Sun. Dec 22nd, 2024

ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്. 

അഭയം നൽകണമെന്ന അ​പേക്ഷ ബ്രിട്ടൻ തള്ളിയതോടെ മറ്റു യുറോപ്യൻ രാജ്യങ്ങളെ അഭയത്തിനായി സമീപിക്കാനുള്ള ശ്രമത്തിലാണ് ഷെയ്ഖ് ഹസീന. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ത്യൻ വ്യേമസേനാ താവളത്തിൽ തിങ്കളാഴ്ച വൈകീട്ട് 5.36ന് എത്തിയപ്പോൾ രാത്രിയോടെ ഇന്ത്യ വിടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അഭയം നൽകാൻ മറ്റൊരു രാജ്യം കിട്ടാത്തതിനാൽ ഇതുവരെയും ഹസീനക്ക് ഇന്ത്യ വിട്ടുപോകാനായില്ല.

ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം കത്തിപ്പടരുന്ന സാഹചര്യത്തിൽ ഷെയ്ഖ് ഹസീനക്ക് അഭയം നൽകുന്നതിൽ താൽപര്യമില്ലെന്ന് ബ്രിട്ടൻ അറിയിച്ചു. ബ്രിട്ടനിലെ അഭയാർഥി നിയമപ്രകാരം അഭയം തേടാനായി ഒരാൾക്ക് ബ്രിട്ടനിലേക്ക് പ്രവേശനം അനുവദിക്കാനുള്ള വ്യവസ്ഥയില്ല എന്ന മറുപടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് യുകെ ആഭ്യന്തര മന്ത്രാലയം നൽകിയത്. അന്തർദേശീയ നിയമപ്രകാരം ഹസീന സുരക്ഷിതമായി ആദ്യമെത്തിയ രാജ്യം തന്നെ അവർക്ക് അഭയം നൽകണമെന്ന നിലപാടാണ് ബ്രിട്ടൻ കൈ കൊണ്ടിരിക്കുന്നത്.

അതേസമയം,രാജ്യംവിട്ട ഹസീനയുടെ ഇന്ത്യയിലെ ഇടക്കാലവാസം നീളുന്നതിനിടെ കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചു. ഹസീനക്ക് അഭയം നൽകിയ ഏക രാജ്യമായ ഇന്ത്യക്ക് ഹസീന വിരുദ്ധരുടെ ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധംവെല്ലുവിളിയാകും.