Tue. Oct 8th, 2024

പത്തനംതിട്ട: ലെഫ്റ്റനൻ്റ് കേണലും നടനുമായ മോഹന്‍ലാലിനെയും ഇന്ത്യന്‍ ആര്‍മിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ ചെകുത്താന്‍ എന്ന യൂട്യൂബര്‍ അറസ്റ്റിൽ. 

‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമയായ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ആര്‍മിക്കും നടന്‍ മോഹന്‍ലാലിനും എതിരെ എഫ്ബി പേജില്‍ നടത്തിയ വിവാദ പരാമര്‍ശം ആണ് അറസ്റ്റിന് കാരണം. മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിൻ്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

ഭാരതീയ ന്യായ സംഹിത 192,296(b) കെപി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജു അലക്‌സിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനൻ്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്.