Tue. Sep 17th, 2024

 

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് റിയാലിറ്റി ഷോ താരവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താത്പര്യമില്ലെന്ന് പറയുന്ന പോസ്റ്റാണ് അഖില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിയ്ക്കാണെന്ന് അഖില്‍ ആരോപിച്ചു.

പിണറായി വിജയന്‍ ദുരന്തങ്ങളില്‍ കേരളത്തെ രക്ഷിച്ച ജനനായകനല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖില്‍ തന്റെ പോസ്റ്റിലൂടെ പരിഹസിച്ചു.

താന്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

തനിക്ക് സിപിഐഎം അനുഭാവികളില്‍ നിന്ന് നിരവധി മോശം കമന്റുകള്‍ നേരിടേണ്ടി വന്നതായി അദ്ദേഹം സൂചിപ്പിച്ചു.

കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാള്‍ വാഴട്ടേയെന്ന് ഫേസ്ബുക്കിലൂടെ തന്നെ അഖില്‍ പ്രതികരിച്ചു. സിനിമാ നടന്‍മാരും മറ്റ് സെലിബ്രിറ്റികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നല്‍കുന്നതിനേയും അഖില്‍ പരിഹസിച്ചു.

സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ പ്രചരണത്തിനു ബിജെപി മീഡിയ വിഭാഗം മുന്‍ കോ-കണ്‍വീനര്‍ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജില്‍ ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി.