മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ചാലിയാറിലും ഉള്‍വനത്തിലുമായി സമാന്തര തിരച്ചില്‍ ആരംഭിച്ചു. പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളിലായി ആയിരകണക്കിനാളുകളെ അണിനിരത്തി നിര്‍ണായക തിരച്ചിലാണ് ആരംഭിച്ചത്.
പൊലീസ്, വനംവകുപ്പ്, ആരോഗ്യ പ്രവര്‍ത്തകര്‍, പോത്തുകല്‍ പഞ്ചായത്ത് അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രണ്ടുസംഘമായാണ് തിരച്ചില്‍ നടക്കുക. ഒരോ ടീമിലും സിഐ റാങ്കിലുള്ള പൊലീസുകാര്‍ നേതൃത്വം നല്‍കാനുണ്ടാകും.
ഒരു സംഘം കുമ്പളപാറ വഴി ഉള്‍വനത്തിലേക്കും മറ്റൊരുസംഘം തലപ്പാലി വഴി ചാലിയാര്‍ പുഴയിലുമായി തിരച്ചില്‍ നടത്തും. ഇന്ന് ഇരു ടീമുകള്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന പരമാവധി ദൂരത്തില്‍ തിരച്ചില്‍ നടത്തും.
വനമേഖലയിലുള്ള തിരച്ചിലിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദേശം നല്‍കാനുണ്ടാകും. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, ബോട്ടുകള്‍ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും.
അതേസമയം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ആറാം ദിവസത്തെ തിരച്ചില്‍ ആരംഭിച്ചു. 1264 പേര്‍ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.
പുഞ്ചിരിമട്ടത്ത് ആദ്യമായി മണ്ണുമാന്തി യന്ത്രം എത്തിച്ചുള്ള തിരച്ചിലും ആരംഭിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും.
ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. അതേസമയം, ഇന്നലെ തിരച്ചിലിന് തമിഴ്‌നാടിന്റെ ഫയര്‍ഫോഴ്‌സ് ഡോഗ് സ്‌ക്വാഡിന്റെ സഹകരണം കൂടി ലഭിച്ചിരുന്നു.