Sat. Jun 21st, 2025

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിൻ്റെ വ്യാപനത്തേക്കുറിച്ച് പഠനം നടത്തുന്നതിനായി ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം കേരളത്തിലേക്ക്. 

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനത്തിൻ്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഐസിഎംആറിന് കത്തയച്ചിരുന്നു. തുടർന്നാണ് ഗവേഷണത്തിനായി കേന്ദ്രസംഘം കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. നിലവിൽ ആറ് പേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. 

ഇവർക്ക് പ്രത്യേക മാനദണ്ഡപ്രകാരമാണ് ചികിത്സ നൽകുന്നത്. അഞ്ച്‌ മരുന്നുകളുടെ സംയുക്തമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. കൂടുതൽ മരുന്നുകൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കെഎംഎസ്സിഎൽ മാനേജിങ്‌ ഡയറക്ടർക്കു നിർദേശം നൽകിയെന്ന് മന്ത്രി വീണ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർചികിത്സ നൽകാനും വീണ ജോർജ് നിർദേശിച്ചു.

ചികിത്സയിലുള്ളവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും പായൽപിടിച്ചുകിടന്ന കാവിൻകുളത്തിലെ വെള്ളവുമായി സമ്പർക്കമുണ്ടായവരാണ്. പേരൂർക്കട സ്വദേശിയുടെ രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.