Sat. Sep 14th, 2024

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്ന് ജനകീയ തിരച്ചിൽ. 

ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം വീടുകള്‍ നിലനിന്ന സ്ഥലങ്ങളിലെത്തിക്കും.

ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചില്‍. കാണാതായവരെ കണ്ടെത്താനാനുള്ള അവസാന ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയും 131 പേരെ കണ്ടെത്താനുണ്ട്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ദുരന്തത്തിൽ ഇതുവരെ 226 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 414 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. 

ദുരന്തബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.