Sat. Jan 18th, 2025

 

പാരീസ്: ഷൂട്ടൗട്ടില്‍ ഗ്രേറ്റ് ബ്രിട്ടനെ തകര്‍ത്ത് പാരീസ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കളിയുടെ ഭൂരിഭാഗം സമയവും പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യ വിജയിച്ചു കയറി.

മുഴുവന്‍ സമയത്ത് 1-1 ന് സമനിലയില്‍ പിരിഞ്ഞ പോരാട്ടം ഷൂട്ടൗട്ടിലാണ് ഇന്ത്യ പിടിച്ചത്. അത്യുഗ്രന്‍ സേവുമായി മലയാളി താരം പിആര്‍ ശ്രീജേഷ് ഇന്ത്യയുടെ വീരനായകനായി. ഷൂട്ടൗട്ടില്‍ രണ്ട് ശ്രമങ്ങള്‍ ബ്രിട്ടന്‍ പാഴാക്കി. നാല് ഷോട്ടുകളും വലയിലെത്തിച്ചാണ് ഇന്ത്യ ഐതിഹാസിക വിജയം കുറിച്ചത്.

ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിങ്ങാണ് മുഴുവന്‍ സമയത്ത് ഇന്ത്യക്കായി വലകുലുക്കിയത്. മത്സരത്തിന്റെ 17ാം മിനിറ്റില്‍ അമിത് രോഹിദാസ് ഇന്ത്യന്‍ നിരയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഷൂട്ടൗട്ടില്‍ ബ്രിട്ടന്‍ ഒരു ഷോട്ട് പുറത്തേക്കടിച്ച് കളഞ്ഞപ്പോള്‍ മറ്റൊന്ന് ശ്രീജേഷ് അവിശ്വസനീയമായി തട്ടിയകറ്റുകയായിരുന്നു

സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്നറിയാന്‍ ജര്‍മനി-അര്‍ജന്റീന ക്വാര്‍ട്ടര്‍ പോരാട്ടം കഴിയുന്നത് വരെ കാത്തിരിക്കണം. ഓഗസ്റ്റ് ആറിനാണ് സെമി ഫൈനല്‍. ഒരു ജയം അകലെ 13-ാം ഒളിമ്പിക്‌സ് മെഡലാണ് ഇന്ത്യന്‍ ഹോക്കി ടീമിനെ കാത്തിരിക്കുന്നത്.