Sun. Nov 3rd, 2024

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ കുടിശ്ശിക വരുത്തിയ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത്​ മീറ്ററിനടുത്ത്​ ഒരു കുറിപ്പും 500 രൂപയുമാണ്. 

‘സാർ, ഫ്യൂസ്​ ഊരരുത്​. ​പൈസ ഇവിടെ വച്ചിട്ടുണ്ട്​. ഞങ്ങൾ സ്കൂളിൽ പോകുവ സാർ, എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. തൊട്ടടുത്ത് എഴുതിയിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ ഗൃഹനാഥനെ കിട്ടി. തൻ്റെ കുട്ടികളാണ് അപേക്ഷ എഴുതിയതെന്നും പണം എടുക്കാനും ഗൃഹനാഥൻ പറഞ്ഞു. തുടർന്ന് ലൈൻമാൻ പണം അടച്ച് വൈദ്യുതി തടയാതെ കുടുംബത്തെ സഹായിച്ചു.

ചെറുകോൽ പഞ്ചായത്തിലെ തറഭാഗം അരീക്ക ഭാഗത്തുള്ള വീട്ടിൽ നിന്നാണ് ​ലൈൻ മാൻ ബിനീഷിന് അപേക്ഷയും പണവും ലഭിച്ചത്​. 461 രൂപയായിരുന്നു കുടുംബത്തിന്‍റെ കുടിശ്ശിക. സാമ്പത്തിക പരാധീനത മൂലം മിക്കവാറും മാസങ്ങളിൽ ഇവിടെ വൈദ്യുതി വിഛേദിക്കുമായിരുന്നു​. രണ്ടും മൂന്നും ദിവസം ഇരുട്ടത്തിരിക്കുന്ന അച്​ഛനും മക്കളും എവിടെ നിന്നെങ്കിലും കടം വാങ്ങി പണം അടച്ചാണ്​ വൈദ്യുതി പുനസ്ഥാപിക്കുന്നത്.

തയ്യൽ കടയിലെ ജീവനക്കാരനായ​ പിതാവിൻ്റെ ഏഴാം ക്ലാസിലും പ്ലസ്​ വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ്​ സ്കൂളിൽ പോകുന്നതിന്​ മുമ്പ്​ അപേക്ഷ എഴുതി മീറ്ററിന്​ സമീപം വെച്ചത്​. പല മാസങ്ങളിലും സ്കൂളിൽനിന്ന്​ തിരിച്ചെത്തുമ്പോൾ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത്​ കഴിയേണ്ട വന്നതിനാലാണ്​ അ​പേക്ഷ എഴുതിയതെന്ന്​ കുട്ടികൾ പറഞ്ഞു. കുട്ടികളുടെ മാതാവിനെ മൂന്ന്​ വർഷമായി കാണാനില്ല. തയ്യൽ കടയിൽ നിന്ന്​ അച്ഛന്​ കിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ്​ ആഹാരവും മക്കളുടെ പഠനവും മുന്നോട്ട്​ പോകുന്നത്​.