Sun. Dec 22nd, 2024

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ അനാഥരായ കുട്ടികളെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തുവരുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റുകളായും കമൻ്റുകളായും ഒട്ടറെപ്പേർ എത്തിയിട്ടുണ്ട്. 

ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ പോസ്റ്റിന് കീഴിൽ കുഞ്ഞുങ്ങളെ തരുമോയെന്ന് ചോദിച്ചുകൊണ്ട് നിരവധി കമൻ്റുകൾ വന്നിരുന്നു. എന്നാൽ വിചാരിക്കുന്നത് പോലെ കുട്ടികളെ ദത്തെടുക്കാൻ കഴിയുമോ? എന്താണ് അതിൻ്റെ നടപടിക്രമങ്ങൾ?

മാതാപിതാക്കൾ നഷ്ടപ്പെട്ടതോ കുടുംബക്കാർ ആരും സംരക്ഷിക്കാൻ ഇല്ലാത്തതോ ആയ കുഞ്ഞുങ്ങളെ 2015ലെ കേന്ദ്ര ബാലനീതി നിയമം പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുക. ഇത്തരം കുഞ്ഞുങ്ങളെയാണ് നിയമപരമായ നടപടികളിലൂടെ ഫോസ്റ്റർ കെയറിനും ദത്തെടുക്കലിനും നൽകുന്നത്. CARA (Central Adoption Resource Authority) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുക.

ആർക്കൊക്കെയാണ് കുട്ടികളെ ദത്തെടുക്കാൻ കഴിയുക,

ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ളവരും സാമ്പത്തിക ശേഷിയുള്ളവരും ആരോഗ്യമുള്ളവരും ആയിരിക്കണം.  സ്ത്രീകള്‍ക്ക് ഏതു കുട്ടിയേയും ദത്തെടുക്കാവുന്നതാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടെയും സമ്മതം ദത്തെടുക്കലിനു ആവശ്യമാണ്. വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് മാത്രമേ ദത്തെടുക്കുവാന്‍ സാധിക്കുകയുള്ളൂ. നാല് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ അര്‍ഹതയില്ല. കുട്ടിയും മാതാപിതാക്കളില്‍ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയായിരിക്കരുത്, തുടങ്ങിയവയാണ് ദത്തെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.

ഇന്ത്യയില്‍ താമസിക്കുന്ന ദത്തെടുക്കാന്‍ സന്നദ്ധരായ അപേക്ഷകര്‍ www.cara.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യണം. അതിനുശേഷം രജിസ്റ്റര്‍ ചെയ്ത സ്ലിപ്പുകളുമായി അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തിനെ സമീപിക്കണം. ശേഷം സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ സോഷ്യല്‍ വര്‍ക്കറോ അപേക്ഷകരെക്കുറിച്ചുള്ള പഠനം നടത്തി ഹോം സ്റ്റഡി റിപ്പോര്‍ട്ട് സൈറ്റിലേക്ക് അപ് ലോഡ് ചെയ്യും.