Tue. Nov 5th, 2024

ഗാസ: ജീർണിച്ച 89 മൃതദേഹങ്ങൾ കാർഗോ കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന് ഗാസയിൽ തള്ളി ഇസ്രായേൽ സേന. ഇസ്രായേലിൽ നിന്ന് കരേം ശാലോം അതിർത്തി ക്രോസിങ് വഴി ഗാസയിലെ ഖാൻ യൂനിസിലേക്കാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്. 

നീല പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ ജീർണിച്ച് വികൃതമായ രീതിയിലായിരുന്നു മൃതദേഹങ്ങൾ. ഈ മൃതദേഹങ്ങളിൽ ഒന്നു പോലും ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ജീവനോടെ ഗാസയിൽ നിന്ന് പിടിച്ചു​കൊണ്ടുപോയി കൊലപ്പെത്തിയതോ, കൊന്ന ശേഷം തട്ടി​ക്കൊണ്ടുപോയ മൃതദേഹങ്ങളോ ആയിരിക്കാം എന്നാണ് സൂചന. 

ഗാസയിലെ ഇൻ്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിനെയും ഫലസ്തീന്‍ സിവില്‍ ഡിഫന്‍സിനെയുമാണ് ഇസ്രായേൽ സേന ഏല്‍പിച്ചത്. ‘പലര്‍ക്കും അവരുടെ പ്രിയപ്പെട്ടവരുടെ മയ്യിത്ത് എങ്കിലും തിരിച്ചു കിട്ടുന്നുണ്ട്. അവസാനമായി അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും ഖബറടക്കാനും അവര്‍ക്ക് കഴിയുന്നു. എന്റെ മകന്റെയും ഉപ്പയുടേയും മയ്യിത്ത് പോലും ഇത്ര നാളായിട്ടും കിട്ടിയിട്ടില്ല. അവര്‍ കൊല്ലപ്പെട്ടത് തന്നെ സഹിക്കാവുന്നതിലും അപ്പുറമാണ്. അവരുടെ മയ്യിത്ത് പോലും ലഭിക്കുന്നില്ലെങ്കിലോ’ പ്രിയപ്പെട്ടവരെ തിരയാന്‍ ആശുപത്രിയിലെത്തി സിവില്‍ ഡിഫന്‍സ് ജീവനക്കാരിയായ സോണിയ അബൂര്‍ജില എന്ന ഫലസ്തീന്‍ യുവതി വിലപിക്കുന്നു.

തിരിച്ചറിയാനാവാത്ത നിലയില്‍ ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഇസ്രായേലില്‍ നിന്ന് ഗാസയിലേക്ക് കൊണ്ടുവരുന്നത് ഇത് നാലാം തവണയാണ്. ആശുപത്രികളെല്ലാം തകര്‍ത്തതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള അവസാന ആശ്രയമായ ഡിഎന്‍എ ടെസ്റ്റിനുള്ള സംവിധാനം പോലും ഇപ്പോള്‍ ഗാസയില്‍ ലഭ്യമല്ല. ഇതേത്തുടര്‍ന്ന് ഖാന്‍ യൂനിസ് തുര്‍ക്കി സെമിത്തേരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കൂട്ടക്കുഴിമാടം ഒരുക്കി ഈ മൃതദേഹങ്ങളെല്ലാം ഖബറടക്കുകയായിരുന്നു.