Tue. Oct 8th, 2024

 

നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദിലെ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം. അന്വേഷണത്തില്‍ മുളകുപൊടിയും എണ്ണയും ചേര്‍ത്ത ചോറാണ് നല്‍കിയതെന്ന് വ്യക്തമായി.

ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലായി 130 കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. സംഭവം വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചോറിനൊപ്പം വിളമ്പിയ ദാല്‍ രുചിയില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാതെ പോയെന്നും അധ്യാപകരില്‍ ഒരാളായ എം കിഷന്‍ പറഞ്ഞു.

ഇതേക്കുറിച്ച് കുട്ടികള്‍ അധ്യാപകരോടും അവിടെയുണ്ടായിരുന്ന ഗ്രാമീണരോടും പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഉച്ചഭക്ഷണം കഴിക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്ക് മുളകുപൊടിയും എണ്ണയും ചേര്‍ത്ത ചോറ് നല്‍കിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പരാതിപ്പെട്ടു.

ദാല്‍ അമിതമായി വേവിച്ചതും രുചിയില്ലാത്തതുമാണെന്ന് മിഡ് ഡേ മീല്‍ ഏജന്‍സി ഓര്‍ഗനൈസര്‍ സുശീല പറഞ്ഞു. ചില വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മുളകുപൊടിയും എണ്ണയും നല്‍കിയതെന്ന് സുശീല പറഞ്ഞു. സംഭവത്തില്‍ ഏജന്‍സി തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.

ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും തെറ്റ് ആവര്‍ത്തിച്ചാല്‍ പുതിയ ഏജന്‍സിയെ നിയമിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തീര്‍പ്പാക്കാത്ത ബില്ലുകള്‍ തീര്‍ക്കുകയും ഉച്ചഭക്ഷണ തൊഴിലാളികളുടെ വേതനം നല്‍കുകയും ചെയ്തുകൊണ്ട് ഉടന്‍ പ്രതികരിക്കണമെന്നും ബിആര്‍എസ് സിദ്ദിപേട്ട് എംഎല്‍എയും മുന്‍ ധനമന്ത്രിയുമായ ടി ഹരീഷ് റാവു ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്കയോട് ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണ ഏജന്‍സികള്‍ക്കുള്ള കുടിശ്ശിക തീര്‍ക്കുന്നതിനായി 58.69 കോടി രൂപ ജില്ലാ വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ചിട്ടുണ്ടെന്നും 18 കോടി രൂപ കൂടി തിങ്കളാഴ്ച നല്‍കുമെന്നും തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു.