്ടികള്‍ക്ക് കിട്ടിയിട്ടില്ല. രാഹുല്‍ ഗാന്ധി 100 എല്‍സിഡി ടിവി ആ സമയത്ത് നല്‍കിയിരുന്നു. അവരുടെ പാര്‍ട്ടിയിലെ അംഗങ്ങളുടെ വീടുകളിലാണ് അത് കൊടുത്തത്. ടിവിയുള്ള വീടുകളില്‍ വരെ ടിവി കൊടുത്തിരുന്നു. എന്നാല്‍ ഏറ്റവും പിന്നാക്കം നില്‍കുന്ന അടിയ, പണിയ, കാട്ടുനായിക്കര്‍, ഊരാളി, വേട്ടക്കുറുമര്‍ പോലെയുള്ള കമ്മ്യൂണിറ്റികളിലെ കുട്ടികളെ പരിഗണിച്ചതുമില്ല.

കോവിഡ് സമയത്ത് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒന്നും ഇവര്‍ ചെയ്തിട്ടില്ല. ആ സമയത്ത് കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ഞങ്ങള്‍ക്ക് വലിയ ആശങ്ക ഉണ്ടായിരുന്നു. ആ വര്‍ഷം റിസള്‍ട്ട് വന്നപ്പോള്‍ അഞ്ചില്‍ നിന്നും ആറിലേയ്ക്ക് ജയിച്ചോ എന്ന് അറിയാത്ത കുട്ടി വരെയുണ്ട്. സ്‌കൂള്‍ തുറന്ന് അഞ്ചാം ക്ലാസില്‍ പോയി ഇരുന്ന കുട്ടിയെ ജയിച്ചു എന്ന് പറഞ്ഞ് ആറാം ക്ലാസിലേയ്ക്ക് കൊണ്ടിരുത്തിയപ്പോള്‍ ആണ് ജയിച്ച കാര്യം കുട്ടി അറിഞ്ഞത് തന്നെ. അത്രപോലും ആശയവിനിമയം ഇല്ലാതെ കുട്ടികള്‍ക്ക് ലാപ്‌ടോപ് കൊടുത്തു എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്.

450 കോടി ഇ-ഗ്രാന്‍ഡ് ആയി കൊടുത്തു എന്ന് സര്‍ക്കാര്‍ പറയുന്നു. അത് ഏതു വഴിക്കാണ് പോയത് എന്ന് ആര്‍ക്കും അറിയില്ല. എന്നിട്ടാണ് 45000 ലാപ്‌ടോപ് കൊടുത്തു എന്ന് പറയുന്നത്. എസ് സി കുട്ടികള്‍ക്ക് ലാപ്‌ടോപ് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. എന്നാല്‍ എസ്ടി കുട്ടികള്‍ക്ക് അതില്ല.

ഇവിട ചെതലയത്ത് ഐടിഎസ്ആര്‍ (Institute of Tribal Studies & Research)എന്ന ഒരു സ്ഥാപനമുണ്ട്. ആദിവാസി കുട്ടികള്‍ക്ക് പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ വരുന്ന സ്ഥാപനമാണ്. അവിടെ ബികോമിന് പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ ലാപ്‌ടോപ് കൊടുക്കൂ. അതും അപേക്ഷിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ട് ആണ് കൊടുക്കുക.

20 കുട്ടികള്‍ക്ക് ലാപ്‌ടോപ് കൊടുക്കാന്‍ രണ്ടു വര്‍ഷം എടുക്കുമെങ്കില്‍ ഈ 45000 ലാപ്‌ടോപ് എങ്ങനെയാണ് ഇവര്‍ കൊടുത്തിട്ടുണ്ടാവുക. ഇവിടെയൊന്നും ഒരു അപേക്ഷ പോലും വിളിച്ചതായി അറിവില്ല. പിന്നെ എന്തു കണക്കാണ് ഈ പറയുന്നത്. ലാപ്‌ടോപ് കൊടുക്കുന്ന ഒരു സംഭവം പോലും മാന്തവാടി താലൂക്കില്‍ നടന്നിട്ടില്ല.

ലാപ്‌ടോപ് പോട്ടെ ഒരൊറ്റ ടീച്ചര്‍ പോലും കോവിഡ് കാലത്ത് ഊരുകളിലേയ്ക്ക് എത്തിയിട്ടില്ല. ഒന്ന് വിളിച്ചു ചോദിയ്ക്കാന്‍ പോലും ടീച്ചര്‍മാര്‍ മുന്‍കൈ എടുത്തിട്ടില്ല. അഞ്ച് മൊബൈല്‍ ഫോണ്‍ ആ സമയത്ത് ഞാന്‍ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. ലാപ്‌ടോപ് കിട്ടിയതാണെങ്കില്‍ എനിക്ക് ഇത്ര ബുദ്ധിമുട്ടേണ്ട ആവശ്യം ഉണ്ടായിരുന്നോ?’, മണികുട്ടന്‍ പണിയന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

‘സര്‍ക്കാര്‍ കൊടുത്ത ലാപ്‌ടോപ് സ്‌കൂള്‍ തുറന്നപ്പോള്‍ അധ്യാപകര്‍ വന്ന് വാങ്ങിച്ചുകൊണ്ട് പോയി. അടുത്ത അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് പഠിക്കാനാണ് എന്ന് പറഞ്ഞാണ് ലാപ്‌ടോപ്പുകള്‍ വാങ്ങിച്ചുകൊണ്ടു പോയത്. 2021 ലാണ് എന്റെ മകന് ലാപ്‌ടോപ് കൊടുക്കുന്നത്.

അഞ്ചുമാസത്തോളം ലാപ്‌ടോപ് ഉപയോഗിച്ചിട്ടുണ്ടാകും. പൂതാടി ശ്രീനാരായണ സ്‌ക്കൂളില്‍ പ്ലസ് വണ്ണിനാണ് എന്റെ മകന്‍ പഠിച്ചിരുന്നത്. സ്‌കൂള്‍ തുറന്നു കഴിഞ്ഞപ്പോള്‍ ലാപ്‌ടോപ് തിരിച്ചു കൊടുക്കാന്‍ പറഞ്ഞ് അധ്യാപകര്‍ ഒരുപാട് തവണ വിളിച്ചു. സര്‍ക്കാര്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കിയ ലാപ്‌ടോപ് തിരിച്ചു തരില്ലെന്ന് ഞാനും പറഞ്ഞു.

പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് ഒരു അദ്ധ്യാപിക വിളിച്ച് മകനെ ഭീഷണിപ്പെടുത്തി. നാലു ദിവസം ഭക്ഷണം ഒന്നും കഴിക്കാത്ത അവസ്ഥയില്‍ ആയിപ്പോയി എന്റെ മകന്‍. റൂമില്‍ നിന്നും പുറത്തിറങ്ങാതെ കരച്ചില്‍ ആണ് മകന്‍. അവന്‍ പേടിച്ചുപോയി. അവസാനം ഞങ്ങള്‍ക്ക് ലാപ്‌ടോപ് തിരിച്ചുകൊടുക്കേണ്ടി വന്നു.

ഇതുപോലെ നിരവധി കോളനികളില്‍ നിന്നും അധ്യാപകര്‍ ലാപ്‌ടോപ് തിരിച്ചുവാങ്ങിയിട്ടുണ്ട്. പേടിച്ചിട്ട് കുട്ടികള്‍ ലാപ്‌ടോപ് സ്‌കൂളില്‍ കൊണ്ടുപോയി കൊടുത്തിട്ടുമുണ്ട്. ഇങ്ങനെ വാങ്ങിച്ചുവെച്ച ലാപ്‌ടോപ്പുകള്‍ സ്‌കൂളുകള്‍ എന്ത് ചെയ്തു എന്നുള്ളത് അറിയില്ല.

കാട്ടുനായിക്ക, പണിയ, ഊരാളി, കുറുമര്‍ എന്നീ സമുദായത്തില്‍ നിന്നുള്ള പല രക്ഷിതാക്കളും ലാപ്‌ടോപ് തിരിച്ചു വാങ്ങിയ കാര്യം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ മരിയനാട് സമരഭൂമിയില്‍ ഭൂമിയ്ക്ക് വേണ്ടി സമരം ചെയ്യുകയാണിപ്പോള്‍. ഇത്രയും പിന്നാക്കം നില്‍ക്കുന്ന ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണ് അധ്യാപകര്‍ ഇങ്ങനെ ചെയ്തത്.’, സീത വോക്ക് മലയാളത്തോട് പറഞ്ഞു.

ചിത്ര നിലമ്പൂര്‍ Screengrab, Copyright: Madhyamam

‘നിലമ്പൂരില്‍ ദളിത്, ആദിവാസി കുട്ടികള്‍ക്ക് കോവിഡ് കാലത്ത് ലാപ്‌ടോപ് കൊടുത്തിരുന്നു. സ്‌കൂളുകള്‍ വഴിയാണ് ലാപ്‌ടോപ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ സ്‌കൂളുകാര്‍ അത് തിരിച്ചു വാങ്ങി. എസ്ടി ഫണ്ട് ഉപയോഗിച്ചാണല്ലോ ലാപ്‌ടോപ് വാങ്ങിയത്. ചെറിയ കുട്ടികള്‍ ലാപ്‌ടോപ് ഉപയോഗിച്ചാല്‍ കേടുവരും എന്നുള്ളത് കൊണ്ടാണ് തിരിച്ചുവാങ്ങിയത് എന്നാണ് അധ്യാപകര്‍ പറഞ്ഞത്.

പിജി വരെ പഠിക്കുന്ന കുട്ടികളുടെ കയ്യില്‍ നിന്നും ലാപ്‌ടോപ് തിരിച്ചുവാങ്ങിയിട്ടുണ്ട്. ആ സമയത്തെ ടിഎസ്പി ഫണ്ട് ലാപ്‌ടോപ്പിന്റെ പേരില്‍ വെറുതെ കളഞ്ഞു എന്നാണ് എനിക്ക് പറയാനുള്ളത്. ഞങ്ങളുടെ കുട്ടികള്‍ക്ക് ഒരു ഗുണവും അതുകൊണ്ട് ഉണ്ടായില്ല. ചുങ്കത്തറ, എടക്കര ഭാഗങ്ങളില്‍ എല്ലാം ലാപ്‌ടോപ് കൊടുത്തിരുന്നു. വനത്തിന്റെ ഉള്ളിലുള്ള കോളനികളില്‍ ലാപ്‌ടോപ് കൊടുത്തിരുന്നില്ല. കൂടിവന്നാല്‍ രണ്ട് മാസമാണ് കുട്ടികള്‍ ലാപ്‌ടോപ് ഉപയോഗിച്ചിട്ടുണ്ടാവുക.’, സാമൂഹിക പ്രവര്‍ത്തക ചിത്ര നിലമ്പൂര്‍ പറഞ്ഞു.

‘എച്ച്പിയുടെ ലാപ്‌ടോപ്പ് ആയിരുന്നു അട്ടപ്പാടിയിലെ ഊരുകളില്‍ വിതരണം ചെയ്തത്. എല്ലാ ഊരുകളിലും വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് കിട്ടിയിട്ടില്ല. അഞ്ചാം ക്ലാസില്‍ മുകളിലുള്ള കുട്ടികള്‍ക്കാണ് ലാപ്‌ടോപ് ലഭിച്ചത്. കിട്ടിയ ലാപ്‌ടോപ്പുകള്‍ നിലവാരം കുറഞ്ഞവ ആയതിനാല്‍ ഉപയോഗിച്ച് കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കേടുവന്നു. എനിക്ക് കിട്ടിയ ലാപ്‌ടോപ് ഒരു വര്‍ഷത്തിനുള്ളില്‍ കേടുവന്നു. ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റില്ല.’, അട്ടപ്പാടിയിലെ പിജി വിദ്യാര്‍ഥി വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

കോവിഡ്-19?

സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2-SARS-CoV-2) മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 (COVID-19) (Corona Virus Disease -2019). 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.

എന്താണ് വിദ്യാഭ്യാസം?

അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് അറിവ് പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.

എന്താണ് ആദിശക്തി സമ്മര്‍ സ്കൂള്‍?

‘വിദ്യാഭ്യാസം നമ്മുടെ ജന്മാവകാശം’ എന്ന മുദ്രാവാക്യമുയർത്തി പ്രവര്‍ത്തിക്കുന്ന ആദിവാസി ദളിത് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ആദിശക്തി സമ്മര്‍ സ്കൂള്‍. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിലാണ് ആദിശക്തി രൂപീകരിക്കുന്നത്.

Quotes

“വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം ജനങ്ങളെ ധാർമ്മികമാക്കുകയും സാമൂഹികവൽക്കരിക്കുകയും ചെയ്യുക എന്നതാണ് – ഡോ. ഭീംറാവു അംബേദ്കർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.