Fri. Jan 3rd, 2025

ധാക്ക: ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെതുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ ബീഗം ഖാലിദ സിയക്ക് മോചനം. 

വർഷങ്ങളായി തടങ്കലിൽ കഴിയുന്ന ഷെയ്ഖ് ഹസീനയുടെ പ്രധാന എതിരാളി ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടു.വിദ്യാർത്ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ പേരെയും മോചിപ്പിക്കാൻ തീരുമാനിച്ചതായും പ്രസിഡൻ്റിൻ്റെ വാർത്താവിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

മുൻ പ്രധാനമന്ത്രിയും രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയുമായ ഖാലിദ സിയയെ നിരവധി കേസുകളിൽ പ്രതി ചേർത്താണ് ഷെയ്ഖ് ഹസീനയുടെ ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്.2018 ൽ അഴിമതിക്കേസിൽ 17 വർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. കരസേനാ മേധാവി ജനറൽ വാഖിറുസ്സമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിനുശേഷമാണ് ഖാലിദ സിയയെ മോചിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. 

ഉടൻ തന്നെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ ക്രമസമാധാനനില സാധാരണ നിലയിലാക്കാനുള്ള നടപടികൾ സൈന്യം സ്വീകരിച്ചുവരുന്നതായി പ്രസിഡന്റ് അറിയിച്ചു. കരസേനാ മേധാവി ജനറൽ വാഖിറുസ്സമാൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതിനിധികളുമായി ഉടൻ കൂടിക്കാഴ്ച നടത്തും. എല്ലാ സർക്കാർ, അർധ സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.