Sun. Dec 22nd, 2024

കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 316 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 

കാണാതായവരില്‍ 29 കുട്ടികളും ഉള്‍പ്പെടും. 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 105 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചാലിയാറില്‍നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് മുണ്ടക്കൈയില്‍ ഇന്ത്യന്‍ ആര്‍മി നിര്‍മിച്ച ബെയ്‌ലി പാലത്തിലൂടെ പുഴ കടന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാകും. 40 ടീമുകള്‍ ആറ് സോണുകളിലായാണ് പരിശോധന നടത്തുക. തിരച്ചിലിനായി ബെയ്‌ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തിരച്ചില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.