Sat. Sep 14th, 2024

 

ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ റായ്ച്ചൂരിലെ ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം. രാമകൃഷ്ണ ആശ്രമത്തില്‍ താമസിച്ചിരുന്ന തരുണ്‍ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന വേണുഗോപാലും സഹായികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തത്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മകനെ കാണാന്‍ ആശ്രമത്തില്‍ അമ്മ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. കണ്ണിനുള്‍പ്പെടെ കാര്യമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയെ വിറകും ബാറ്റുമുള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ടതായും മാതാപിതാക്കള്‍ മൊഴി നല്‍കി. റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ ഇരുത്തിയെന്നും കുട്ടി വെളിപ്പെടുത്തയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘ഒരു അധ്യാപകനും മറ്റ് രണ്ട് പേരും എന്നെ അടിച്ചു. ആദ്യം വിറക് കൊണ്ട് അടിക്കുകയും അത് ഒടിഞ്ഞപ്പോള്‍ ബാറ്റ് ഉപയോഗിക്കുകയും ചെയ്തു. ശരീരത്തില്‍ മുറിവുണ്ടാക്കി റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ എന്നെ യഗ്ദീറിലേക്ക് കൊണ്ടുപോയി. പക്ഷേ എനിക്ക് പണമൊന്നും ലഭിച്ചില്ല’, തരുണ്‍ പറഞ്ഞു.

തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം രണ്ട് മക്കളെയും ആശ്രമത്തില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മകന്‍ പേന മോഷ്ടിച്ചിട്ടില്ല, അവന്റെ കയ്യില്‍ പേന ഇല്ലാതിരുന്നപ്പോള്‍ ക്ലാസിലെ മറ്റൊരു കുട്ടിയാണ് ടീച്ചറുടെ പേന എടുത്ത് അവന് നല്‍കിയത്. അങ്ങനെയാണ് ടീച്ചര്‍ ആ പേന മകന്റെ കയ്യില്‍ കാണുന്നത്. കണ്ണും കൈയ്യും കെട്ടി ബെല്‍റ്റ് കൊണ്ട് മകനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അമ്മ ആരോപിച്ചു.