Tue. Nov 5th, 2024

 

മേപ്പാടി: വയനാട് ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ഇന്ന് 40 ടീമുകള്‍ ആറ് സോണുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.

മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തും.

പട്ടാളം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.

1300-ഓളം സേനാം അംഗങ്ങളെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു. കൂടാതെ, മറ്റ് രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ട്. 2000-ത്തിലധികം രക്ഷാപ്രവര്‍ത്തകരും യന്ത്രസാമഗ്രികളും ഉറപ്പാക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

അതേസമയം, ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധമായ നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തും.