Sun. Dec 22nd, 2024

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി ഇന്ത്യൻ ഗുസ്തി താരം അന്തിം പംഘലും സഹോദരി നിഷ പംഘലും. നിഷ പംഘലിനെ നിയമ വിരുദ്ധമായി ഒളിംപിക്സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിതിൻ്റെ പേരിൽ അന്തിം പംഘലിൻ്റെ അക്രഡിറ്റേഷൻ റദ്ദാക്കി. പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

‘അച്ചടക്ക ലംഘനം ഫ്രഞ്ച് അധികൃതർ ഐഒഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ഗുസ്തി താരം അന്തിമിനേയും അവരുടെ കൂടെയുള്ള സ്റ്റാഫിനെയും തിരികെ അയക്കാൻ  തീരുമാനിച്ചിതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വ്യക്തമാക്കി.

വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ യെത്ഗിൽ സെയ്‌നെപ്പിനോട് അന്തിം പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ തോറ്റതിന് ശേഷം അവർ ഹോട്ടലിലേക്ക് മടങ്ങി. പിന്നാലെ ഗെയിംസ് വില്ലേജിൽ പോയി തൻ്റെ സാധനങ്ങൾ എടുക്കാൻ അന്തിം സഹോദരിയോട് ആവശ്യപ്പെടുകയായിരുന്നു. അന്തിമിൻ്റെ അക്രഡിറ്റേഷൻ കാർഡ് ഉപയോഗിച്ച് അകത്ത് കടക്കാനായിരുന്നു ശ്രമം. അവർ വിലേജിലേക്ക് കടന്നപ്പോൾ തന്നെ പോലീസ് തടയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് അന്തിമിനേയും സഹോദരിയേയും മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചു.

അന്തിമിൻ്റെ സഹോദരൻ മദ്യലഹരിയിൽ ടാക്സി ഡ്രൈവറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. അന്തിമിൻ്റെ നടപടി കടുത്ത നാണക്കേടുണ്ടാക്കിയതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥർ വിഷയം പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അന്തിമിനേയും കൂടെയുള്ളവരേയും നാട്ടിലേക്ക് തിരികെ അയക്കാനാണ് തീരുമാനമെന്നും അവർ പറഞ്ഞു.