കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പേരില്‍ ചിലര്‍ പണപ്പിരിവ് നടത്തുന്നുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഭക്ഷണം കൊടുക്കുന്നതിന്റെ പേരില്‍ ചിലര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നൂവെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും മഹാഭൂരിപക്ഷം ആത്മാര്‍ഥമായി ഇടപെടുമ്പോള്‍ ചെറുന്യൂനപക്ഷം ഇത്തരമൊരു പോരായ്മ വരുത്തുന്നത് പ്രയാസകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘വോളണ്ടിയര്‍മാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിയന്ത്രണം ആവശ്യമാണ്. ഭക്ഷണം വളരെ മാന്യമായി പാകം ചെയ്ത് നല്‍കുന്നുണ്ട്. എന്നാല്‍ രക്ഷാദൗത്യത്തിലുള്ള ചില ആളുകള്‍ക്ക് ഭക്ഷണം കഴിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇത് ശ്രദ്ധയില്‍പ്പെടുത്തി. അതിനാല്‍ ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തണം.
ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്. രക്ഷാദൗത്യം ചെയ്യുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേ പറ്റൂ. ഭക്ഷണം വിതരണം ചെയ്യുന്ന വളണ്ടിയര്‍മാര്‍ അനാവശ്യവിവാദം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതേസമയം, ഇതുവരെ ഭക്ഷണം നല്‍കിയവരുടെ സേവനം വളരെ വലുതാണ്. ഇത്തരം ആളുകളുടെ സഹായം നമുക്ക് വേണം’, മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ പുറത്തുനിന്നടക്കം ചിലര്‍ സ്ഥലം കാണാന്‍ വരുന്നതുപോലെ എത്തുന്നുണ്ടെന്നും ചില ആളുകള്‍ വേറുതേ വന്ന് വീഡിയോ എടുത്ത് ദുരന്ത ടൂറിസമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.