Wed. Jan 22nd, 2025

 

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശ് സര്‍ക്കാരിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. നേരത്തെ, 45 മിനിറ്റുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയിരുന്നു.

പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്ന നിലപാടിലായിരുന്നു. എന്നാല്‍, സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. ഇതിനിടെ ഹസീന ബംഗ്ലാദേശ് വിടുകയും ചെയ്തു.

ഹസീനയുടെ രാജിയെക്കുറിച്ചുള്ള വാര്‍ത്തകര്‍ പുറത്തുവന്നതോടെ അവരുടെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

അതേസമയം, ഷെയ്ഖ് ഹസീന യാത്രതിരിച്ചത് ഇന്ത്യയിലേക്കെന്ന് സൂചന. മിലിട്ടറി ഹെലികോപ്ടറിലാണ് അവര്‍ ‘സുരക്ഷിതസ്ഥാന’ത്തേക്ക് പുറപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രതിഷേധം ക്രമേണ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇത് രാജ്യമൊട്ടാകെ വ്യാപിച്ചതോടെയാണ് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്.

അതിനിടെ, ത്രിപുരയിലെ അഗര്‍ത്തലയിലേക്കാണ് ഷെയ്ഖ് ഹസീന വരുന്നതെന്ന് ബിബിസി ബംഗ്ലാ റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍, ഷെയ്ഖ് ഹസീന രാജ്യം വിട്ടകാര്യം കരസേനാ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. ഇടക്കാല സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കുമെന്നും കരസേനാ മേധാവി വാക്കുര്‍ ഇസ് സമാന്‍ അവകാശപ്പെട്ടതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘രാജ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഹസീന രാജ്യം വിട്ടുകഴിഞ്ഞു. രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ ഉണ്ടാകും. രാജ്യം കുറേയെറെ സഹിച്ചു. സമ്പദ്വ്യവസ്ഥ ദുര്‍ബലമായി. നിരവധി പേര്‍ മരിച്ചു. അതിനാല്‍ അക്രമം അവസാനിപ്പിക്കാന്‍ സമയമായി. സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റുമായും പ്രതിപക്ഷവുമായും പൊതുസമൂഹത്തിന്റെ പ്രതിനിധികളുമായും ചര്‍ച്ച ചെയ്താവും ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുക’, കരസേനാ മേധാവി വ്യക്തമാക്കി.

ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് കരസേനാ മേധാവി ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇടക്കാല സര്‍ക്കാരിനെ നയിക്കുക കരസേനാ മേധാവി ആയിരിക്കുമോ എന്നകാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ 91 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളില്‍ സംഘര്‍ഷമുണ്ടായി.

ധാക്കയിലെ മെഡിക്കല്‍ കോളേജും ആക്രമണത്തിനിരയായി. അവാമി ലീഗ് പാര്‍ട്ടിയുടെ ഒട്ടേറെ ഓഫീസുകളും തകര്‍ത്തു. പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും നിരോധിച്ചു.