Wed. Jan 22nd, 2025

 

ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് സൈന്യം. 45 മിനിറ്റിനുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

സൈന്യത്തിന്റെ ജനറല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു.

ഷെയ്ഖ് ഹസീന സ്വമേധയാ രാജിവയ്ക്കട്ടെ എന്ന നിലപാടിലാണ് സൈന്യം. മാന്യമായി സ്ഥാനത്ത് നിന്നും രാജിവയ്ക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് സമയം അനുവദിച്ചിരിക്കുന്നത്.

നേരത്തെ, പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നും പറഞ്ഞിരുന്നു.

അതിനിടെ, ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സഹോദരിയോടൊപ്പം പ്രധാനമന്ത്രി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അവര്‍ ഒരു പ്രസംഗം റെക്കോഡ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ 91 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളില്‍ സംഘര്‍ഷമുണ്ടായി.

ധാക്കയിലെ മെഡിക്കല്‍ കോളേജും ആക്രമണത്തിനിരയായി. അവാമി ലീഗ് പാര്‍ട്ടിയുടെ ഒട്ടേറെ ഓഫീസുകളും തകര്‍ത്തു. പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. രാജ്യ വ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും നിരോധിച്ചു.

‘സ്റ്റുഡന്റ്‌സ് എഗെയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍’ എന്ന സംഘടനയാണ് സര്‍ക്കാരിനെതിരേ നിസ്സഹകരണ സമരം തുടങ്ങിയത്. ഫാക്ടറികളും പൊതുഗതാഗതവും നിര്‍ത്തിവെക്കാനും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.