Mon. Dec 2nd, 2024

 

കല്‍പ്പറ്റ: വയനാട്ടില്‍ സംഭവിച്ചത് ഭീകരമായ ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടവരെ കണ്ടു. എന്താണ് അവരോട് പറയേണ്ടതെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടിലേത് ദേശീയ ദുരന്തമാണെന്നും തനിക്ക് പിതാവിനെ നഷ്ടപ്പെട്ട അതേ വേദനയാണ് അനുഭവപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനമാണ് ഏറ്റവും പ്രധാനം. അത് ഒത്തൊരുമിച്ച് ചെയ്യണം. പുനരധിവാസ കൃത്യമായി പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയമായ കാര്യങ്ങള്‍ പറയാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

“ദുരന്തത്തിന്‍റെ ദൃശ്യങ്ങൾ എന്‍റെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിച്ചു. ഈ ദുഷ്‌കരമായ സമയത്ത് ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനം, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്”, ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജില്‍ രാഹുല്‍ കുറിച്ചത് ഇങ്ങനെയാണ്.

ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും സാധ്യമായ എല്ലാ പിന്തുണയും നൽകാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഉരുൾപൊട്ടലുകളും പ്രകൃതിക്ഷോഭങ്ങളും ആവർത്തിച്ചുള്ള സംഭവങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ്. സമഗ്രമായ ഒരു കർമപദ്ധതി അടിയന്തരമായി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.