Sun. Dec 22nd, 2024

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനിക വിമാനം ഉടന്‍ ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷം ഹസീന, ലണ്ടനിലേക്ക് തിരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹോദരിക്കൊപ്പമാണ് 76-കാരിയായ ഹസീന രാജ്യം വിട്ടത്.

ഇതിനോടകം തന്നെ ഷെയ്ഖ് ഹസീന യുകെയോട് അഭയം ചോദിച്ചിട്ടുണ്ട് എന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെ പൗരത്വമുള്ള സഹോദരി രഹനയാണ് ഷെയ്ഖ് ഹസീനക്കൊപ്പമുള്ളത്.

ബംഗ്ലാദേശില്‍ പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭകാരികള്‍ മുന്‍ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമ തകര്‍ത്തു. ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആയിരത്തോളം പ്രക്ഷോഭകര്‍ കര്‍ഫ്യൂ ലംഘിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയത്.

ധാക്കയിലെ തെരുവുകളില്‍ ബംഗ്ലാദേശ് പതാകയുമായി ജനക്കൂട്ടം നിറഞ്ഞിരിക്കുകയാണ്. നാല് ലക്ഷത്തോളം പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹസീനയുടെ ഔദ്യോഗികവസതിയില്‍ അതിക്രമിച്ചു കയറിയവര്‍ ഓഫീസിനുള്ളിലെ സാമഗ്രികള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്റെ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി.

ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് തിരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് അടുക്കുന്ന സി 130 വിമാനത്തെ നിരീക്ഷിച്ചു തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.