Tue. Oct 8th, 2024

 

ഹൈദരാബാദ്: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് സഹായവുമായി തെലുങ്ക് താരം അല്ലു അര്‍ജുന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നടന്‍ സംഭാവന നല്‍കി. വയനാട്ടില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ താന്‍ അതീവ ദുഖിതനാണെന്ന് അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കേരളം എല്ലായ്പ്പോഴും തനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് 25 ലക്ഷവും നല്‍കിയിരുന്നു.