Sat. Sep 14th, 2024

 

കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ പങ്കാളികളായവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയിരുന്ന നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുര അടച്ചുപൂട്ടി.

ഡിഐജി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടി വന്നതെന്ന് വൈറ്റ്ഗാര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ തീരുമാനമാണെന്നാണ് ഡിഐജി അറിയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.

ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസുകാര്‍, വോളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൃതദേഹം തിരയുന്ന ബന്ധുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകര്‍ ഊട്ടുപുരയ്ക്ക് മുന്നില്‍ ഫ്‌ലക്‌സ് കെട്ടിയിട്ടുണ്ട്.

‘പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാള്‍ നിങ്ങളുടെ ദുഖത്തില്‍ പങ്കുചേരാനും നിങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആഹാരം നല്‍കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗര്‍ഭാഗ്യവശാല്‍ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ല എന്നും ബഹുമാനപ്പെട്ട ഡിഐജി തോംസണ്‍ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങള്‍ ഈ സേവനം അവസാനിപ്പിക്കുകയാണ്’, വൈറ്റ്ഗാര്‍ഡ് പറയുന്നു.

സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്തെത്തി. ജൂലൈ 31ന് രാവിലെ മുതല്‍ പാചകം ആരംഭിക്കുകയും ഇന്നു വരെ മൂന്ന് നേരം സൗജന്യമായി ഭക്ഷണം വിളമ്പുകയും ചെയ്ത ഊട്ടുപുരയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ ഡിഐജി തോംസണ്‍ ജോസ് വന്ന് നിര്‍ത്താന്‍ പറഞ്ഞതെന്ന് പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഊട്ടുപുരയുണ്ടായിരുന്നതിനാല്‍ ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടിരുന്നില്ല. ഒട്ടേറെ പേര്‍ക്ക് സൗജന്യമായി നല്‍കിയ ഭക്ഷണ വിതരണം നിര്‍ത്തിച്ചത് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ’, പികെ ഫിറോസ് പറഞ്ഞു.

അതേസമയം, ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നേരിട്ട് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

‘പട്ടാളക്കാര്‍ ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. എന്തെങ്കിലും പ്രയാസം വന്നാല്‍ അത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അവിടുത്തെ പോളിടെക്നിക്കില്‍ സര്‍ക്കാര്‍ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്’, മന്ത്രി വ്യക്തമാക്കി.

‘ആളുകള്‍ നല്ല മനസോടെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഗുണമേന്മ പ്രധാനമാണ്. ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണമൊക്കെ മോശമാണന്നല്ല പറഞ്ഞത്, പട്ടാളക്കാര്‍ ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്, എന്തെങ്കിലും പ്രയാസം വന്നാല്‍ അത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവിടുത്തെ പോളിടെക്നിക്കില്‍ സര്‍ക്കാര്‍ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

ഫുഡ് സേഫ്റ്റി ഓഫീസര്‍ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നത്. ഹോട്ടല്‍ അസോസിയേഷന്റെ സഹായത്താലാണ് ഇത് എല്ലായിടത്തും വിതരണം ചെയ്യുന്നത്. ഇതൊരു സംവിധാനമാണ്. എന്നാല്‍ പലരും ഭക്ഷണം ഉണ്ടാക്കിനല്‍കുന്നുണ്ട്. അങ്ങനെയുണ്ടാക്കേണ്ടിവരേണ്ടെന്ന് രണ്ട് ദിവസം മുമ്പ് കലക്ടര്‍ പറഞ്ഞിരുന്നു’, മന്ത്രി പറഞ്ഞു.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജൂലൈ 30 ന് വൈകുന്നേരം മേപ്പാടിയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം വൈറ്റ് ഗാര്‍ഡിന്റെ അടിയന്തിര യോഗത്തിലിരിക്കുമ്പോഴാണ് നരിപ്പറ്റയില്‍ നിന്ന് ഖമറും റഫീഖും വന്ന് പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ഭക്ഷണം തയ്യാറാക്കി നല്‍കാമെന്നറിയിക്കുന്നത്. ഉടനെ തന്നെ പാചകം ചെയ്യുന്നതിനുള്ള സ്ഥലവും പ്രദേശത്തെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ സഹായത്തിനായും ഏര്‍പ്പാട് ചെയ്തു.

ജൂലൈ 31ന് രാവിലെ തന്നെ അവര്‍ പാചകം ആരംഭിച്ചു. ഇന്ന് വരെ മൂന്ന് നേരം അവര്‍ ഭക്ഷണം വിളമ്പി. രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികര്‍, പോലീസുകാര്‍, വോളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൃതദേഹം തെരയുന്ന ബന്ധുക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും അവര്‍ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തു.

ദിവസം എണ്ണായിരത്തോളം ഭക്ഷണമാണ് അവര്‍ വെച്ച് വിളമ്പിയത്. സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് പലരും എന്നെ വിളിച്ച വിവരം അറിയിച്ചപ്പോള്‍ ഒന്നും വേണ്ടെന്നാണ് അവരെന്നോട് പറഞ്ഞത്. ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടില്ല.

നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗിനെ കുറിച്ച്, വൈറ്റ് ഗാര്‍ഡിന്റെ പാചകപ്പുരയെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കി. എല്ലാവരും നല്ലത് പറഞ്ഞു.

എന്നാലിന്ന് വൈകുന്നേരത്തോടെ ഡിഐജി തോംസണ്‍ ജോസ് വന്ന് പാചകപ്പുര നിര്‍ത്താന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനമാണെന്ന് പറഞ്ഞു. ചോദ്യം ചെയ്ത സംഘാടകരെ ഭീഷണിപ്പെടുത്തി. സങ്കടത്തോടെ അവരിന്നാ ഭക്ഷണ വിതരണം നിര്‍ത്തി.

വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് വരെ സര്‍ക്കാറിനെതിരെ ഒരക്ഷരം ഞങ്ങളാരും പറഞ്ഞിട്ടില്ല. പരാതികളില്ലാത്തത് കൊണ്ടല്ല. ദുരന്തമുഖത്ത് ചേര്‍ന്ന് നില്‍ക്കുക എന്നത് പാര്‍ട്ടിയുടെ നിലപാടായത് കൊണ്ടാണ്.

എന്നാലിപ്പോള്‍ ഒട്ടേറെ പേര്‍ക്ക് സൗജന്യമായി നല്‍കിയ ഭക്ഷണ വിതരണം നിര്‍ത്തിച്ചത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ.