Tue. Nov 5th, 2024

ന്യൂഡൽഹി: ബഹിരാകാശ യാത്രക്ക് തയ്യാറെടുത്ത് ഇന്ത്യക്കാരൻ. ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ ശുഭാന്‍ഷു ശുക്ലയാണ് ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്നത്. ഒക്ടോബറിന് ശേഷം വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ആക്‌സിയം-4 ദൗത്യത്തിലൂടെ ശുഭാന്‍ഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമെന്ന് ഐഎസ്ആര്‍ഒ ഒദ്യോഗികമായി പ്രഖ്യാപിച്ചു.

രണ്ട് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെയാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കായി തിരഞ്ഞെടുത്തത്. അതില്‍ ബാക്കപ്പ് പൈലറ്റായി തിരഞ്ഞെടുത്തിരിക്കുന്നത് മലയാളിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനാണ്. നടി ലെനയുടെ ജീവിത പങ്കാളികൂടിയാണ് പ്രശാന്ത് ബാലകൃഷ്ണൻ. ശുഭാന്‍ഷുവിന് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ പ്രശാന്ത് ബാലകൃഷ്ണനാകും അവസരം ലഭിക്കുക. 

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശ യാത്ര നടത്തുന്നത്.1984 ല്‍ സോവിയറ്റ് യൂണിയൻ്റെ പേടകത്തില്‍ വ്യോമസേന വിങ് കമാന്‍ഡറായിരുന്ന രാകേഷ് ശര്‍മയാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി. ശുഭാന്‍ഷു ശുക്ല, പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് പുറമെ ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ് എന്നിവരെയാണ് മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിനായി ഐഎസ്ആര്‍ഒ തിരഞ്ഞെടുത്തത്.